
തിരുവനന്തപുരം: വർക്കലയിൽ സാമൂഹ്യവിരുദ്ധരുടെ ദളിത് വിരുദ്ധ അതിക്രമം.
ദളിത് വിഭാഗത്തില്‍പ്പെട്ട അമ്മയ്ക്കും ഗുരുതരമായി രോഗബാധിതനായ മകനും നേരെ മദ്യപാന സംഘത്തിന്റെ ക്രൂരമായ അഴിഞ്ഞാട്ടം. ചൊവ്വാഴ്ച ഉച്ചയോടെ ഇരുവരും വീടിനടുത്തുള്ള പൊതു കുളിക്കടവില്‍ കുളിച്ചുകൊണ്ടിരുന്ന സമയത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
വര്‍ക്കല കണ്ണമ്പൊയ്ക സ്വദേശിനി ഷീബ, മകന് ഷിജിന് എന്നിവര്‍ക്ക് നേരെയാണ് സാമൂഹ്യവിരുദ്ധര്‍ കടുത്ത അക്രമം അഴിച്ചുവിട്ടത്. അമ്മയെ പരസ്യമായി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് അക്രമിസംഘത്തെ ചൊടിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതരമായ കരള്‍ രോഗത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന വ്യക്തിയാണ് ഷിജിന്. തന്റെ രോഗാവസ്ഥയെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും അമ്മ നിലവിളിച്ചു പറഞ്ഞിട്ടും അതൊന്നും വകവെക്കാതെ അക്രമിസംഘം ഷിജിനെ വളഞ്ഞിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഷിജിന്റെ കൈ പിടിച്ചുതിരിക്കുകയും തലയ്ക്ക് പിന്നില്‍ മാരകമായ രീതിയില്‍ മരക്കഷ്ണവും മറ്റും ഉപയോഗിച്ച് അടിക്കുകയും ചെയ്തു. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ ഷീബയ്ക്കും മര്‍ദനമേറ്റു. ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് അമ്മയും മകനും ചോരയൊലിപ്പിച്ച് നിലവിളിച്ചതോടെ കുളിക്കടവിന് പരിസരത്തുണ്ടായിരുന്ന നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിക്കൂടുകയായിരുന്നു. ജനങ്ങള്‍ കൂട്ടത്തോടെ സംഘടിക്കുന്നത് കണ്ടതോടെ തങ്ങള്‍ കുടുങ്ങുമെന്ന് മനസ്സിലാക്കിയ അക്രമികള്‍ കൈയിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങളില്‍ കയറി സംഭവസ്ഥലത്തുനിന്ന് അതിവേഗം ഓടിരക്ഷപ്പെട്ടു.
പരിക്കേറ്റ ഷീബയെയും ഷിജിനെയും നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വര്‍ക്കല പൊലീസ് വധശ്രമത്തിനും പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും വര്‍ക്കല സി.ഐ അറിയിച്ചു.







