ഫെയ്സ് ആപ്പു വഴി സുന്ദരനാകും; വീഡിയോ ചാറ്റിലൂടെ യുവതികളെ കെണിയിലാക്കി സ്വർണ്ണവും പണവും തട്ടുന്ന വിരുതൻ പിടിയിൽ; പണം നഷ്ടപ്പെട്ടത് സീരിയൽ നടിമാരുൾപ്പെടെയുള്ളവർക്ക്

ഫെയ്സ് ആപ്പു വഴി സുന്ദരനാകും; വീഡിയോ ചാറ്റിലൂടെ യുവതികളെ കെണിയിലാക്കി സ്വർണ്ണവും പണവും തട്ടുന്ന വിരുതൻ പിടിയിൽ; പണം നഷ്ടപ്പെട്ടത് സീരിയൽ നടിമാരുൾപ്പെടെയുള്ളവർക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫെയ്സ് ആപ്പിലൂടെ സുന്ദരനായി സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വിദ്യാര്‍ത്ഥിനികളെയും യുവതികളെയും തട്ടിപ്പിന് ഇരയാക്കിയ ശ്യാം നിസാരക്കാരനല്ല.

ബംഗളുരുവിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ അരലക്ഷത്തോളം രൂപ ശമ്പളക്കാരനായ ചെന്നൈ സ്വദേശി ജെറിയെന്ന ശ്യാമിനെ പിടികൂടിയ പൊലീസിനും അയാള്‍ തട്ടിപ്പുകാരനാണെന്ന് ഉറപ്പാക്കാന്‍ പണിപ്പെടേണ്ടിവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗമാരക്കാരായ വിദ്യാര്‍ത്ഥിനികളെയും യുവതികളെയും പ്രണയം നടിച്ച്‌ വശീകരിച്ച സുന്ദരരൂപനെ അന്വേഷിച്ചെത്തിയ പൊലീസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ഒരു പട്ടിണിക്കോലം. ചെന്നൈ സ്വദേശിനിയായ നടിയേയും ഇയാൾ പറ്റിച്ചു

കണ്ണുകള്‍ താഴ്ന്ന് കവിളൊട്ടി ശരിക്കും നിവര്‍ന്നുനില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത നിലയിലുള്ള അപ്പാവിപ്പയ്യന്‍!

ഇത്രയധികം പേരെ വശീകരിച്ചതെങ്ങനെയെന്നായിരുന്നു പൊലീസിന്റെ സംശയം. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ആളത്ര പന്തിയല്ലെന്ന് മനസിലാക്കിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് തട്ടിപ്പുകളുടെ ചുരുളഴിഞ്ഞത്.

വര്‍ഷങ്ങളായി തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപം സകുടുംബം താമസക്കാരനാണ് ബി.കോം ബിരുദധാരിയും കമ്പ്യൂട്ടര്‍ പ്രൊഫഷണലുമായ ജെറിയെന്ന ശ്യാം. ഡിഗ്രി കഴിഞ്ഞ് പഠിത്തം മതിയാക്കിയെങ്കിലും കുട്ടിക്കാലം മുതലേ കമ്പ്യൂട്ടറിനോടും ഇലക്‌ട്രോണിക് ഉപകരണങ്ങളോടും വല്ലാത്ത താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ജെറി,​ പഠന കാലത്ത് തന്നെ കമ്ബ്യൂട്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഹൃദിസ്ഥമാക്കിയിരുന്നു. സോഫ്റ്റ് വെയര്‍,​ ആനിമേഷന്‍ രംഗങ്ങളില്‍ കഴിവ് തെളിയിച്ച ജെറി പല കമ്ബനികളിലും സ്ഥാപനങ്ങളിലും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയും ചെയ്തു. ചെന്നൈ,​ ബംഗളുരു,​ ഹൈദരബാദ് ,​ വിശാഖപട്ടണം,​ മുംബെയ് തുടങ്ങിയ ഇന്ത്യയിലെ വന്‍കിട നഗരങ്ങളിലെല്ലാം ചുറ്റിക്കറങ്ങി ജോലി ചെയ്തെങ്കിലും ശമ്പളം കുറവായതിനാല്‍ ഒരിടത്തും ഉറച്ച്‌ നിന്നില്ല. ഇക്കാലത്താണ് കമ്പ്യൂട്ടര്‍ വൈദഗ്ദ്ധ്യം കൈമുതലാക്കി സമൂഹമാദ്ധ്യമങ്ങളിലെ വിലസല്‍ ആരംഭിച്ചത്.

ആദ്യമാദ്യം സഹപാഠികളുമായും സുഹൃത്തുക്കളുമായും മാത്രമുണ്ടായിരുന്ന ചങ്ങാത്തം പിന്നീട് വിപുലമായി. ഇതിനിടെ തരംഗമായ ടിക് ടോക് വീഡിയോകള്‍ റെജിയെ സമൂഹമാദ്ധ്യമങ്ങളില്‍ താരമാക്കിയത്. തന്റെ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ റെജി തന്റെ രൂപഭാവങ്ങളിലും ചില്ലറ മാറ്റങ്ങള്‍ വരുത്തി. തനി ഫ്രീക്കനായും കോളേജ് കുമാരിമാരും മറ്റും ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെടുന്ന വേഷവിധാനങ്ങളിലേക്കും മുഖഭാവങ്ങളിലേക്കും മാറി. ഇതിനായി ഹെയര്‍സ്റ്റൈലിലും മീശയിലും താടിയിലുമെല്ലാം രൂപമാറ്റം വരുത്തി. ഫില്‍ട്ടറിംഗ് ടെക്നോളജിയില്‍ താന്‍ തന്നെ അമ്പരന്നുപോയ തന്റെ രൂപത്തിന് കെ.കണക്കിന് ലൈക്കും ഷെയറും കമന്റുമായതോടെ റെജി ശരിക്കും സ്വപ്നലോകത്തായി. ലൈക്ക് ചെയ്തിരുന്ന പല തരുണീമണികളുമായും ഫേസ് ബുക്കിലും വാട്ട്സ് ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ചാറ്റിംഗും സല്ലാപവുമായി സൈബര്‍ലോകത്തകപ്പെട്ടുപോയ റെജി,​ ഇതോടെ ഉണ്ടായിരുന്ന ജോലിക്കും പോകാതായി.

ജോലിക്ക് പോകാതെ രാവും പകലും സമൂഹമാദ്ധ്യമങ്ങളില്‍ ഷിഫ്റ്റ് വച്ച്‌ കാമുകിമാരോട് സല്ലപിക്കുകയും ചാറ്റിംഗില്‍ മുഴുകുകയും ചെയ്ത റെജിക്ക് വരുമാനമില്ലാതായതോടെ നിത്യചെലവിന് പോലും പണമില്ലാതായി. ജോലി പോകുകയും വരുമാനം നിലയ്ക്കുകയും ചെയ്തെങ്കിലും നവമാദ്ധ്യമ സൗഹൃദങ്ങള്‍ ഉപേക്ഷിക്കാന്‍ കൂട്ടാക്കാതിരുന്ന ജെറി വാട്സ് ആപ്പ്,​ ഫേസ് ബുക്ക്,​ ഇന്‍സ്റ്റഗ്രാം സൗഹൃദങ്ങളിലുള്ള പെണ്‍കുട്ടികളെയും യുവതികളെയും സഹതാപത്തില്‍പ്പെടുത്തി പണം തട്ടുന്നതായി പിന്നീടുള്ള പണി. അച്ഛനും അമ്മയ്ക്കും സുഖമില്ലെന്ന് പറഞ്ഞും വിദ്യാഭ്യാസ ലോണ്‍ തിരിച്ചടയ്ക്കാന്‍ നിവര്‍ത്തിയില്ലാതെ ജപ്തി ഭീഷണിയിലാണെന്ന് ധരിപ്പിച്ചും നിരവധി പേരില്‍ നിന്നായി ലക്ഷകണക്കിന് രൂപയാണ് ജെറി തട്ടിയെടുത്തത്. അച്ഛന്‍ കിടപ്പുരോഗിയാണെന്നും അമ്മയ്ക്ക് ഗുരുതരരോഗമാണെന്നും പറഞ്ഞ് കരഞ്ഞും സങ്കടപ്പെട്ട് സംസാരിച്ചുമാണ് ജെറി ആരാധകരെ തട്ടിപ്പിന്റെ കുപ്പിയിലാക്കുന്നത്.

ഇത്തരത്തില്‍ ജെറിയോട് അടുപ്പമുണ്ടായിരുന്ന മിക്ക പെണ്‍കുട്ടികളും യുവതികളും വീട്ടുകാരറിഞ്ഞും അറിയാതെയും ആവശ്യപ്പെട്ട പണം ഗൂഗിള്‍ പേ മുഖാന്തിരവും അല്ലാതെയും എത്തിച്ചുകൊടുക്കുകയായിരുന്നു. പണം നല്‍കിയ പലരും വൈകിയാണ് ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. മാതാപിതാക്കളുടെ രോഗത്തെയും ചികിത്സയെയും പറ്റി പരസ്പര വിരുദ്ധമായി പറഞ്ഞതാണ് റെജിയെ കുഴപ്പത്തിലാക്കിയത്.

ഫേസ്ബുക്കില്‍ പരിചയപ്പെട്ട കടയ്ക്കാവൂര്‍ സ്വദേശിനിയായ യുവതിയെ കബളിപ്പിച്ചതാണ് ജെറിക്ക് പിടിവീഴാന്‍ കാരണമായത്. അച്ഛനമ്മമാരുടെ രോഗ അവസ്ഥയും തന്റെ പഠനം നിലച്ചതും വീട്ടിലെ ജപ്തിയും മറ്റും പറഞ്ഞ് യുവതിയുടെ സഹതാപം പിടിച്ചുപറ്റിയ ജെറി,​ പലപ്പോഴായി പതിനായിരക്കണക്കിന് രൂപയാണ് യുവതിയില്‍ നിന്ന് കൈക്കലാക്കിയത്. സ്വന്തം ചിത്രം ഫോട്ടോ ഫില്‍റ്റര്‍ ആപ്ലിക്കേഷന്‍ വഴിയും മോര്‍ഫിംഗിലൂടെയും വിവിധ മോഡലുകളിലാക്കിയാണ് കടയ്ക്കാവൂര്‍ സ്വദേശിനിയായ യുവതിയെയും ജെറി വലയിലാക്കിയത്. വലയില്‍ വീഴുന്ന പെണ്‍കുട്ടികളെ പ്രണയം നടിച്ച്‌ വശീകരിക്കുന്ന ഇയാള്‍ ഇവരുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളും കൈക്കലാക്കും. ഇത്തരം ഫോട്ടോകളും വീഡിയോകളും കൈക്കലാക്കിയ ശേഷം പണവും സ്വര്‍ണവും ആവശ്യപ്പെടുന്നതായിരുന്നു ജെറിയുടെ മറ്റൊരു രീതി. ആവശ്യം നിറവേറ്റിയില്ലെങ്കില്‍ ഇവരുടെ പടവും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണി ഉയര്‍ത്തും.

വഴങ്ങുന്നവരില്‍ നിന്ന് സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങും. പണം നല്‍കാന്‍ നിവൃത്തിയില്ലാത്തവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും കരസ്ഥമാക്കും. കടയ്ക്കാവൂരിലെ യുവതിയും ഇതുപോലെ കെണിയില്‍പ്പെടുകയായിരുന്നു. പല തവണ പണവും സ്വര്‍ണവും നല്‍കിയിട്ടും ജെറി വീണ്ടും ഭീഷണി ആവര്‍ത്തിച്ചപ്പോഴാണ് യുവതി പരാതി നല്‍കാന്‍ കൂട്ടാക്കിയത്. യുവതിയുടെ പരാതിയില്‍ ജെറിയുടെ ഐ.പി അഡ്രസ് തേടിപിടിച്ചാണ് ചെന്നൈയിലെ അംബത്തൂര്‍ വിനായകപുരം ഡോ.രാജേന്ദ്രപ്രസാദ് സ്ട്രീറ്റില്‍ ഡോര്‍ നമ്ബര്‍ 25ല്‍ നിന്ന് ജെറിയെ പൊലീസ് പൊക്കിയത്.

ജെറിയുടെ സ്മാര്‍ട് ഫോണില്‍ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ പൊലീസ് കണ്ടെത്തി. വിവിധ സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിലൂടെ ആയിരക്കണക്കിന് സ്ത്രീകളുമായി ഇയാള്‍ക്ക് സൗഹൃദമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. 1000ത്തിലധികം യുവതികള്‍ ഇയാളുടെ ഫ്രണ്ട്‌ ലിസ്റ്റിലുണ്ട്. ഇതുമായി ബന്ധപ്പെട്ടു 12,000ത്തോളം സ്ക്രീന്‍ ഷോട്ടുകള്‍ പൊലീസ് കണ്ടെടുത്തു.വിവിധ ഐ.ടി സ്ഥാപനങ്ങളുടെ പേരും വിലാസവും വ്യാജമായുണ്ടാക്കി ഒട്ടേറെ പേര്‍ക്ക് കൈമാറിയിട്ടുള്ളതായും കണ്ടെത്തി. ചെന്നൈയിലും ബംഗളുരുവിലും മാറിമാറി താമസിച്ചായിരുന്നു തട്ടിപ്പ്. തമിഴ്നാട്,​ കര്‍ണാടക സൈബര്‍ പൊലീസിന്റെ സഹായത്തോടെയാണ് മൊബൈല്‍ഫോണ്‍ ഓഫാക്കി ബംഗളുരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ വ്യാജ മേല്‍വിലാസം നല്‍കി കഴിഞ്ഞിരുന്ന ശ്യാമിനെ പിടികൂടിയത്. തിരുവനന്തപുരം പേട്ട,​ മ്യൂസിയം തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ സമാന തട്ടിപ്പുകള്‍ക്ക് ഇയാള്‍ക്കെതിരെ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന ജെറിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.