
രാമരാവണൻ, ലോകനാഥൻ ഐഎഎഎസ്, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ സിനിമകളുടെ സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു
സ്വന്തം ലേഖകൻ
പെരുമ്പാവൂർ ∙ സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണു മരിച്ചു.മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ. സംസ്കാരം പിന്നീട്.മകൾ: ദേവനന്ദന.
കലാഭവൻ മണി നായകനായ ലോകനാഥൻ ഐഎഎസ്,സുരേഷ് ഗോപി നായകനായ രാമരാവണൻ, ഗിന്നസ് പക്രു നായകനായ സ്വന്തം ഭാര്യ സിന്ദാബാദ്, ഉർവശി നായികയായ മൈ ഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ സംവിധായകനും കളഭം സിനിമയുടെ തിരക്കഥാകൃത്തുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചക്കര വാവ,വെളുത്ത കത്രീന തുടങ്ങിയ സീരിയലുകളുടെ തിരക്കഥാകൃത്താണ്. ചക്കര വാവ,വെളുത്ത കത്രീന, ശംഖുപുഷ്പം തുടങ്ങിയ നോവലുകളും ഇടവഴിയും തുമ്പപ്പൂവും എന്ന കവിത സമാഹാരവും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.ഫിലിം ക്രിട്ടിക്സ് അവാർഡും നേടി. ടെലിവിഷൻ സീരിയലുകൾ തുടങ്ങിയ സമയത്ത് ഒരേ സമയം 4 ചാനലുകളിൽ അദ്ദേഹത്തിന്റെ സീരിയൽ ഉണ്ടായിരുന്നു.
കേരള ഗ്രന്ഥശാല സംഘം സംസ്ഥാന കൗൺസിൽ അംഗവും അഖില കേരള ബാലജനസഖ്യം മധ്യമേഖല സെക്രട്ടറിയായിരുന്നു. കമല സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ മനോമി എന്ന നോവലാണ് രാമരാവണൻ എന്ന പേരിൽ സിനിമയാക്കിയത്. ഒക്കൽ വട്ടപ്പാറ കുടുംബാംഗമാണ്.