play-sharp-fill
പോർഷെ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം; രക്ത സാംപിളിലെ കൃത്രിമം, 17 കാരന്റെ അമ്മ അറസ്റ്റിൽ

പോർഷെ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം; രക്ത സാംപിളിലെ കൃത്രിമം, 17 കാരന്റെ അമ്മ അറസ്റ്റിൽ

പുനെയില്‍ മദ്യപിച്ച്‌ ആഡംബര വാഹനമോടിച്ച്‌ ബൈക്ക് യാത്രികരായ രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 17കാരന്റെ അമ്മയും അറസ്റ്റില്‍.

പതിനേഴുകാരൻ്റെ അമ്മ ശിവാനി അഗർവാളാണ് ഒടുവിലായി കേസില്‍ അറസ്റ്റിലായിട്ടുള്ളത്. 17കാരൻ മദ്യപിച്ചില്ലെന്ന് വരുത്താൻ പ്രതിയുടേതിന് പകരം അമ്മയുടെ രക്തസാംപിളാണ് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു. രക്ത സാംപിളില്‍ കൃത്രിമം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് പതിനേഴുകാരന്റെ അമ്മ അറസ്റ്റിലായത്. കുറ്റമേല്‍ക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയില്‍ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരൻ്റെ അച്ഛൻ വിശാല്‍ അഗർവാളും മുത്തച്ഛൻ സുരേന്ദ്ര അഗർവാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

പൂനെയെ നടുക്കിയ ദാരുണമായ വാഹനാപകടത്തിനു പിന്നാലെ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ സമ്ബന്ന കുടുംബം നടത്തിയ ഗൂഡാലോചന ഒന്നൊന്നായി പുറത്തു വന്നിരുന്നു. മെയ് 19നാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കുന്നതിന് മുൻപ് ബാറില്‍ നിന്ന് മദ്യപിച്ച 17കാരന്റെ രക്ത സാംപിളില്‍ മദ്യത്തിന്റെ അംശമില്ലെന്ന് മെഡിക്കല്‍ റിപ്പോർട്ട് വന്നതോടെ പൊലീസിനെതിരെ വലിയ രീതിയിലാണ് വിമർശനം ഉയർന്നത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സംഭവത്തിലെ ഞെട്ടിക്കുന്ന ഗൂഡാലോചന പുറത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ അച്ഛനില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി ചീഫ് മെഡിക്കല്‍ ഓഫിസറും ഫൊറൻസിക് മേധാവിയും ചേർന്നാണ് രക്ത സാംപിളില്‍ കൃത്രിമം നടത്തിയത്. പതിനേഴുകാരന്റെ രക്തസാംപിള്‍ ചവറ്റുകുട്ടയിലെറിഞ്ഞ ഡോക്ടർമാർ പകരം പരിശോധിച്ചത് അമ്മ ശിവാനി അഗർവാളിന്റെ രക്ത സാംപിളായിരുന്നു. ഇതോടെ ഡോക്ടർമാരെ സസ്പെൻഡ് ചെയ്യുകയും ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ജുവനൈല്‍ ഹോമില്‍ കഴിയുന്ന പതിനേഴുകാരന്റെ കസ്റ്റഡി കാലാവധി അടുത്ത ബുധനാഴ്ച്ച തീരാനിരിക്കെയാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അപകടം നടന്ന ഉടൻ വിവരം കണ്ട്രോള്‍ റൂമില്‍ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു എസ് ഐയും കോണ്‍സ്റ്റബിളിനെയും സസ്പെൻഡ് ചെയ്തിരുന്നു.