യാത്രാ അനുമതി കേന്ദ്രം നിഷേധിച്ചു ; കുവൈറ്റ് യാത്ര ഉപേക്ഷിച്ച് ആരോഗ്യമന്ത്രി
സ്വന്തം ലേഖകൻ
കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കുവൈറ്റ് യാത്ര ഉപേക്ഷിച്ചു. കേന്ദ്രം യാത്രയ്‌ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് യാത്ര മുടങ്ങിയത്. ആരോഗ്യമന്ത്രി കൊച്ചി വിമാനത്താവളത്തില്‍ തുടരുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് കുവൈറ്റിലേക്ക് പോകുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു. ജീവൻ ബാബുവിനും യാത്രാ അനുമതി കേന്ദ്രം നിഷേധിച്ചു.
ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നും കേന്ദ്രസര്‍ക്കാര്‍. രേഖാമൂലമുള്ള മറുപടിയില്‍ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം. കുവൈറ്റിലെ മംഗഫില്‍ കമ്ബനി ജീവനക്കാര്‍ താമസിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി കാബിനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് വിവരം. ഇത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാക്കി. ഇതോടെ സുരക്ഷിതമല്ലാതെ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു. മൂന്ന് പേരെ തിരിച്ചറിയാനുണ്ടെന്നും നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു. 25 മലയാളികള്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. 24 മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 40 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഒമ്ബത് പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്നതില്‍ കൂടുതല്‍ പേരും മലയാളികളാണ്.
മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയില്‍ എത്തിക്കും. നാളെ 8:30ന്റെ വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ആംബുലൻസുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്‌ക്ക് നിർദ്ദേശം നല്‍കി.