സർവ്വത്ര മായം : ചക്കിലാട്ടിയ വെളിച്ചെണ്ണയിലും വ്യാജൻ
കോട്ടയം: ‘നാടൻ ചക്കിലാട്ടിയ വെളിച്ചെണ്ണ’ ഇന്ന് മാർക്കറ്റിൽ സുലഭമാണ് എന്നാൽ അതിൽ വ്യാജനെ തിരിച്ചറിയാനാണ് ബുദ്ധിമുട്ട്. ലൂസ് വെളിച്ചെണ്ണക്ക് കിലോയ്ക്ക് 160 രൂപയും നാടനെന്ന ലേബലിൽ ചക്കിലാട്ടിയതിന് 900ഗ്രാമിന് (ഒരുലിറ്റർ) 240 രൂപയുമാണിപ്പോൾ. ഒരു കിലോ തേങ്ങയ്ക്ക് 36 രൂപയേ ഉള്ളൂ. ചക്കിലാട്ടിയതെന്ന പേരിട്ട് ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ് വിലയിലെ അന്തരം തെളിയിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ചക്കിലാട്ടിയ നാടൻ വെളിച്ചെണ്ണ എന്ന ലേബലിൽ ഇറങ്ങിയ രണ്ട് ബ്രാൻഡിലും വ്യാജൻ കണ്ടെത്തിയിരുന്നു. അഞ്ചു മില്ലുകൾ ശുദ്ധമായ വെളിച്ചെണ്ണ എന്ന വിശേഷണത്തോടെ പാക്കറ്റിൽ വിറ്റിരുന്നതും വ്യാജനായിരുന്നു. തേച്ചു കുളിക്കാനും ആഹാരാവശ്യത്തിനും ആയുർവ്വേദ മരുന്നുകൾക്കും ചക്കിലാട്ടിയ എണ്ണയാണ് ഉപയോഗിക്കുന്നത്. ഇതിലും മായം കലരുന്നത് മാറാ രോഗത്തിനും കാരണമായേക്കാം.
ചക്കിൽ കൊപ്രയിട്ട് കാളയെകൊണ്ടു വലിപ്പിച്ചായിരുന്നു മുൻ കാലങ്ങളിൽ നാടൻ വെളിച്ചെണ്ണ ആട്ടി എടുത്തിരുന്നത്. ഇന്ന് നാടൻ ചക്കിന്റെ സ്ഥാനം വൈദ്യുതി മില്ലുകൾ കൈയ്യടക്കി. മില്ലുള്ള കടകളിലും ഇല്ലാത്തിടത്തും ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന ബോർഡിൽ വിൽപ്പന വ്യാപകമായതോടെ ലൂസ് വെളിച്ചെണ്ണയോട് താത്പര്യകുറവും ചക്കിലാട്ടിയതിനോട് പ്രിയവും വന്നതാണ് കൂടിയ വിലയ്ക്കും വ്യാജൻ ഇറങ്ങാൻ വഴി ഒരുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ബ്രാൻഡുകളുടെ പേരിൽ വ്യാജ വെളിച്ചെണ്ണ നിർമ്മിച്ച് വിതരണം ചെയ്യുന്ന ഏജൻസികൾ കേരളത്തിലുണ്ട്. പായ്ക്കറ്റിൽ തേങ്ങയുടെ ചിത്രമുണ്ടെങ്കിലും ‘എഡിബിൾ വെജിറ്റബിൾ ഓയിൽ’ എന്നായിരിക്കും ചെറിയ അക്ഷരത്തിൽ എഴുതിയിരിക്കുക. അതായത് 80 ശതമാനം പാം ഓയിലും 20 ശതമാനം വെളിച്ചെണ്ണയും ചേർന്ന മിശ്രിതമെന്ന് അർത്ഥം. വെളിച്ചെണ്ണ എന്നപേരിൽ ഇത്തരം എണ്ണപ്പായ്ക്കറ്റുകൾ വിൽക്കാൻ പാടില്ലാത്തതാണ്. ‘കോക്കനട്ട് ഓയിൽ’ എന്ന് എഴുതിയതുമാത്രം വാങ്ങിയാൽ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാം.