പഴയ കാലത്തെ പ്ലേഗിൻെറ പുതിയ രൂപമായി പ്രമേഹം ; ശരവേഗത്തിൽ പടരുന്ന രോഗമായി പ്രമേഹം ; കേരളത്തില്‍ അഞ്ചിലൊരാള്‍ പ്രമേഹരോഗി
സ്വന്തം ലേഖകൻ
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജെയ്സണ്‍, രാവിലെ ചായ കുടിച്ച ശേഷം ഗ്ലാസ് മേശപ്പുറത്തു വയ്ക്കുന്നതിനിടെ കൈതെറ്റി താഴെ വീണു.
നിലത്ത് വീണുടഞ്ഞ ഗ്ലാസിൻെറ ചില്ലിലൊന്ന് വലതുകാലിൻെറ പെരുവിരലില്‍ തട്ടി മുറിഞ്ഞു. മുറിവു കഴുകി മരുന്ന് പുരട്ടിയ ശേഷം വീട്ടുസാധനങ്ങള്‍ വാങ്ങാൻ ഭാര്യയ്ക്കൊപ്പം പോയി. ദിവസവും മുറിവില്‍ മരുന്നുവച്ചെങ്കിലും ഉണങ്ങുന്ന ലക്ഷണമൊന്നും കണ്ടില്ല. ആദ്യ ആഴ്ച കഴിഞ്ഞതോടെ ഡോക്ടറെ കണ്ടു. അപ്പോഴേക്കും ചെറിയ പനിയും….
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നുള്ള പരിശോധനയില്‍ മുറിവില്‍ പഴുപ്പുണ്ടായി, ഉള്ളിലേക്കു വ്യാപിച്ചതായി കണ്ടെത്തി. ഉടൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്. ഒരുമാസത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം വീട്ടിലെത്തി. പക്ഷേ മുട്ടിനു താഴ്‌വശം കാലുണ്ടായില്ല. കടുത്തപ്രമേഹം കാരണം മുറിവ് ഉണങ്ങിയില്ലെന്നു മാത്രമല്ല, അത് കോശങ്ങളെയും നശിപ്പിച്ചു. നടന്ന് ആശുപത്രിയിലേക്കു പോയ ഒരാള്‍, അതുവരെ ആരെയും ആശ്രയിക്കാതെ ജീവിച്ച ഒരാള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ വലതുകാല്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ?
എന്നാല്‍ ഇന്നത്തെ യാഥാര്‍ത്ഥ്യം ഇതാണ്. ആധുനിക സമൂഹത്തില്‍ അനുദിനം വെല്ലുവിളിയുയര്‍ത്തുന്ന പ്രമേഹം,മനുഷ്യന്റെ ജീവനെടുത്ത് സംഹാര താണ്ഡവമാടിയ പഴയ കാലത്തെ പ്ലേഗിൻെറ പുതിയ രൂപമായി മാറിയിരിക്കുന്നു. അത്രത്തോളം ശരവേഗത്തിലാണ് പ്രമേഹം പടരുന്നത്. രാജ്യത്ത് പ്രമേഹരോഗികള്‍ ശരാശരി 11 ശതമാനമാണ്. എന്നാല്‍ കേരളത്തില്‍ 25.5 ശതമാനവും. കേരളത്തില്‍ അഞ്ചിലൊരാള്‍ പ്രമേഹരോഗിയാണ്. 18ശതമാനം കേരളീയര്‍ പ്രമേഹ രോഗത്തിന്റെ അതിര്‍ത്തി രേഖയിലാണ് (പ്രീ ഡയബറ്റിസ്). അടുത്തിടെ ഐ.സി.എം.ആര്‍ (ഇന്ത്യൻ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്) പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലെ കണക്കുകളാണിത്. രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് കേരളം. ഗോവയും (26.4%) പുതുച്ചേരിയും മാതമാണ് (26.3%) നമുക്കു മുന്നില്‍.
വലുപ്പചെറുപ്പമില്ല; ആരെയും വിഴുങ്ങും
പ്രമേഹരോഗികളെ പോലെ തന്നെ അപകടരമായ സാഹചര്യത്തിലൂടെയാണ് പ്രീ ഡയബറ്റിസ് രോഗികളും കടന്നു പോകുന്നത്. പ്രമേഹം 10 വയസിനു മുകളിലുള്ള കുട്ടികളെപ്പോലും വ്യാപകമായി പിടികൂടുന്നുണ്ട്. നേരത്തെ ഈ പ്രായത്തിലുള്ളവരില്‍ ജനിതകപ്രശ്നം കാരണമുള്ള, ഇൻസുലിൻ ചികിത്സ വേണ്ടുന്ന ടൈപ്പ് 1 പ്രമേഹമായിരുന്നുവെങ്കില്‍, ഇപ്പോള്‍ മുതിര്‍ന്നരെ ബാധിക്കുന്ന ടൈപ്പ് 2 പ്രമേഹം കുട്ടികളെയും ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. 10നും 20നും ഇടയില്‍ രോഗബാധിതാകുന്ന കുട്ടികളില്‍ 50 ശതമാനത്തോളം പേരിലും മുതിര്‍ന്നവരെ ബാധിക്കുന്നതിനു സമാനമായ ടൈപ്പ് 2 പ്രമേഹമാണ്.
രാജ്യത്ത് പ്രമേഹത്തിൻെറ ഹബ്ബായി കേരളം മാറിയെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 50വയസിനു ശേഷമുള്ള പ്രമേഹം ആധുനിക സമൂഹത്തിന് ഉള്‍കൊള്ളാനാകുന്ന വസ്തുതയാണ്. എന്നല്‍ 30-നും 50-നും ഇടയിലുള്ളവരിലും 30-ല്‍ താഴെയുള്ള യുവജനങ്ങളിലും പ്രമേഹം ഇന്ന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. സ്വയം കുഴിച്ച കുഴിയില്‍ വിഴുന്നതു പോലെയാണ് മാറിയ ജീവിത സാഹചര്യത്തില്‍ പ്രമേഹത്തിൻെറ പിടിയില്‍ ഒരോരുത്തരും എത്തിപ്പെടുന്നത്.
വരിഞ്ഞുമുറുക്കും; രക്ഷപ്പെടാനാകില്ല
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ, ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പലരും തുടക്കത്തില്‍ ഇത് കണ്ടെത്താറില്ല. പ്രമേഹം ഉയര്‍ന്നാല്‍ ജീവൻ പോലും അപകടത്തിലാകും. അത് പെട്ടന്ന് മരണത്തിലേക്ക് തള്ളിവിടില്ല. ഒരേ സമയം ഒന്നിലധികം അവയവങ്ങളിലേക്ക് പടര്‍ന്നു കയറി അവയുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന ഗുരുതരമായ അവസ്ഥ പലപ്പോഴും പ്രമേഹം സൃഷ്ടിക്കാറുണ്ട്.
ആരോഗ്യരംഗത്ത് ലോകത്തിനു മാതൃകയായി സമാനതകളില്ലാത്ത മുന്നേറ്റമാണ് കേരളം നടത്തിയിട്ടുള്ളത്. ശിശു, മാതൃ മരണ നിരക്ക് കുറയ്ക്കുന്നതിലും ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിലും അഞ്ചാംപനിയെ തുരത്തുന്നതിലും ഉള്‍പ്പെടെ മികച്ച പോരാട്ടം നടത്തിയ സംസ്ഥാനത്തിന് ഇന്ന് അതിവേഗമുള്ള പ്രമേഹ വ്യാപനത്തിനു മുന്നില്‍ കാലിടറുകയാണ്. പ്രമേഹരോഗികളോ, ഏതു സമയവും രോഗിയാകും വിധം അതിര്‍ത്തി രേഖയിലുള്ളവരോ (പ്രീ ഡയബറ്റിസ്) ഇല്ലാത്ത വീടുകള്‍ വിരളം. പ്രമേഹം ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലും. സ്ത്രീകളില്‍ പോളിസിസ്റ്റിക്ക് ഓവറി പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭധാരണം നടക്കാതിരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പ്രമേഹം കാരണം പലരും നേരിടുന്നുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ന്യൂറോ രോഗങ്ങള്‍, വൃക്ക തകരാറുകള്‍, കാഴ്ച തകരാറുകള്‍…. പ്രമേഹം വരുത്തിവയ്ക്കുന്ന വിനകള്‍ ഇങ്ങനെ നീളുന്നു.