മതപരിവര്‍ത്തനത്തിനെതിരെ കര്‍ശന നിയമം; 500 ചര്‍ച്ചുകള്‍ പൊളിക്കണമെന്ന് ശ്രീരാമ സേന; ‘ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസിങ് കര്‍ണാടകയിലും നടപ്പാക്കണം’

മതപരിവര്‍ത്തനത്തിനെതിരെ കര്‍ശന നിയമം; 500 ചര്‍ച്ചുകള്‍ പൊളിക്കണമെന്ന് ശ്രീരാമ സേന; ‘ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസിങ് കര്‍ണാടകയിലും നടപ്പാക്കണം’

Spread the love

സ്വന്തം ലേഖകൻ

മൈസൂരു: കര്‍ണാടകയിലെ 500 അനധികൃത ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ ലിസ്റ്റ് തങ്ങളുടെ ​പക്കലുണ്ടെന്നും അത് ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ക്കണ​മെന്നും തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനയുടെ നേതാവ് പ്രമോദ് മുത്തലിക്.

ഹിന്ദുക്കളെ നിര്‍ബന്ധിച്ച്‌ ക്രിസ്ത്യാനികളിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസിങ് കര്‍ണാടകയിലും നടപ്പാക്കണം. സംസ്ഥാനത്തെ അനധികൃത ചര്‍ച്ചുകള്‍ പൊളിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മൈസൂരുവില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുത്തലിക് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ദിവസവും ആയിരക്കണക്കിന് ഹിന്ദുക്കള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുകയാണ്. ചതിച്ചും ബലം പ്രയോഗിച്ചുമാണ് മതം മാറ്റുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ, മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമം കൊണ്ടുവരിക. ഒപ്പം അനധികൃത ചര്‍ച്ചുകള്‍ ബുള്‍ഡോസ് ചെയ്ത് പൊളിച്ചുകളയുക.

കഴിഞ്ഞ വര്‍ഷങ്ങളില്‍ അനധികൃതമായി നിര്‍മിച്ച ചര്‍ച്ചുകളുടെ പട്ടിക ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാര്‍ സമാഹരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 500 ചര്‍ച്ചുകള്‍ ഞങ്ങള്‍ കണ്ടെത്തി. സര്‍ക്കാര്‍ പുതിയ നിയമം അവതരിപ്പിക്കുന്ന പക്ഷം, ഞങ്ങള്‍ അധികാരികളെ കണ്ട് പട്ടിക കൈമാറും. പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെടും’ ‘ -പ്രമോദ് മുത്തലിക് പറഞ്ഞു.

മുസ്‍ലിം പള്ളികളിലെ ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ശ്രീരാമ സേന നടത്തിയ പ്രതിഷേധങ്ങള്‍ വിവാദമായിരുന്നു. ഹിന്ദു ഭക്തിഗാനങ്ങള്‍ ഉച്ചത്തില്‍ കേള്‍പ്പിച്ചായിരുന്നു പ്രതി​ഷേധം. ഇ​തിനുപിന്നാലെ രാത്രി 10നും രാവിലെ ആറിനും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗം കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചു. ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

ബി.ജെ.പി നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംസ്ഥാനത്തെ അംഗീകൃത, അനംഗീകൃത ക്രിസ്ത്യന്‍ പള്ളികളെ കുറിച്ച്‌ സര്‍ക്കാര്‍ സര്‍വേയും നടത്തിയിരുന്നു. മൂന്ന് സര്‍വെകളാണ് ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ നടത്തിയത്. അനുമതിയോടെ പ്രവര്‍ത്തിക്കുന്നതും അനധികൃതവുമായ ചര്‍ച്ചുകള്‍ കണ്ടെത്താന്‍ എല്ലാ ജില്ലകളിലേയും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതിനിടെ, മദ്റസകള്‍ക്കെതിരെയും വര്‍ഗീയ പ്രചാരണവുമായി ശ്രീ രാമ സേന രംഗത്തുവന്നിട്ടുണ്ട്. ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്റസ വിദ്യാഭ്യാസത്തിനായി പാഴാക്കുകയാണെന്നും മദ്രസകള്‍ നിരോധിക്കണമെന്ന് നിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീ രാമ സേന പ്രചാരണം തുടങ്ങുമെന്നും ശ്രീ രാമ സേന തലവന്‍ പ്രമോദ് മുത്തലിക് പറഞ്ഞു. ‘ഹിന്ദു പെണ്‍കുട്ടി പോയാല്‍ ഹിന്ദു ആണ്‍കുട്ടികള്‍ ആ ‘ലൈന്‍’ നികത്താന്‍ തയ്യാറാണ്. മുസ്‍ലിം പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ അവര്‍ തയ്യാറാണ്. ഞങ്ങള്‍ ‘ലൗ കേസരി’ തുടങ്ങും. അപ്പോള്‍ എന്ത് സംഭവിക്കും?’ -പ്രമോദ് ചോദിച്ചു.