ബൈക്കിലെത്തി മാല പൊട്ടിക്കാന്‍ ശ്രമം; പത്തു ദിവസത്തിനിടെ നാലാമത്തെ സംഭവം
സ്വന്തം ലേഖിക
പന്തളം: ബൈക്കിലെത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് പന്തളം സി.എം ആശുപത്രി-വയോജന വിനോദ വിജ്ഞാന കേന്ദ്രം റോഡില്‍ ആമപ്പുറം ഭാഗത്ത് ബൈക്കിലെത്തിയ ആള് കാല്‍നടക്കാരി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ 16ന് തോന്നല്ലൂര്‍ ഉഷസ് താര വീട്ടില്‍ ഉഷാദേവിയുടെ (65) രണ്ടര പവന് മാല മോഷ്ടാവ് പൊട്ടിച്ചെടുത്തു കടന്നിരുന്നു.ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് ഇയാള്‍ മാല കവര്‍ന്നത്.
അടുത്തടുത്തു നടന്ന നാലാമത്തെ സംഭവമാണ് വെള്ളിയാഴ്ചത്തേത്. ഈ മാസം ആദ്യ ആഴ്ചയില്‍ പന്തളം എന്‍.എസ്.എസ് ട്രെയിനിങ് കോളജിലെ പാര്‍ട്ട് ടൈം ജീവനക്കാരി കടയ്ക്കാട് തെക്ക് അനീഷ് ഭവനില്‍ തങ്കമണിയുടെ (54) മാലയും ഇതേപോലെ നഷ്ടപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനുശേഷം ദേവിക്ഷേത്ര കാണിക്കവഞ്ചിക്കുസമീപവും ഇതേപോലെ മാല കവരാന്‍ ശ്രമം നടന്നിരുന്നു. വഞ്ചിക്കുസമീപത്തെ റോഡിലൂടെ സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന സ്കൂള്‍ അധ്യാപികയുടെ മാലയാണ് പൊട്ടിച്ചെടുക്കാന്‍ ശ്രമം നടന്നത്. എം.സി റോഡില്‍നിന്ന് പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് അധ്യാപികയുടെ കഴുത്തില്‍ കുത്തിപ്പിടിച്ചാണ് മാല പൊട്ടിക്കാന്‍ ശ്രമം നടത്തിയത്. മാല നഷ്ടപ്പെട്ടില്ലെങ്കിലും കഴുത്തിന് സാരമായി പരിക്കേറ്റു.
കവര്‍ച്ചക്കുപിന്നില്‍ ഒരാള്തന്നെയെന്നാണ് സംശയം. സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പൊലീസിന് പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം ഇപ്പോള്‍ നിലച്ചമട്ടാണ്.