ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല ; രാജ്യസഭ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ; അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും ; പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് വേണ്ടി സീറ്റ് ആവശ്യപ്പെടാനാണ് നീക്കം ; കോട്ടയത്ത് ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ചർച്ച ചെയ്യും ; ചരടുവലി സജീവമാക്കി സിപിഐയും കേരള കോണ്‍ഗ്രസും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ ഒന്ന് ഇടതുമുന്നണി യോഗത്തില്‍ ആവശ്യപ്പെടാന്‍ സിപിഐ തീരുമാനം. ആ സീറ്റ് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ലെന്നും സിപിഐ നേതൃയോഗം വിലയിരുത്തുന്നു. തങ്ങളാണ് മുന്നണിയിലെ രണ്ടാമത്തെ കക്ഷി എന്ന നിലയിലാണ് സിപിഐ അവകാശവാദം ശക്തമാക്കുന്നത്.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി, സിപിഎം നേതാവ് എളമരം കരീം എന്നിവരുടെ സീറ്റുകളാണ് എല്‍ഡിഎഫില്‍ ഒഴിവു വരുന്നത്. മൂന്നു സീറ്റുകളില്‍ ഒന്ന് പ്രതിപക്ഷത്തിന് ലഭിക്കും. ശേഷിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നിനു വേണ്ടിയാണ് സിപിഐയും കേരള കോണ്‍ഗ്രസും ചരടുവലി സജീവമാക്കിയത്. എല്‍ഡിഎഫിന് ലഭിക്കുന്ന ഒരു സീറ്റ് സിപിഎം എടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഒരു സീറ്റില്‍ അവകാശം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് വേണ്ടി സീറ്റ് ആവശ്യപ്പെടാനാണ് നീക്കം. കോട്ടയത്ത് ഇന്നു ചേരുന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തില്‍ രാജ്യസഭ സീറ്റ് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും. ലോക്‌സഭ തെരഞ്ഞെടുപ്പ് വിലയിരുത്തലും യോഗത്തിലുണ്ടാകും.
ജോസ് കെ മാണിയുടെ പാര്‍ലമെന്റ് അംഗത്വ കാലാവധി ജൂലായ് ഒന്നിന് അവസാനിക്കും. വീണ്ടും സീറ്റ് ലഭിച്ചില്ലെങ്കിൽ പാര്‍ട്ടി ചെയര്‍മാന്‍ പാര്‍ലമെന്ററി പദവി ഇല്ലാത്ത അവസ്ഥയിലേക്ക് ചുരുങ്ങും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റ് ചോദിച്ചെങ്കിലും നിഷേധിച്ച സാഹചര്യത്തില്‍ രാജ്യസഭ സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്.