play-sharp-fill
‘ആ ഓർമയില്‍ ഞാൻ പൊക്കിള്‍ക്കൊടി മുറിച്ചു’ ; തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അസം സ്വദേശിനിയായ യുവതിയുടെ പ്രസവമെടുത്ത് ശുചീകരണ തൊഴിലാളി സുഹറ

‘ആ ഓർമയില്‍ ഞാൻ പൊക്കിള്‍ക്കൊടി മുറിച്ചു’ ; തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ അസം സ്വദേശിനിയായ യുവതിയുടെ പ്രസവമെടുത്ത് ശുചീകരണ തൊഴിലാളി സുഹറ

തൃശ്ശൂർ : പ്രാണൻ പോവുന്ന വേദനയിൽ അലമുറയിട്ട് കരഞ്ഞ യുവതിയെ മാതൃവാത്സല്യത്തോടെ ചേർത്തുനിർത്തി പ്രസവമെടുത്ത് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ  ശുചീകരണ തൊഴിലാളി സുഹറ.

‘രാവിലെ പത്തര കഴിഞ്ഞപ്പോ സൂപ്പർവൈസർ വിജിത എന്നെ വിളിച്ചു, സുഹറാത്താ ഓടിവാ… ദേ, ഇവിടെ പ്രസവം നടക്കുന്നു.

ഞാൻ എത്തിയപ്പോഴേക്കും ആർ.പി.എഫി.ലെ വനിതാജീവനക്കാർ അവള്‍ക്കുചുറ്റും കൂടിനിന്നിരുന്നു. ചായക്കടയില്‍നിന്ന് വാങ്ങിയ ചൂടുവെള്ളത്തിലിട്ട് അണുവിമുക്തമാക്കിയ കത്രിക ആരോ എത്തിച്ചു. സ്വന്തം മുറിയിലെ കിടക്കവിരികളും മറ്റും സ്റ്റേഷൻമാസ്റ്റർ ജോർജ് സാർ തന്നു. ധൈര്യത്തോടെ ഞാൻ പ്രസവമെടുത്തു’ – തൃശ്ശൂർ റെയില്‍വേ സ്റ്റേഷനില്‍ അസം സ്വദേശിയായ ജസ്മി(25)ന്റെ പ്രസവമെടുക്കാനിടയായത് ശുചീകരണത്തൊഴിലാളിയായ സുഹറ വിശദീകരിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനോടുചേർന്ന് എസ്കലേറ്ററിനു പിൻവശത്തുള്ള സ്ഥലത്താണ് ജസ്മിൻ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജസ്മിനും മൂന്നു വയസ്സുകാരൻ മകൻ സഹദ് അലിയും രണ്ടു ദിവസം മുൻപാണ് തൃശ്ശൂർ സ്റ്റേഷനിലെത്തിയത്. ചൈല്‍ഡ്ലൈൻ പ്രവർത്തകർ അന്വേഷിച്ചപ്പോള്‍ ചൊവ്വാഴ്ച രാവിലെയുള്ള ട്രെയിനില്‍ പോകാനാണെന്ന് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് പ്രസവം നടന്നത്. ശുചീകരണത്തൊഴിലാളികളും റെയില്‍വേ ജീവനക്കാരും ആർ.പി.എഫും ഒന്നിച്ചുനിന്ന് യുവതിക്ക് സഹായമേകി. മലപ്പുറം എടരിക്കോട്ടാണ് ജസ്മിന്റെ ഭർത്താവ് സുല്‍ത്താൻ മുഹമ്മദ് കൂലിപ്പണി ചെയ്യുന്നത്. പ്രസവമടുത്തപ്പോള്‍ ഭാര്യയെ നാട്ടിലേക്ക് ട്രെയിൻകയറ്റി വിട്ടതാണ്. എന്നാല്‍, തന്നോട് പറയാതെ അവർ മടങ്ങിവന്നെന്നും ഇയാള്‍ പറയുന്നു.

യുവതിയുടെ ബാഗില്‍നിന്ന് ലഭിച്ച നമ്ബറില്‍ സ്റ്റേഷൻ മാസ്റ്റർ എം.എ. ജോർജ് വിളിച്ച്‌ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ ഫോട്ടോ അയച്ചുകൊടുത്തു. സുല്‍ത്താൻ ചൊവ്വാഴ്ച ഉച്ചയോടെ തൃശ്ശൂർ ജനറല്‍ ആശുപത്രിയിലെത്തി. അതുവരെ സ്റ്റേഷനിലെ ചൈല്‍ഡ്ലൈൻ പ്രവർത്തക അശ്വതിയുടെ സംരക്ഷണത്തിലായിരുന്നു സഹദ് അലി.

‘ആ ഓർമയില്‍ ഞാൻ പൊക്കിള്‍ക്കൊടി മുറിച്ചു’

‘നഴ്സിങ്ങിന് മകള്‍ പഠിച്ചിരുന്നപ്പോള്‍ അവളുടെ പുസ്തകം മറിച്ചുനോക്കിയിരുന്നു. അന്ന് മനസ്സില്‍പ്പതിഞ്ഞ കാര്യമുണ്ടായിരുന്നു. പൊക്കിള്‍ക്കൊടി എത്ര സെന്റിമീറ്റർവെച്ച്‌ മുറിക്കണമെന്നതായിരുന്നു അത്. ആ ഓർമയില്‍ പൊക്കിള്‍ക്കൊടി മുറിച്ചു’ -അറുപതുകാരിയായ സുഹറയുടെ വാക്കുകളില്‍ പിറവിക്ക് തുണയായതിന്റെ സന്തോഷം. വടക്കാഞ്ചേരി കുരിശുപള്ളിക്കു പിറകില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവർ പത്തുവർഷമായി തൃശ്ശൂർ സ്റ്റേഷനില്‍ ശുചീകരണവിഭാഗത്തിലെ ജോലിക്കാരിയാണ്. നാരകത്തുപറമ്ബില്‍ കബീറിന്റെ ഭാര്യയാണ്.

രണ്ടാംതവണയാണ് സുഹറ സ്റ്റേഷനില്‍ പ്രസവമെടുക്കുന്നത്. 2017-ല്‍ തൃശ്ശൂർ സ്റ്റേഷനിലെത്തിയ ട്രെയിനില്‍ പ്രസവവേദനകൊണ്ട് പുളഞ്ഞ എറണാകുളം സ്വദേശിനിയെ കമ്ബാർട്ട്മെന്റില്‍ക്കയറി സുഹറ സഹായിച്ചിരുന്നു. തെങ്ങുകയറ്റം, കൃഷിയിടങ്ങളില്‍ യന്ത്രനടീല്‍, തുന്നല്‍ ജോലി എന്നിവയും സുഹറക്കറിയാം. മൂന്നുപെണ്‍മക്കളെ വിവാഹം കഴിച്ചയച്ചു. ജീവിത പ്രാരാബ്ദങ്ങള്‍ മൂലം മൂന്ന് സെന്റ് ഭൂമി വിറ്റു. സ്വന്തമായി വീടിനായി ലൈഫ് മിഷൻ പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.