play-sharp-fill
ഏറ്റുമാനൂരിലെ ടൈൽ വ്യാപാര സ്ഥാപനത്തിൽ നിന്നും 45 ലക്ഷം തട്ടിയെടുത്ത സംഭവം ; ഒളിവിൽ പോയ അക്കൗണ്ടന്റ് സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

ഏറ്റുമാനൂരിലെ ടൈൽ വ്യാപാര സ്ഥാപനത്തിൽ നിന്നും 45 ലക്ഷം തട്ടിയെടുത്ത സംഭവം ; ഒളിവിൽ പോയ അക്കൗണ്ടന്റ് സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

 

കോട്ടയം: ഏറ്റുമാനൂരിലെ ഹോള്‍സെയില്‍ സ്ഥാപനത്തില്‍ നിന്നും 45 ലക്ഷം രൂപയുടെ തിരിമറി നടത്തിയ ശേഷം മുങ്ങിയ അക്കൗണ്ടന്റ് പിടിയില്‍.
തിരുവനന്തപുരം കുടപ്പനമൂട് നെല്ലിക്കാമല തടത്തിനകത്ത് വീട്ടില്‍ എം.എസ്. സുജിത്തിനെ (32) യാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരിലെ പ്രമുഖ ടൈല്‍ വില്‍പ്പന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തുവരവേ കണക്കില്‍ തിരിമറി നടത്തിയാണ് ഇയാള്‍ 45 ലക്ഷം രൂപയോളം തട്ടി എടുത്തത്.
ബില്ലില്‍ തിരിമറി നടത്തിയ ശേഷം സ്റ്റോക്കില്‍ ഡാമേജ് കാണിച്ചാണ് സുജിത്ത് പണം തട്ടിയത്. ഒരു വർഷമായി നടത്തിവന്ന തട്ടിപ്പ്, കടയുടമ സ്റ്റോക്ക് എടുപ്പ് നടത്തിയപ്പോഴാണ് കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസില്‍ പരാതി നല്‍കുകയും കോട്ടയം ഡിവൈ.എസ്‌പിയായിരുന്ന കെ.ജി. അനീഷിന്റെ നിർദ്ദേശാനുസരണം ഏറ്റുമാനൂർ മുൻ എസ്.എച്ച്‌.ഒ പ്രസാദ് എബ്രഹാം വർഗീസിന്റെയും പ്രിൻസിപ്പല്‍ എസ്‌ഐ സാഗറിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുജിത് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുക ആയിരുന്നു.
മേല്‍വിലാസം മാറ്റി പല സ്ഥലങ്ങളിലായി വാടക്ക് താമസിച്ചിരുന്നതിനാല്‍ ഇയാളെ കണ്ടെത്താനായില്ല. പിന്നീട് ഏറ്റുമാനൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കോട്ടയം ഡിവൈ.എസ്‌പി എം.കെ. മുരളിയുടെ മേല്‍നോട്ടത്തില്‍ ഏറ്റുമാനൂർ എസ്.എച്ച്‌.ഒ ഷോജൻ വർഗീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കിടങ്ങൂർ കൊമ്ബനാംകുന്ന് ഭാഗത്ത് വാടകക്ക് താമസിക്കുകയാണെന്ന വിവരം ലഭിച്ചു. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.