വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലാ സ്വദേശിനിയായ അധ്യാപികയെ വിസിറ്റിങ്ങ് വിസയിൽ ഒമാനിലെത്തിച്ചത് വീട്ടുവേലയ്ക്ക്; തിരികെപോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണി; വീട്ടുതടങ്കലിലാക്കിയ യുവതിയെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് ബന്ധുക്കളുടെ നിവേദനം
പാലാ: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം കൈവശപ്പെടുത്തിയുള്ള തട്ടിപ്പ് വീണ്ടും. പാലാ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ജോലി വാഗ്ദാനംചെയ്ത് പണം കൈവശപ്പെടുത്തിയ ശേഷം യുവതിയെ ഒമാനിൽ വീട്ടുതടങ്കലിലാക്കിയെന്നാണ് പരാതി.
പാലാ ഉള്ളനാട് വടക്കേടത്ത് ഉണ്ണിയുടെ ഭാര്യ രഞ്ജിനി(34) ആണ് ഒമാനിൽ വീട്ടുതടങ്കലിൽ കഴിയുന്നത്. രഞ്ജിനിയുടെ അമ്മ രാമപുരം മരങ്ങാട് നെല്ലിയാനിക്കുന്നേൽ ബീന, മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി.
ഒമാനിൽ റസ്റ്റോറന്റ് നടത്തുന്ന കണ്ണൂറുകാരനായ ജാഫറും സംഘവുമാണ് അദ്ധ്യാപികയുടെ ജോലി വാഗ്ദാനംചെയ്ത് വിസിറ്റിങ് വിസയിൽ രഞ്ജിനിയെ ഒമാനിൽ എത്തിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഒമാനിൽ എത്തിയ രഞ്ജിനിയെ വീട്ടുവേലയ്ക്ക് നിർത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരികെ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി. നാട്ടിൽ പോകണമെങ്കിൽ 40,000 രൂപ വീണ്ടും ആവശ്യപ്പെടുകയുംചെയ്തു. ഈ തുക നൽകിയെങ്കിലും രഞ്ജിനിയെ നാട്ടിൽ എത്തിക്കാതെ ഏജന്റ് മുങ്ങി.
എട്ട് മാസമായി ജോലിചെയ്തിട്ട് ആകെ അയ്യായിരം രൂപയെ നൽകിയുള്ളൂവെന്നും അമ്മ പറയുന്നു. പാലാ ഡിവൈ.എസ്‌പി. ഓഫീസിലും പരാതിനൽകി.