
വൈക്കം: വെച്ചൂർ കല്ലറ റോഡിൽ വൻ വാഹനാപകടം. പെരുന്തുരുത്തിന് സമീപത്തു വച്ച് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നു പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ കാർ യാത്രക്കാർക്ക് പരിക്കേറ്റു. തകർന്ന കാറിൽ കുടുങ്ങിയ 2 പേരെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. കാറിലുണ്ടായിരുന്നവരുടെ അസ്ഥികൾക്ക് പൊട്ടലുണ്ടായി. കല്ലറ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന തീർത്ഥാടകസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
തകർന്ന കാറിനുള്ളിൽ അകപ്പെട്ട രണ്ടുപേരെ കടുത്തുരുത്തി ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് തോടിനരികിലെ കൽക്കട്ടിലും മരത്തിലും ഇടിച്ചാണ് നിന്നത്. വൈക്കത്ത് നിന്ന് ഒരു ഫയർഫോഴ്സ് ടീം കൂടിയെത്തിയാണ് വാഹനം റോഡിൽ നിന്ന് നീക്കിയത്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. പ്രദേശവാസികളായ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്.






