play-sharp-fill
ലോകകപ്പിന് ശേഷം ഒളിമ്പിക്‌സിനും ഖത്തര്‍ വേദിയാകും..? 32 കായിക ഇനങ്ങളിലായി 10,500 അത്‌ലറ്റുകള്‍ പങ്കെടുക്കുകയും ദശലക്ഷക്കണക്കിന് കാണികളെത്തുകയും ചെയ്യുന്ന പരിപാടി നടത്താനുള്ള അടിസ്ഥാന സൗകര്യം ചെറിയ രാജ്യത്തിനുണ്ടോയെന്ന ഒളിമ്പിക് കമ്മിറ്റിയുടെ സംശയത്തിന് മറുപടി ഫിഫ ലോകകപ്പ്

ലോകകപ്പിന് ശേഷം ഒളിമ്പിക്‌സിനും ഖത്തര്‍ വേദിയാകും..? 32 കായിക ഇനങ്ങളിലായി 10,500 അത്‌ലറ്റുകള്‍ പങ്കെടുക്കുകയും ദശലക്ഷക്കണക്കിന് കാണികളെത്തുകയും ചെയ്യുന്ന പരിപാടി നടത്താനുള്ള അടിസ്ഥാന സൗകര്യം ചെറിയ രാജ്യത്തിനുണ്ടോയെന്ന ഒളിമ്പിക് കമ്മിറ്റിയുടെ സംശയത്തിന് മറുപടി ഫിഫ ലോകകപ്പ്

സ്വന്തം ലേഖകന്‍

ദോഹ: ലോകത്തിന്റെ പ്രശംസകളേറ്റുവാങ്ങി നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം ഒളിമ്പിക്സും ഖത്തര്‍ ഏറ്റെടുത്തേക്കുമെന്ന് വാര്‍ത്ത. 2036ലെ ശരത്കാല ഒളിമ്പിക്‌സ് നടത്തിപ്പ് രാജ്യം ഏറ്റെടുത്തേക്കുമെന്ന് ദി ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒളിമ്പിക്‌സ് സംഘാടക പദവിക്കായുള്ള ശ്രമം നേരത്തെ മൂന്നു വട്ടം പരാജയപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. 32 കായിക ഇനങ്ങളിലായി 10,500 അത്‌ലറ്റുകള്‍ പങ്കെടുക്കുകയും ദശലക്ഷക്കണക്കിന് കാണികളെത്തുകയും ചെയ്യുന്ന പരിപാടി നടത്താനുള്ള അടിസ്ഥാന സൗകര്യം ഇത്രയും ചെറിയ രാജ്യത്തിനുണ്ടോയെന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സംശയം കൊണ്ടാണ് നേരത്തെ ഖത്തറിന് അവസരം ലഭിക്കാതിരുന്നത്. എന്നാല്‍ ഒരു പ്രധാന നഗരത്തില്‍ തന്നെ ഒന്നിലധികം വേദികളുള്ള ഒളിമ്പിക്‌സ് ശൈലി നടപ്പാക്കാന്‍ ഖത്തറിന് കഴിയുമെന്നതിന് ഈ ലോകകപ്പ് സംഘാടനം സാക്ഷിയാണ്. ഐഒസി ഇക്കാര്യം തിരിച്ചറിയുമെന്ന് ശുഭാപ്തിവിശ്വാസത്തിലാണ് അധികൃതര്‍.

ഒളിമ്പിക്സ് നടത്തിപ്പ് തനിച്ച് തന്നെ ചെയ്യണമെന്ന് ഖത്തര്‍ ആഗ്രഹിക്കുന്നതായാണ് വിവരം. എന്നാല്‍ സൗദി അറേബ്യയുമായി ചേര്‍ന്ന് മിഡില്‍ ഈസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘാടനം ഏറ്റെടുക്കാന്‍ ഒളിമ്പിക് കമ്മിറ്റിയില്‍നിന്ന് തന്നെ സമ്മര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. 2002 മുതല്‍ ഐഒസി അംഗമായ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഈ ലോകകപ്പില്‍ സൗദി പതാകയുമായി പോസ് ചെയ്തത് ശ്രദ്ധേയമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ക്കാലത്ത് ഖത്തറിലുണ്ടാകുന്ന ഉയര്‍ന്ന താപനില കണക്കിലെടുത്ത് പരിപാടി ശരത്കാലത്തേക്ക് മാറ്റേണ്ടി വരും. എന്നാല്‍ ഇത്തരം മാറ്റം ആദ്യമായി സംഭവിക്കുന്നതല്ല. 1964ല്‍ ടോക്കിയോ ഒളിമ്പിക്‌സ് ഒക്ടോബര്‍ 10നും 1988ല്‍ സിയോളിലെയും 2000ല്‍ സിഡ്‌നിയിലെയും ഒളിമ്പിക്സുകള്‍ സെപ്റ്റംബര്‍ പകുതിയോടെയുമാണ് ആരംഭിച്ചിരുന്നത്.

ഫുട്ബോള്‍ ലോകകപ്പ് നടത്തിപ്പില്‍ വിജയം കണ്ട എയര്‍കണ്ടീഷന്‍ ചെയ്ത സ്റ്റേഡിയങ്ങളുടെ ഉപയോഗം മറ്റ് ഔട്ട്ഡോര്‍ വേദികളിലേക്കും വ്യാപിപ്പിക്കാന്‍ ഖത്തര്‍ ശ്രമിക്കും. 2019-ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വനിതാ മാരത്തണില്‍ അര്‍ദ്ധരാത്രിക്ക് മുമ്പ് കോര്‍ണിഷില്‍ ഓട്ടമാരംഭിച്ചിട്ടും ഉയര്‍ന്ന ചൂടും ഈര്‍പ്പവും കാരണം പകുതിയോളം ദൂരം ഉപേക്ഷിച്ചിരുന്നു. അന്ന് വനിതാ മാരത്തണില്‍ സംഭവിച്ച കാര്യങ്ങള്‍ ഒഴിവാക്കാന്‍ ഈ നീക്കം ഉപകരിക്കുമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

സംഘാടന മികവില്‍ ഖത്തറിന് ശുഭാപ്തിവിശ്വാസം ഉണ്ടെങ്കിലും വേറെയും വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കും. ഒളിമ്പിക് കമ്മ്യൂണിറ്റിയില്‍ ഫുട്‌ബോളിനേക്കാള്‍ വളരെ അധികം LGBTQ+ അത്‌ലറ്റുകളുണ്ട്, സ്വവര്‍ഗ്ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കപ്പെടുന്ന രാജ്യത്ത് ഗെയിംസ് അരങ്ങേറുന്നതിനെതിരെ അവര്‍ നിലകൊള്ളാന്‍ സാധ്യതയുണ്ട്.

ഫുട്ബോള്‍ ലോകകപ്പ് നടന്ന സ്റ്റേഡിയങ്ങളില്‍ കാണികള്‍ക്ക് ഖത്തര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ അത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്‌പോണ്‍സര്‍മാരാരെയും ഐഒസി സ്വീകരിക്കാനിടയില്ല. ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് ഖത്തറിന്റെ അപേക്ഷ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ 2036ലെ ഗെയിംസ് എവിടെ നടത്തണമെന്ന് തീരുമാനമെടുക്കുന്നതിന് മുമ്പ്, 2025ല്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.

സമുദ്രനിരപ്പില്‍ നിന്ന് 338 അടി ഉയരമുള്ള ഒരു രാജ്യത്ത് മൗണ്ടന്‍ ബൈക്ക് മത്സരം എങ്ങനെ സംഘടിപ്പിക്കാമെന്നതുള്‍പ്പെടെയുള്ള ചില വെല്ലുവിളികളുണ്ടാകും. എന്നിരുന്നാലും, 2019 ല്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് വേദിയായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമുണ്ടെങ്കിലും ഒരു പുതിയ ഒളിമ്പിക് സ്റ്റേഡിയം നിര്‍മിക്കേണ്ടിവരും. ഖലീഫ സ്റ്റേഡിയത്തില്‍ 45,000ല്‍ കൂടുതല്‍ ശേഷിയുണ്ട്. അതേസമയം, താമസം, ഗതാഗതം, സ്റ്റേഡിയം എന്നിവയില്‍ ഭൂരിഭാഗവും ഇതിനകം തന്നെ നിലവിലുണ്ടെന്നാകും ഖത്തര്‍ വാദിക്കുക. ഖത്തറിന് പുറമേ ഇന്ത്യ, ഇന്തോനേഷ്യ, തുര്‍ക്കി എന്നിവയാണ് 2036 ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മറ്റ് രാജ്യങ്ങള്‍.