കൊച്ചി ലോഡ്ജ് ഉടമയിൽ നിന്നു പണം തട്ടിയ കേസ് : ദമ്പതികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ
സ്വന്തം ലേഖിക
കൊച്ചി: ലോഡ്ജിൽനിന്നു കഴിച്ച പാനീയത്തിൽനിന്നു ഭക്ഷ്യവിഷബാധ ഉണ്ടായെന്നു തെറ്റിദ്ധരിപ്പിച്ച് ലോഡ്ജ് ഉടമയിൽനിന്നു പണം തട്ടിയ കേസിൽ ദമ്പതികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ.
ഫോർട്ടുകൊച്ചിയിലെ ലോഡ്ജ് ഉടമയെയും സുഹൃത്തിനെയും ആശുപത്രി മുറിയിൽ പൂട്ടിയിട്ട് പണവും തിരിച്ചറിയൽ രേഖയും തട്ടിയെടുത്ത് വിഡിയോ റിക്കോർഡ് ചെയ്തു ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.
സംഭവത്തിൽ ഫോർട്ടുകൊച്ചി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷാജഹാൻ(25), മട്ടാഞ്ചേരി മംഗലത്തുപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന നസീർ, ഭാര്യ റിൻസീന (29) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോഡ്ജ് മുറിയിൽനിന്നു ശീതള പാനീയം കഴിച്ച് ആശുപത്രിയിലായി എന്നു പറഞ്ഞ് ആശുപത്രി മുറിയിലേയ്ക്കു വിളിച്ചു വരുത്തി മുറി പൂട്ടിയിട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. പണവും മറ്റും തട്ടിയെടുത്ത ശേഷം വിട്ടയച്ചതോടെ ഇവർ മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മിഷണർക്കു പരാതി നൽകി.
തുടർന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കസ്റ്റഡിയിലുള്ള റിൻസീന സമാന രീതിയിൽ നേരത്തെയും തട്ടിപ്പു നടത്തിയിരുന്നതായി പൊലീസിനോടു സമ്മതിച്ചു.
നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ദീർഘകാല ചികിത്സ തേടി എത്തുന്നവർക്കു താമസിക്കാൻ സൗകര്യം ഏർപ്പാടാക്കി നൽകുന്ന സ്ഥാപനം നടത്തിയിരുന്ന ആളുമായി ചേർന്നായിരുന്നു തട്ടിപ്പ്.
കൂടുതൽ പേർ സമാന തട്ടിപ്പിൽ ഇരകളായിട്ടുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രതികളെ മട്ടാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണർ വി.ജി.രവീന്ദ്രനാഥ് പറഞ്ഞു.