മൂന്നാർ മറയൂരിൽ നടുറോഡിൽ കാട്ടാനയ്ക്ക് സുഖപ്രസവം; കാവൽനിന്ന് കാട്ടാനക്കൂട്ടം

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ: നടുറോഡിൽ കാട്ടാനയ്ക്ക് സുഖപ്രസവം. മറയൂരിലെ ഇച്ചിമരമൂല ഭാഗത്തെ അന്തർസംസ്ഥാന പാതയിലായിരുന്നു പിടിയാന ആനക്കുഞ്ഞിന് ജൻമം നൽകിയത്. മറയൂരിൽ നിന്നും തമിഴ്നാട്ടിലെ ഉദുമലപേട്ടയിലേക്ക് പച്ചക്കറി കയറ്റാൻ പോയ വാഹനത്തിന് മുന്നിലായിരുന്നു കാട്ടാനയുടെ പ്രസവം.

കഴിഞ്ഞ ദിവസം രാവിലെ അഞ്ചു മണിയോടെയാണ് തമിഴ്നാട്ടിൽ നിന്നും സാധനങ്ങളുമായി എത്തിയ വാഹത്തിന് മുന്നിൽ കാട്ടാനക്കൂട്ടം മാറാതെ നിന്നത്. പിന്നീടാണ് കാട്ടാനയുടെ പ്രസവമാണെന്ന് വാഹനം ഓടിച്ചിരുന്നവർക്ക് മനസ്സിലായത്. അതോടെ ഇരു വശങ്ങളിൽ നിന്നുമെത്തിയ വാഹനങ്ങൾ ഈ ഭാഗത്തേക്ക് കടന്നു പോകാതെ ശ്രദ്ധിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാനക്കൂട്ടം മാറുകയും പിന്നീട് പിടിയാന കുട്ടിയാനയെ പരിപാലിക്കുകയും ചെയ്ത് കാട്ടിനുള്ളിലേക്ക് കൂട്ടികൊണ്ടു പോകുകയും ചെയ്ത ശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടവും ശാന്തരായി നിന്നു. വാഹനങ്ങൾ ഒന്നും അടുത്തേക്ക് ചെല്ലാതെയും ശബ്ദം ഉണ്ടാകാതെയും കരയിലെ ഏറ്റവും വലിയ ജീവിയുടെ പ്രസവം നടുറോഡിൽ നടന്നു.

മറയൂരിൽ നിന്നും പാലക്കാട്ടേക്ക് യാത്ര പോയ മറയൂർ ഗ്രാമ സ്വദേശി ദുരൈ, നൂറ് വീട് സ്വദേശി മുരുകേശൻ, വനംവകുപ്പ് ജീവനക്കാരായ മുത്തുകുമാർ, സുഭാഷ് എന്നിവരാണ് മറ്റ് വാഹനങ്ങളെ കടന്ന് പോകാതെ നിയന്ത്രിച്ചത്. പ്രസവം കഴിഞ്ഞ് കാടിനുള്ളിലേക്ക് പോകുന്ന സമയം ആറുമണി പിന്നിട്ടിരുന്നു. അപ്പോഴാണ് ചിലർ ദൃശ്യങ്ങൾ മൊബൈലിൽ പോലും പകർത്തിയത്.