play-sharp-fill
നിർമ്മിച്ചത് പോളിസ്റ്റര്‍ തുണിയിൽ  ; നടുക്ക് വരേണ്ട അശോകചക്രം കാണാന്‍ പോലുമില്ല.! അരികുകള്‍ കീറിപ്പറഞ്ഞ നിലയില്‍; പതാകകള്‍ പിടിപ്പിച്ചിരിക്കുന്നത് കൂള്‍ഡ്രിങ്ക്സ് സ്ട്രോയിലും;   കുടുംബശ്രീ  ദേശീയ പതാക നിർമ്മിച്ചത്  യാതൊരുവിധ നിബന്ധനകളും പാലിക്കാതെ;  വിതരണത്തിനെത്തിക്കുന്നത് ദേശീയപതാകയെ അങ്ങേയറ്റം അപമാനിക്കുന്ന പതാകകള്‍

നിർമ്മിച്ചത് പോളിസ്റ്റര്‍ തുണിയിൽ ; നടുക്ക് വരേണ്ട അശോകചക്രം കാണാന്‍ പോലുമില്ല.! അരികുകള്‍ കീറിപ്പറഞ്ഞ നിലയില്‍; പതാകകള്‍ പിടിപ്പിച്ചിരിക്കുന്നത് കൂള്‍ഡ്രിങ്ക്സ് സ്ട്രോയിലും; കുടുംബശ്രീ ദേശീയ പതാക നിർമ്മിച്ചത് യാതൊരുവിധ നിബന്ധനകളും പാലിക്കാതെ; വിതരണത്തിനെത്തിക്കുന്നത് ദേശീയപതാകയെ അങ്ങേയറ്റം അപമാനിക്കുന്ന പതാകകള്‍


സ്വന്തം ലേഖിക

തിരുവനന്തപുരം :കുടുംബശ്രീ നിര്‍മ്മിച്ച്‌ വിതരണത്തിനെത്തിക്കുന്നത് ദേശീയപതാകയെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലുള്ള പതാകകള്‍.
വിതരണത്തിനായി സ്കൂളുകളില്‍ എത്തിച്ച പതാകകളിലെ പോരായ്മകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൃത്യമായ അളവിലല്ലാത്ത ദേശീയ പതാക നിര്‍മ്മിക്കുമ്ബോള്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന യാതൊരുവിധ നിബന്ധനകളും പാലിക്കാത്ത തരത്തിലുള്ളവയാണ് കുടുംബശ്രീ വിതരണത്തിനെത്തിച്ച പതാകകള്‍.

20, 25, 30, 40 എന്നിങ്ങനെയാണ് പതാകകളുടെ വില. ഇതില്‍ 20, 25 രൂപയ്ക്ക് വില്‍ക്കുന്ന പതാകകള്‍ നിര്‍മ്മിച്ചിരിക്കുന്നത് പോളിസ്റ്റര്‍ തുണി ഉപയോഗിച്ചാണ്. ഈ പതാകകളില്‍ ഘടിപ്പിച്ചിരിക്കുന്നത് കൂള്‍ഡ്രിങ്ക്സ് സ്ട്രോകളുമാണ്. ഇത്തരത്തിലുള്ള പതാകകളിലാണ് ഗുരുതരമായ പ്രശ്നങ്ങള്‍ കാണപ്പെട്ടത്. വില്പനയ്ക്ക് എത്തിച്ച പല പതാകകളുടെയും അരികുകള്‍ കീറിപ്പറഞ്ഞ നിലയിലുമാണ്. പതാകകളുടെ നടുക്ക് വരേണ്ട അശോകചക്രം പലതിലും കാണാനുമില്ല. അശോകചക്രമുള്ള പതാകകളില്‍ അത് മാഞ്ഞുപോയ രീതിയിലുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാതന്ത്ര്യത്തിന്‍്റെ 75-ാം വാര്‍ഷികാഘോഷത്തിനായി ആരംഭിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ”യുടെ ഭാഗമായി വീടുകളിലുയര്‍ത്തുന്ന ദേശീയ പതാകകള്‍ കുടുംബശ്രീ നിര്‍മ്മിച്ച്‌ സ്കൂളുകള്‍ വഴി വിതരണം ചെയ്യുന്നമെന്ന അറിയിപ്പ് നേരത്തെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്നതിനായി സ്കൂള്‍ കുട്ടികള്‍ക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ദേശീയ പതാക വിതരണം ചെയ്യുന്നതിന് കുടുംബശ്രീയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന ഉത്തരവ് ഇതോടെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് സ്കൂളുകളെയാണ്.

ഇത്തരത്തിലുള്ള പതാകകള്‍ എങ്ങനെ കുട്ടികള്‍ക്ക് നല്‍കുമെന്ന് അറിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് സ്കൂള്‍ അധികൃതര്‍. തുകകള്‍ കുട്ടികളുടെ കയ്യില്‍ നിന്നും വാങ്ങി അതിനനുസരിച്ചുള്ള പതാകകള്‍ വിതരണം ചെയ്യണമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇത്രയും മോശമായ പതാകകള്‍ എങ്ങനെ കുട്ടികള്‍ക്കും നല്‍കും എന്നറിയാതെ വിഷമിക്കുകയാണ് അധ്യാപകര്‍. പതാകകള്‍ മാറ്റി നല്‍കണമെന്ന് കുടുംബശ്രീയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ പതാകകള്‍ കുട്ടികളെ ഏല്‍പ്പിച്ചാല്‍ രക്ഷകര്‍ത്താക്കളില്‍ നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നുറപ്പാണെന്നും അധ്യാപകര്‍ പറയുന്നു. ദേശീയ പതാക നിര്‍മ്മിക്കുമ്ബോഴും ഉയര്‍ത്തുമ്ബോഴും ശ്രദ്ധിക്കേണ്ട ഫ്ലാഗ് കോഡുകളുണ്ട്. ഈ പതാകയുടെ നിര്‍മ്മാണത്തില്‍ അത് പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെങ്ങനെയാണ് പതാക ഉയര്‍ത്തുമ്ബോള്‍ പാലിക്കാന്‍ കഴിയുകയെന്നും അധ്യാപകര്‍ ചോദിക്കുന്നു.

ഈ അവസാനനിമിഷത്തില്‍ എന്ത് ചെയ്യണമെന്നുള്ള അങ്കലാപ്പിലാണ് സ്കൂളുകളിലെ അധ്യാപകര്‍. പോസ്റ്റ് ഓഫീസ് വഴി വിതരണം ചെയ്യുന്ന പതാകകള്‍ വാങ്ങുവാന്‍ ചില അധ്യാപകര്‍ ഇതിനിടയില്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ആ പതാകകള്‍ വിറ്റു പോയതിനാല്‍ അതിനു കഴിഞ്ഞില്ല. പതാകകള്‍ ആവശ്യപ്പെടുന്ന കുട്ടികള്‍ക്ക് എങ്ങനെ അത് കൈമാറുമെന്നറിയാതെ വിഷമിക്കുകയാണ് സ്കൂള്‍ അധികൃതര്‍. കുടുംബശ്രീ എത്തിച്ച പതാകകള്‍ കുട്ടികള്‍ക്ക് നല്‍കിയാല്‍ തീര്‍ച്ചയായും രക്ഷകര്‍ത്താക്കളുടെ ഭാഗത്തുനിന്നും പരാതികള്‍ ഉണ്ടാകുമെന്നും അധ്യാപകര്‍ കരുതുന്നു. അത് സാഹചര്യങ്ങള്‍ ഇതിനേക്കാള്‍ വളരെ മോശമാക്കി മാറ്റും. മറ്റെവിടെ നിന്നെങ്കിലും ദേശീയപതാകകള്‍ വാങ്ങി കുട്ടികള്‍ക്ക് നല്‍കാം എന്നുവച്ചാല്‍ ഈ അവസാന നിമിഷത്തില്‍ ഒരു സ്ഥലത്തും അത് കിട്ടാനുമില്ലാത്ത അവസ്ഥയിലാണെന്നും അധ്യാപകര്‍ പറയുന്നു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ 4000 ത്തോളം തയ്യല്‍ യൂണിറ്റുകള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ യൂണിറ്റുകള്‍ മുഖേന ആവശ്യാനുസരണം ദേശീയ പതാക നിര്‍മ്മിച്ചു നല്‍കുന്നതാണെന്ന ഉത്തരവാണ് നേരത്തെ പുറപ്പെടുവിച്ചിരുന്നത്. മാത്രമല്ല ദേശീയ പതാകയുടെ അളവ്, വില, മെറ്റീരിയല്‍ എന്നിവ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ തന്നെ പുറത്തു വിട്ടിരുന്നു.

ജില്ലാ തലത്തില്‍ ആവശ്യമായ പതാകയുടെ എണ്ണം, വലിപ്പം എന്നിവ സംബന്ധിച്ച വിശദ വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജൂലൈ 20 തീയതിയ്ക്ക് മുമ്ബ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായിരുന്നു. ഓര്‍ഡര്‍ നല്‍കി 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ ദേശീയ പതാക വിതരണം പൂര്‍ത്തിയാക്കുന്നതായിരിക്കുമെന്നും ദേശീയ പതാക നിര്‍മ്മിച്ച്‌ കൈമാറുന്ന മുറക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ഫണ്ട് കെെമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം ‘ഹര്‍ ഘര്‍ തിരംഗ”യുടെ ഭാഗമായി വീടുകളില്‍ ഉയര്‍ത്തുന്ന ദേശീയ പതാകകള്‍ രാത്രിയില്‍ താഴ്‌ത്തേണ്ടതില്ലെന്ന ഉത്തരവ് പുറത്തിറങ്ങി. വീടുകള്‍,​ സര്‍ക്കാര്‍ – പൊതുമേഖലാ – സ്വയംഭരണ സ്ഥാപനങ്ങള്‍,​ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 15 വരെയാണ് പതാക ഉയര്‍ത്തുന്നത്. സര്‍ക്കാര്‍ – പൊതുമേഖലാ- സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാര്‍ വസതികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിപി ജോയി വ്യക്തമാക്കി.

ഫ്ളാഗ് കോഡിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോട്ടണ്‍, പോളിസ്റ്റര്‍, കമ്ബിളി, സില്‍ക്ക്, ഖാദി തുണി എന്നിവയില്‍ കൈകൊണ്ടു നൂല്‍ക്കുന്നതോ നെ‌യ്‌തതോ മെഷീനില്‍ നിര്‍മ്മിച്ചതോ ആയ പതാക ഉപയോഗിക്കണമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ആ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് സ്കൂളുകളിലെ ലക്ഷക്കണക്കിന് കുട്ടികളില്‍ വികൃതമായ ദേശീയപതാകകള്‍ എത്തുന്നത്.

കെട്ടിടങ്ങളുടെ മുന്‍വശത്തോ ജനല്‍പ്പാളിയിലോ ബാല്‍ക്കണിയിലോ തിരശ്ചീനമായി പതാക പ്രദര്‍ശിപ്പിക്കുമ്ബോള്‍ സാഫ്രോണ്‍ ബാന്‍ഡ് ദണ്ഡിന്റെ അറ്റത്ത് വരത്തക്കവിധം കെട്ടണം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ തുടങ്ങി ഫ്ളാഗ് കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടെ വാഹനത്തില്‍ മാത്രമേ പതാക വയ്‌ക്കാവു. പതാകയെ ആദരിക്കണം പതാക ദീര്‍ഘചതുരാകൃതിയിലായിരിക്കണം ഏതു വലുപ്പമായാലും പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലോ സമീപത്തോ സ്ഥാപിക്കരുത്. പതാക ആദരവോടെയും വ്യക്തതയോടെയും സ്ഥാപിക്കണം. കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്തരുത്. പതാക തലതിരിഞ്ഞ രീതിയില്‍ പ്രദര്‍ശിപ്പിക്കരുത് തോരണം, റോസെറ്റ് തുടങ്ങിയ അലങ്കാര രൂപത്തില്‍ ഉപയോഗിക്കരുത് പതാക നിലത്ത് തൊടരുത് പതാകയില്‍ എഴുത്തുകള്‍ പാടില്ല- എന്നിങ്ങനെ ദേശീയപതാകയെ അവമതിക്കുന്ന യാതൊരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നിരിക്കേയാണ് സ്വാതന്ത്ര്യദിനത്തേയും ദേശീയ പതാകയേയും അപമാനിക്കാനുള്ള വഴിയൊരുക്കി കുടുംബശ്രീ രംഗത്തെത്തിയിരിക്കുന്നത്.