play-sharp-fill
അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് മത്സരം കാണേണ്ടത് അനിവാര്യമായി തോന്നുന്നു; അതിനു വേണ്ടി നാളെ മൂന്നു മണിക്ക് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്‌കൂള്‍ വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു; വൈറലായി കോഴിക്കോട് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കത്ത്

അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് മത്സരം കാണേണ്ടത് അനിവാര്യമായി തോന്നുന്നു; അതിനു വേണ്ടി നാളെ മൂന്നു മണിക്ക് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്‌കൂള്‍ വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു; വൈറലായി കോഴിക്കോട് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കത്ത്

സ്വന്തം ലേഖകന്‍

കോഴിക്കോട്: മലയാളിയുടെ ഫുട്‌ബോള്‍ കമ്പം ഏഴുകടലുകളും കടന്ന് അങ്ങ് അര്‍ജന്റീനയിലെത്തിയിട്ട് കാലം കുറെയായി. അര്‍ജന്റീനയില്‍ അര്‍ജന്റീനയ്ക്കുള്ളതുപോലെ തന്നെ ഇങ്ങ് കേരളത്തിലും കട്ട ഫാന്‍സുണ്ട്, ചങ്ക് പറിച്ചു കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന വിവിധ പ്രായക്കാരായ കട്ട ഫാന്‍സുകാര്‍. ലോകകപ്പില്‍ അര്‍ജന്റീനയുടെ കളി അപ്പോള്‍ അവര്‍ക്കെങ്ങനെ മിസ്സാക്കാന്‍ പറ്റും? അതുകൊണ്ടാണ്‌ലകോഴിക്കോട് നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഹൃദയവികാരം നിവേദനത്തിന്റെ രൂപത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയത്.

കാല്‍പ്പന്തുകളിയുടെ തമ്പുരാക്കന്മാരാണ് അര്‍ജന്റീന എന്ന ലാറ്റിനമേരിക്കന്‍ രാജ്യം. ലോക ഫുട്‌ബോളിന്റെ അവസാന വാക്കുകള്‍ മലയാളിക്കെന്നും അര്‍ജന്റീനയും ബ്രസീലുമാണ്,അതിപ്പോള്‍ അവര്‍ ലോകകപ്പ് ജയിച്ചാലും ഇല്ലെങ്കിലും. ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും അര്‍ജന്റീന എന്ന അഞ്ചക്ഷരങ്ങള്‍ മലയാളിക്ക് ഹൃദയ വികാരമാണ്, എന്നും എപ്പോഴും.കേരളത്തിലെമ്പാടും ലോകകപ്പോ,കോപ്പ അമേരിക്കയോ വന്നാല്‍ അര്‍ജന്റീനയുടെ, വിശിഷ്യാ ലോക ഫുട്‌ബോളില്‍ ഉയിര്‍പ്പിന്റെ അടയാളപ്പെടുത്തലായി അവരോധിതനായ റൊസാരിയോ തെരുവിന്റെ മിശിഹായെന്ന മെസ്സിയുടെ പടുകൂറ്റന്‍ കട്ടൗട്ടുകള്‍ക്കും ഫ്‌ലെക്‌സുകള്‍ക്കും ബാനറുകള്‍ക്കും കൊടിതോരണങ്ങള്‍ക്കുമൊന്നും ഒരു പഞ്ഞവുമുണ്ടാകില്ല.അത്രയ്ക്കാണ് മലയാളിയും മെസ്സിയും അര്‍ജന്റീനയും തമ്മിലുള്ള ഹൃദയബന്ധം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഖത്തറില്‍ ലോകകപ്പ് ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തിന് അര്‍ജന്റീന ഇറങ്ങുകയാണ്,ഏഷ്യന്‍ രാജ്യമായ സൗദി അറേബ്യ ആണ് എതിരാളികള്‍.എതിരാളികള്‍ അത്ര ശക്തരല്ലെങ്കിലും തങ്ങളുടെ സ്വന്തം ആകാശ നീലപ്പട ലുസൈല്‍ സ്റ്റേഡിയത്തില്‍ നീലാകാശത്തില്‍ മഴവില്‍ ചാരുത തീര്‍ക്കുന്ന നയന മനോഹര കാഴ്ച എങ്ങനെ ആരാധകര്‍ക്ക് കാണാതിരിക്കാനാകും.കാല്‍പ്പന്തുകളിയുടെ ഒരേയൊരു മിശിഹായെന്ന,ഉടയോനെന്ന,സൗന്ദര്യമെന്ന,മന്ത്രികനെന്ന,മൂര്‍ത്തിമത്ഭാവമെന്ന വിശേഷണങ്ങള്‍ പേറുന്ന സാക്ഷാല്‍ മെസ്സിയും,ഒപ്പം മാലാഖ ഡി മരിയയും,ഡിബാലയും,ലോത്താരോ മാര്‍ട്ടിനെസും,ഡി പോളും,റോഡ്രിഗസും,ഓട്ടമെന്റിയും,റൊമേറോയും,അക്യുനയും ഉള്‍പ്പെടെ തങ്ങളുടെ വില്ലാളി വീരന്മാര്‍ പോര്‍മുഖത്തിറങ്ങി അങ്കക്കലിപൂണ്ട ശരവേഗതയുടെ കൃത്യോല്‍പ്പാദനത്തിലൂടെ തുരുതുരാ വലനിറയ്ക്കുന്നത് കാണാനാവാതിരിക്കുന്നതെങ്ങനെ?പ്രത്യേകിച്ച് അര്‍ജന്റീന എന്ന ഹൃദയവികാരത്തെ നിഷ്‌കളങ്കതയോടെ മനസ്സിലേറ്റിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്.

ഇന്ന് സ്‌കൂള്‍ പ്രവര്‍ത്തിദിനമാണ്,അര്‍ജന്റീന തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കുമാണ്.സ്‌കൂള്‍ വിട്ട് വീട്ടിലെത്തുമ്പോഴേക്കും പലര്‍ക്കും മെസ്സിപ്പടയുടെ മൈതാനത്തെ മായാജാലം മിസ്സാകുമെന്നുറപ്പ്.അപ്പോള്‍ പിന്നെന്തൊരു പോംവഴി?തലപുകഞ്ഞാലോചിച്ച ഏതോ സ്ഥലത്തെ വിദ്യാലയമായ എന്‍.എച്ച്.എസ്.എസ്സിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥികളായ അര്‍ജന്റൈന്‍ കുട്ടിപ്പട്ടാളം ഒരു നിവേദനമങ്ങ് കൊടുത്തു.സ്‌കൂള്‍ അധികൃതര്‍ക്ക് വ്യക്തമായ കാര്യകാരണ സഹിതം.12 കുഞ്ഞാരാധകരുടെ ഒപ്പുകള്‍ സഹിതമുള്ള നിവേദനം ഇങ്ങനെയാണ്.’ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ നാളെ 3.30 ന് അര്‍ജന്റീന സൗദി മത്സരം നടക്കുകയാണ്,അതിനാല്‍ അര്‍ജന്റീനയെ സ്‌നേഹിക്കുന്ന ഞങ്ങള്‍ക്ക് മത്സരം കാണേണ്ടത് അനിവാര്യമായി തോന്നുന്നു. അതിനു വേണ്ടി നാളെ മൂന്നു മണിക്ക് മത്സരം വീക്ഷിക്കാന്‍ വേണ്ടി സ്‌കൂള്‍ വിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’.

അബ്ദുല്‍ നാഫിഹ്,ഷാദില്‍ സിറാജ്,അനുപം,ഇഷാന്‍,മുഹമ്മദ് ആഖിബ്,മുഹമ്മദ് ഷാന്‍,ഐന ബിന്റ് ജയഫര്‍,വൈഷ്ണവി,നാദിയ,നിവേദിത,സംയുക്ത,ഷൈഖ എന്നീ പന്ത്രണ്ട് കുട്ടി ആരാധകരാണ് ഒപ്പു സഹിതം സ്‌കൂള്‍ അധികാരികള്‍ക്ക് നിവേദനം നല്‍കിയത്.എന്തായാലും ഈ നിവേദനം ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുകയാണ്.ആയിരക്കണക്കിന് പേരാണ് ഈ നിവേദന കത്ത് ഷെയര്‍ ചെയ്യുന്നത്.അങ്ങനെ ഏത് നാട്ടിലേതെന്നറിയാത്ത എന്‍.എച്ച്.എസ്.എസ്സിലെ ഒന്‍പതില്‍ പഠിക്കുന്ന പന്ത്രണ്ട് അംഗ അര്‍ജന്റീന ആരാധക സംഘം തങ്ങളുടെ ഖല്‍ബിലെ പെരുത്ത ഇഷ്ടം പറഞ്ഞ വഴി പല്ലാവൂരിലെ പുഴയുടെ നടുവില്‍ സ്ഥാപിച്ച മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് പോലെ അര്‍ജന്റീനയില്‍ വരെ വലിയ വാര്‍ത്തയാകുന്നത് എപ്പോഴെന്നേ ഇനിയറിയേണ്ടതുള്ളൂ,അപ്പോള്‍ ഇങ്ങനെയാണ് ഇങ്ങനൊയൊക്കെ തന്നെയാണ് മലയാളി തന്റെ അര്‍ജന്റൈന്‍ പ്രണയം പ്രത്യേകതകളിലൂടെ പ്രകടിപ്പിക്കുന്നത്, കത്തിലൂടെയായാലും ശരി കട്ടൗട്ടിലൂടെയായാലും ശരി…വാമോസ് അര്‍ജന്റീന..!