ആരെങ്കിലും ബിജെപിയിൽ പോകുന്നോ എന്നതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത് ;ബിജെപിയിലേക്ക് ചേക്കേറാന്‍ ഏത് കോണ്‍ഗ്രസ് നേതാവിനും കേരളത്തില്‍ പ്രയാസമില്ല എന്ന നില വന്നാല്‍ ആളുകള്‍ എങ്ങനെയാണ് ഇവരെ വിശ്വസിച്ച് വോട്ടു ചെയ്ത് വിജയിപ്പിക്കുക ; നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. ആരൊക്കെ പോകുമെന്ന് ഇനി കണ്ടറിയാം: എം വി ഗോവിന്ദന്‍
സ്വന്തം ലേഖകൻ
തൃശൂര്‍: പദ്മജ വേണുഗോപാൽ ബിജെപിയില്‍ ചേരുന്നതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാജ്യത്ത് കോണ്‍ഗ്രസിന്റെ ഡസന്‍ കണക്കിന് നേതാക്കന്മാര്‍ ഇപ്പോള്‍ ബിജെപിയില്‍ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, വര്‍ക്കിങ് പ്രസിഡന്റുമാര്‍, അഖിലേന്ത്യാ നേതാക്കന്മാര്‍ ഉള്‍പ്പെടെ ബിജെപിയില്‍ ചേരുകയാണ്.
കേരളത്തില്‍ രണ്ടക്ക നമ്പര്‍ ഞങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പറയുന്നത്. ഈ ജയിച്ചു വരുന്നവരില്‍ നല്ലൊരു വിഭാഗം ബിജെപിക്കൊപ്പം നില്‍ക്കുമെന്ന നില വരുമെന്നതാകും അവര്‍ പ്രതീക്ഷിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരെങ്കിലും പോകുന്നോ ഇല്ലയോ എന്നുള്ളതല്ല, കോണ്‍ഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. ബിജെപിയിലേക്ക് ചേക്കേറാന്‍ ഏത് കോണ്‍ഗ്രസ് നേതാവിനും കേരളത്തില്‍ പ്രയാസമില്ല എന്ന നില വന്നാല്‍ ആളുകള്‍ എങ്ങനെയാണ് ഇവരെ വിശ്വസിച്ച് വോട്ടു ചെയ്ത് വിജയിപ്പിക്കുകയെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു.
എകെ ആന്റണിയുടെ മകന്‍ പോയി. കെ കരുണാകരന്റെ മകള്‍ പോകുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. ആരൊക്കെ പോകുമെന്ന് ഇനി കണ്ടറിയാം. വടകരയില്‍ ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.