play-sharp-fill
വീണ നായർക്ക് ‘ഫൈബ്രോമയാൾജിയ’, മൂന്ന് വർഷത്തിനുശേഷം ആ രോഗം വീണ്ടും തന്നെ പിടികൂടിയെന്ന് താരം ; ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ വീണ

വീണ നായർക്ക് ‘ഫൈബ്രോമയാൾജിയ’, മൂന്ന് വർഷത്തിനുശേഷം ആ രോഗം വീണ്ടും തന്നെ പിടികൂടിയെന്ന് താരം ; ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ വീണ

സ്വന്തം ലേഖകൻ 

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിത്രം പങ്കുവച്ച് നടി വീണ നായർ. മൂന്നുവർഷത്തിനു ശേഷം വീണ്ടും തന്നെ ‘ഫൈബ്രോമയാൾജിയ’ ബാധിച്ചു എന്ന് പറഞ്ഞുകൊണ്ട് വീണയാണ് തന്റെ രോഗ വിവരം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചത്.

‘‘മൂന്ന് വർഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാൾജിയ സ്ഥിരീകരിച്ചു’’ എന്നായിരുന്നു ആശുപത്രിയിലെ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ വ്യത്യസ്തവും സങ്കീര്‍ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം.

പൊതുവേ ശരിയായ രോഗനിര്‍ണയം നടത്താന്‍ വളരെയധികം കാലതാമസം കണ്ടുവരാറുണ്ട്. ആയതുകൊണ്ടുതന്നെ ഈ രോഗികള്‍ വളരെയധികം കാലം വേദന സഹിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. കേരളത്തില്‍ 3- 4% ആളുകളില്‍ ഈ രോഗം കണ്ടുവരുന്നു.

അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം.

സഹപ്രവർത്തകര്‍ ഉൾപ്പടെ നിരവധിപ്പേരാണ് വീണ നായരെ ആശ്വസിപ്പിച്ച് പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. പലരും വേഗം അസുഖം ഭേദമാകട്ടെ എന്നും ചിരിക്കുന്ന വീണയെ വീണ്ടും കാണാനാകട്ടെ എന്നും അഭിപ്രായപ്പെടുന്നു.

മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നായർ. ബിഗ് ബോസ് മലയാളം സീസൺ 2 ലും വീണ മത്സരിച്ചിരുന്നു.

മറ്റു രോഗ ലക്ഷണങ്ങള്‍

ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്‍ക്കുന്നു
ചില പേശികളില്‍ തൊട്ടാല്‍ അതികഠിനമായ വേദനയായി രോഗികള്‍ക്ക് അനുഭവപ്പെടാം.

അകാരണമായ ക്ഷീണമാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷണം. ചിലര്‍ക്ക് ശരീരത്തില്‍ കഴപ്പായോ, പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം.
അകാരണമായ വ്യാകുലത , വിഷാദം  എന്നിവയും ഭൂരിഭാഗം രോഗികളിലും കാണാറുണ്ട്.

ഉറക്കക്കുറവ്, നന്നായി ഉറങ്ങിയാലും രാവിലെ ഉന്മേഷമില്ലായ്മ. ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ട്.

ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കണ്ടുവരുന്ന മറ്റു അനുബന്ധ രോഗങ്ങള്‍

ചെന്നിക്കുത്ത് (Migraine headache).
3ഉം 4ഉം തവണ വയറൊഴിയുക, മലബന്ധം (Irritable Bowel Syndrome – IBS).
വേദനയോടു കൂടിയ ആര്‍ത്തവം.
ദീര്‍ഘകാലം നിലനില്‍ക്കുന്ന അകാരണമായ ക്ഷീണം (Chronic Fatigue Syndrome).
ഇവയില്‍ എല്ലാ ലക്ഷണങ്ങളും ഒരു രോഗിയില്‍ ഉണ്ടാകണമെന്നില്ല.

എന്തുകൊണ്ടാണ് ഫൈബ്രോമയാള്‍ജിയ ഉണ്ടാകുന്നത്?

ഇതിന് ഒരു വ്യക്തമായ കാരണം നിര്‍വ്വചിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തലച്ചോറില്‍ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാര്‍ത്ഥങ്ങളുടെ (ചeuro chemicals) വ്യതിയാനങ്ങള്‍ ഈ രോഗികളില്‍ കണ്ടുവരാറുണ്ട്. അതുപോലെ തന്നെ കേന്ദ്രനാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും പഠനങ്ങളില്‍ വ്യക്തമാണ്.

ചിലര്‍ക്ക് മാനസികമോ ശാരീരികമോ ആയ ഒരു ആഘാതത്തിനു ശേഷം ഇത് കണ്ടു വരാറുണ്ട് (Post traumatic stress disorder). Osteo arthritis, Rheumatoid arthritis (ആമവാതം), SLE, Seronegative spindylo arthritis, Sjogren’s syndrome തുടങ്ങിയ റുമറ്റിക് അസുഖങ്ങളുടെ അനുബന്ധമായി വളരെ സാധാരണമായി ഫൈബ്രോമയാള്‍ജിയ കണ്ടു വരാറുണ്ട് (Secondary Fybromyalgia).

രോഗനിര്‍ണ്ണയം എങ്ങനെ?

പ്രമേഹമോ, അമിത രക്തസമ്മര്‍ദ്ദമോ പോലെ ഒന്നോ രണ്ടോ ടെസ്റ്റില്‍ കണ്ടുപിടിക്കാൻ സാധിക്കുന്ന രോഗമല്ല. ഈ അനവധ്യങ്ങളായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പല ഡോക്ടര്‍മാരെയും കണ്ട് ഒട്ടുമിക്ക ബ്ലഡ് ടെസ്റ്റുകളും സ്കാനിംഗ് റിപ്പോര്‍ട്ടുകളുമായി ആയിരിക്കും ഫൈബ്രോമയാള്‍ജിയ വരാറുള്ളത്. എല്ലാ ടെസ്റ്റുകളും ഇവരില്‍ നോര്‍മല്‍ ആയിരിക്കും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. അതില്‍ പ്രധാനമായും ESR, CRP മുതലായ നീര്‍ക്കെട്ടിനെ കാണിക്കുന്ന ടെസ്റ്റുകള്‍ മിക്ക ഫൈബ്രോമയാള്‍ജിയ രോഗികളിലും നോര്‍മല്‍ ആയിരിക്കും.

ഫൈബ്രോമയാള്‍ജിയ പോലെ തോന്നിപ്പിക്കുന്ന മറ്റു അസുഖങ്ങളായ വിറ്റമിൻ ഡി ഡെഫിഷ്യൻസി, ഓസ്റ്റിയോപോറോസിസ്, ഹൈപ്പോതൈറോയ്ഡിസം, Sjogren’s syndrome മുതലായവ വേര്‍തിരിച്ചറിയാൻ കാല്‍സ്യം, വിറ്റാമിൻ ഡി, ANA test, Thyroid test, Bone scan മുതലായവ ആവശ്യമായി വരാം. സ്കോറിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഫൈബ്രോമയാള്‍ജിയ നിര്‍ണ്ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയും രോഗ ലക്ഷണങ്ങളുടെ തീവ്രതയും അടിസ്ഥാനപ്പെടുത്തിയാണ് സ്കോറിംഗ് നിര്‍ണ്ണയിക്കുന്നത്. ഈ ലക്ഷണങ്ങള്‍ മൂന്നു മാസത്തിലധികം നീണ്ടു നില്‍ക്കുകയും വേണം.

ചികിത്സാ രീതികള്‍

മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കല്‍ തെറാപ്പിയും സമന്വയിപ്പിച്ച ചികിത്സാ രീതിയാണ് ഫൈബ്രോമയാള്‍ജിയക്ക് പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്. ഒരു റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ദൈനംദിന ജീവിതം സുഖകരമാക്കാൻ സാധിക്കുന്ന രീതിയിലേക്ക് രോഗിയെ മാറ്റിയെടുക്കാൻ ഇന്ന് സാദ്ധ്യമാണ്. അടുത്തതായി ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാനം. കൃത്യസമയത്തെ ഉറക്കം, ദിവസേനയുള്ള വ്യായാമം എന്നിവ ശീലമാക്കുക. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, അധിക അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ്, ചുവന്ന മാംസം, കൃത്രിമ മധുരങ്ങള്‍ (Artificial sweetners), അമിതമായ ഉപ്പിന്റെ ഉപയോഗം മുതലായവ എന്നിവ പരമാവധി കുറയ്ക്കാം. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയുള്ള കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ചികിത്സയില്‍ ആവശ്യമായി വരാം.

ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള പൊതുഅവബോധം ഇപ്പോഴും വളരെ കുറവാണ്. അതുകൊണ്ടു തന്നെ വീട്ടുകാരില്‍ നിന്നു രോഗികള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നത് കുറവായാണ് കണ്ടുവരുന്നത്. ഇത് ഈ രോഗികളില്‍ മാനസിക സമ്മര്‍ദ്ദം, വിഷാദം, മുൻകോപം മുതലായ ലക്ഷണങ്ങള്‍ കൂട്ടാനും വിട്ടുമാറാത്തതും നീണ്ടകാലം നിലനില്‍ക്കുന്നതുമായ രോഗാവസ്ഥയായി ഫൈബ്രോമയാള്‍ജിയ മാറാനും കാരണമാകാം.

ഈ രോഗാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ്, ഒരു റുമറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഉചിതമായ ചികിത്സകള്‍ അവലംബിച്ചാല്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്ന ഒരു രോഗമാണ് ഫൈബ്രോമയാള്‍ജിയ.