ഡീസല്‍ അടിക്കാൻ പണമില്ല, മീനച്ചില്‍ താലൂക്കിലെ ടാക്‌സി ഡ്രൈവർമാർ പ്രതിസന്ധിയില്‍ ; ഡ്യൂട്ടി 45 ദിവസം, 15 ദിവസം പിന്നിട്ടിട്ടും ഇന്ധനചെലവിനായി അഞ്ച് പൈസ പോലും ലഭിച്ചിട്ടില്ലെന്ന് ഡ്രൈവർമാർ ; ഇന്നലെ ഓട്ടം നിർത്തിയത് പാലായിലെയും കടുത്തുരുത്തിയിലെയും 8 ടാക്‌സികൾ 

Spread the love

സ്വന്തം ലേഖകൻ

പാലാ: പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡായി ഓടുന്ന ടാക്‌സി വാഹനങ്ങള്‍ക്ക് ഡീസല്‍ പണം ലഭിക്കാത്തതിനെ തുടർന്ന് മീനച്ചില്‍ താലൂക്കിലെ ടാക്‌സി ഡ്രൈവർമാർ പ്രതിസന്ധിയില്‍.

20000ത്തോളം രൂപ വരെ ഇന്ധനമടിക്കാൻ ചെലവാക്കിയ ഡ്രൈവർമാർ വാഹനമോടുന്നത് അവസാനിപ്പിച്ച്‌ പ്രതിഷേധിച്ചു. മാർച്ച്‌ 16 മുതലാണ് പാലാ, ഭരണങ്ങാനം മേഖലകളിലെ ടാക്‌സി ഡ്രൈവർമാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി മോട്ടോർ വാഹനവകുപ്പ് തെരഞ്ഞെടുത്ത് നിശ്ചയിച്ചത്. ഏപ്രില്‍ 26 വരെയാണ് ഇവർക്ക് ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

45 ദിവസത്തോളാണ് ഡ്യൂട്ടി. എന്നാല്‍ 15 ദിവസം പിന്നിട്ടിട്ടും ഇന്ധനചെലവിനത്തില്‍ അഞ്ച് പൈസ പോലും ലഭിച്ചിട്ടില്ലെന്ന് ഡ്രൈവർമാർ പറയുന്നു. 15000 മുതല്‍ 20000 രൂപവരെയാണ് ഓരാ വാഹനത്തിനും ഇന്ധനത്തിനായി ഇതുവരെ ഡ്രൈവർമാർ കൈയില്‍ നിന്നും മുടക്കിയത്. പണം ലഭിക്കാത്തതോടെ തങ്ങളുടെ വീട്ടുചെലവുകള്‍പോലും പ്രതിസന്ധിയിലായതായി ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.

8 ടാക്‌സികളാണ് ഇന്നലെ ഓട്ടം നിർത്തിയത്. ഇതില്‍ 4 വാഹനങ്ങള്‍ പാലാ മണ്ഡലത്തിലും നാലെണ്ണം കടുത്തുരുത്തി മണ്ഡലത്തിലുമാണ് ഓടുന്നത്. 6 പേരടങ്ങുന്ന ടീമാണ് ഓരോ വാഹനത്തിലുമുണ്ടാവുക. രാവിലെ 6 മുതല്‍ 2 വരെയും ഉച്ചകഴിഞ്ഞ് 2 മുതല്‍ രാത്രി 10 വരെയും 2 ഷിഫ്റ്റുകളായാണ് വാഹനങ്ങള്‍ ഓടുന്നത്.