അഞ്ചിൽ നാലിലും ബിജെപി തേരോട്ടം; ചരിത്രം തിരുത്തിക്കുറിച്ച് ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണ തുടർച്ച; മണിപ്പൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ ബിജെപി; യുപിയിൽ നിന്ന് ഡൽഹിയിലേക്കുള്ള വഴിവെട്ടി യോഗിയും; ഗോവയിലും ബിജെപി തരംഗം; പഞ്ചാബ് പിടിച്ചെടുത്ത് ആം ആദ്മി; തകർന്നടിഞ്ഞ് കോൺഗ്രസ്
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപിയുടെ തേരോട്ടം.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് ബിജെപി വ്യക്തമായ ലീഡ് നേടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചാബില്‍ ആം ആദ്‌മി പാര്‍ട്ടിയാണ് മുന്നേറുന്നത്. കൈയിലിരുന്ന പഞ്ചാബ് കൂടി പോയതോടെ തീരെ ഏറെ ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ഉത്തര്‍പ്രദേശിലെ മായാവതിയുടെ ബി എസ് പി ഇപ്പോഴും ഒറ്റ അക്കത്തില്‍ തന്നെയാണ്. അധികാരം തിരിച്ചുപിടിക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ബി എസ് പി നടത്തിയത്.
ഉത്തര്‍പ്രദേശില്‍ വ്യക്തമായ ലീഡ് നിലയോടെ ബി ജെ പി മുന്നേറുകയാണ്. ഒടുവില്‍ റിപ്പോര്‍ട്ടുകിട്ടുമ്പോള്‍ 274 സീറ്റുകളിലാണ് പാര്‍ട്ടി ലീഡ് നിലനിറുത്തുന്നത്. കോണ്‍ഗ്രസ്, കര്‍ഷക സമര ശക്തികേന്ദ്രങ്ങളും ഇതില്‍പ്പെടും. മുഖ്യമന്ത്രി യോഗി ഉള്‍പ്പടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുകയാണ്.
118 സീറ്റുകളിലാണ് എസ് പി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ആറിടത്തും ബി എസ് പി ഏഴിടത്തും മാത്രമാണ് മുന്നേറുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസ് അമ്പേ തകര്‍ന്നടിഞ്ഞു. ആപ്പിന്റെ(എ എ പി ) തേരോട്ടത്തിന് മുന്നില്‍ ബിജെപിയുടെയും ശിരോമണി അകാലിദളിന്റെയും അവസ്ഥ ഇതു തന്നെയാണ്. നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണ്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അമരീന്ദര്‍ സിംഗിന് പട്യാലയില്‍ ദയനീയപരാജയമാണ്. പട്യാല സീറ്റിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എഎപിയുടെ അജിത്ത് പാല്‍ സിംഗാണ് ഇവിടെ വിജയിച്ചത്. അമൃത്സര്‍ ഈസ്റ്റില്‍ മത്സരിച്ച പഞ്ചാബ് പിസിസി അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനും പരാജയമാണ്. സിദ്ദു മൂന്നാം സ്ഥാനത്തേക്കാണ് ഇവിടെ പിന്തള്ളപ്പെട്ടത്. എഎപിയുടെ ജീവന്‍ ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. ഒടുവില്‍ റിപ്പോര്‍ട്ടു കിട്ടുമ്പോള്‍ എ എ പി-89, കോണ്‍ഗ്രസ്-15, ബി ജെ പി-4,എസ് എ ഡി-8 എന്നിങ്ങനെയാണ് ലീഡ് നില.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഉത്തരാഖണ്ഡില്‍ ബിജെപിയ്ക്ക് ലീഡ്. 44 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 22 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നിലുള്ളത്. മറ്റുള്ളവര്‍ നാല് സീറ്റില്‍ ലീഡ് ചെയ്യുന്നു. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നായിരുന്നു ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചിരുന്നത്. സംസ്ഥാനത്തെ ആദ്യ ഫലസൂചനകള്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ ബിജെപിക്കായിരുന്നു മുന്‍തൂക്കം. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ ഒരു സീറ്റില്‍ ലീഡ് നേടിയിരുന്ന ആംആദ്മിയ്ക്ക് ഇപ്പോള്‍ ഒരിടത്തും ലീഡില്ല. സംസ്ഥാനത്ത് ആം ആദ്മിക്ക് ഒരു സീറ്റ് ലഭിക്കുമെന്നാണ് സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഒരവസരം തരൂ എന്ന മുദ്രാവാക്യമാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ എഎപി ഉയര്‍ത്തിപ്പിടിച്ചത്.
മണിപ്പൂരില്‍ 60 സീറ്റില്‍ 28 ഇടത്തും ലീഡ് ചെയ്തുകൊണ്ട് ഏറ്റവും വലിയ ഒറ്റ കക്ഷിയാവാനൊരുങ്ങി ബിജെപി. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോഴും കോണ്‍ഗ്രസിന് 2017ല്‍ നേടിയ സീറ്റുകളുടെ എണ്ണത്തിന്റെ പകുതിയില്‍ പോലും ലീഡ് പിടിക്കാനായിട്ടില്ല. ആകെ ഏഴിടത്തു മാത്രമാണ് കോണ്‍ഗ്രസിന് ലീഡ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) പതിമൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.
വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ ഗോവയില്‍ ഭരണത്തുടര്‍ച്ചയ്ക്കൊരുങ്ങി ബി ജെ പി. 17സീറ്റുകളിലായി ബി ജെ പി ലീഡ് ചെയ്യുകയാണ്. പന്ത്രണ്ട് സീറ്റുകളിലായി കോണ്‍ഗ്രസ് പിന്നാലെയുണ്ട്. തൃണമൂല്‍ നാലിടത്തും എ എ പി രണ്ടിടത്തും ലീഡുചെയ്യുന്നുണ്ട്. 40 നിയമസഭാ സീറ്റുകളിലായി 332 സ്ഥാനാര്‍ത്ഥികളാണ് അങ്കം കുറിക്കുന്നത്.