ഗ്യാസ് കുറ്റി സ്ട്രച്ചറിൽ കിടത്തി പ്രതിഷേധവുമായി ഹോട്ടൽ അസോസിയേഷൻ: തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റത്തിന് എതിരെ പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: അടിയ്ക്കടി പൊള്ളിക്കുന്ന പാചക വാതക വില വർദ്ധനവിന് എതിരെ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. പാചക വാതക സിലിണ്ടർ സ്ട്രച്ചറിൽ കിടത്തിയായിരുന്നു പ്രതിഷേധ ധർണ. ധർണയും സമരവും തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഹോട്ടലുകൾ അടച്ച് പൂട്ടിയിട്ടും സർക്കാരുകൾ കൃത്യമായ ഇടപെടൽ നടത്തുന്നില്ല. ഈ മേഖലയിൽ പ്രതിസന്ധി പരിഹരിക്കാൻ കൃത്യമായ സഹായം കൂടിയേ തീരു. വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹോട്ടൽ അസോസിയേഷൻ ളില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പ് കുട്ടി , സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് , ജില്ലാ സെക്രട്ടറി എൻ. പ്രതീഷ് , കേറ്ററിങ്ങ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി ഏലിയാസ് സഖറിയ , ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, സെക്രട്ടറി ജോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
തൊട്ടാൽ പൊള്ളുന്ന വിലയിൽ ഞെട്ടി ഹോട്ടൽ മേഖല. അടിയ്ക്കടി പൊള്ളിക്കുന്ന പാചക വാതക വില വർദ്ധനവിനും, അവശ്യ സാധന വിലയ്ക്കും, നിലം പരിശാക്കുന്ന ഇന്ധന വില വർദ്ധനവിനും എതിരെയാണ് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ സമരം നടത്തിയത്. കേറ്ററിംഗ് അസോസിയേഷൻ പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമായി പങ്കെടുത്തു.