ഇടുക്കി കാന്തല്ലൂരിൽ ജനവാസമേഖലയിൽ നിന്ന് പിൻവാങ്ങാതെ കാട്ടാന ; റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം തകർത്തു ; കാട്ടാനകളെ തുരത്താൻ വീണ്ടും പ്രത്യേക ദൗത്യം നടത്തുമെന്ന് വനംവകുപ്പ്
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി കാന്തല്ലൂരിൽ ജനവാസമേഖലയിൽ നിന്ന് പിൻവാങ്ങാതെ കാട്ടാന. ഇന്ന് പുലർച്ചെ റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം ആന തകർത്തു. ഈ പ്രദേശത്തെ കാട്ടാനകളെ തുരത്താൻ വീണ്ടും പ്രത്യേക ദൗത്യം നടത്തുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസങ്ങളായി കാന്തല്ലൂർ മേഖലയിൽ സ്വൈരവിഹാരം നടത്തുകയാണ് ആനക്കൂട്ടം. പുലർച്ചെ നാലുമണിക്കാണ് പളളത്ത് സ്വദേശി സെബാസ്റ്റ്യൻ്റെ ഇരുചക്രവാഹനം ആന തകർത്തത്. ശബ്ദം കേട്ടെത്തിയവർക്ക് നേരെ ആന പാഞ്ഞടുത്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ കാടുകയറ്റിയത്. നേരത്തെ, ആനശല്യം രൂക്ഷമായപ്പോൾ വനംവകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർ , നാട്ടുകാർ എന്നിവരെയുൾപ്പെടുത്തി ദൗത്യസംഘത്തെ മാസങ്ങൾക്ക് മുമ്പ് നിയോഗിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്ന് കാട്ടാനകളെ തുരത്തിയെങ്കിലും, കാടുകയറിയ ആനകൾ ദിവസങ്ങൾക്കകം തിരിച്ചെത്തി. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ രീതിയിൽ ദൗത്യം ഉടൻ നടത്താനൊരുങ്ങുന്നത്. കാന്തല്ലൂരിൽ കാട്ടാന ഇറങ്ങിയ വിവരം വിളിച്ചറിയിച്ച ആൾക്ക് ദുരനുഭവം നേരിട്ട സംഭവത്തിൽ വനം വകുപ്പ് പ്രാഥമിക അന്വേഷണം നടത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് ഫോണിൽ മറുപടി നൽകിയത്. ഇയാൾക്ക് ഫണ്ട് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള അറിവ് ഉണ്ടായിരുന്നില്ല എന്നാണ് ഡി എഫ് ഒ യുടെ വിശദീകരണം. ഇയാൾക്കെതിരെ തൽക്കാലം നടപടിക്ക് സാധ്യതയില്ല. ഡീസൽ അടിക്കാൻ സർക്കാർ പണം നൽകുന്നില്ല എന്ന് പറഞ്ഞത് പെട്ടെന്നുള്ള പ്രകോപനം കൊണ്ടെന്നാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നൽകിയ വിശദീകരണം.