ബാൻഡ് എയ്ഡുകളിൽ ഉപദ്രവകാരികളായ കെമിക്കലുകൾ ; അവ അത്ര സുരക്ഷിതമല്ലെന്നും കാൻസറുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകുന്നുവെന്നും പഠനം
സ്വന്തം ലേഖകൻ
മുറിവുകളെ സംരക്ഷിക്കാൻ പൊതുവേ ഉപയോഗിച്ചുവരുന്ന ഒന്നാണ് ബാൻഡ് എയ്ഡുകൾ. എന്നാൽ ഇവയും ബാൻഡേജുകളുമൊക്കെ അത്ര സുരക്ഷിതമല്ലെന്നും കാൻസറുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്ക് കാരണമാകുന്നുമുണ്ടെന്നാണ് അമേരിക്കയിൽ നിന്നുള്ള പുതിയൊരു പഠനത്തിൽ പറയുന്നത്.
ബാൻഡ് എയ്ഡ്, ക്യുറാഡ്, വാൾമാർട്ട്, സി.വി.എസ്. തുടങ്ങി യു.എസിലെ നാൽപതിനം ബാൻഡേജുകളിൽ നടത്തിയ പരിശോധനയിലാണ് അറുപത്തിയഞ്ചു ശതമാനത്തോളം ബാൻഡ് എയ്ഡുകളിലും ഉപദ്രവകാരികളായ കെമിക്കലുകളുണ്ടെന്ന് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോർഎവർ കെമിക്കൽസ് എന്ന് വിളിക്കപ്പെടുന്ന PFAS-( per- and polyfluoroalkyl substances)ന്റെ സാന്നിധ്യമാണ് ഇവയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക്കുകൾക്ക് കൂടുതൽ വഴക്കം വരാനാണ് ഇവ ചേർക്കുന്നത്. ഇത് ശരീരത്തിലെത്തിയാലും വർഷങ്ങളോളം നിലനിൽക്കുമെന്നും കാൻസർ, പ്രത്യുത്പാദനസംബന്ധമായ പ്രശ്നങ്ങൾ, തൈറോയ്ഡ് തകരാറുകൾ, പ്രതിരോധശേഷി കുറയൽ തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നുമാണ് പഠനത്തിലുള്ളത്.
നോൺസ്റ്റിക്ക് കുക്ക് വെയർ, ഷാംപൂ, മേക്ക്അപ് വസ്തുക്കൾ തുടങ്ങിയ മറ്റുപലതിലും ഇവ ക്രമാതീതമായ അളവിൽ ഉള്ളതായി പഠനത്തിൽ പറയുന്നു. ബാൻഡ് എയ്ഡുകൾ നേരിട്ട് മുറിവുകളിലേക്ക് വെക്കുന്നതായതിനാൽ തന്നെ ഈ കെമിക്കലുകൾക്ക് ശരീരത്തിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കുമെന്നതാണ് സാഹചര്യം വഷളാക്കുന്നത്. ഇവ പതിയേ ശരീരത്തിലെത്തുകയും കാലക്രമേണ ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
എൻവയോൺമെന്റൽ വെൽനസ് ബ്ലോഗായ മാമാവേഷൻ നടത്തിയ ഗവേഷണത്തിലാണ് നാൽപതോളം ബാൻഡേജുകളെ പരിശോധിച്ച് പ്രസ്തുത നിഗമനത്തിലെത്തിയത്. ആശങ്കപ്പെടുത്തുന്ന കണ്ടെത്തലാണിതെന്നും ഇത്തരം കെമിക്കലുകൾ മുറിവുണക്കാൻ ഉപയോഗിക്കേണ്ടതില്ലെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസ് ആന്റ് നാഷണൽ ടോക്സിക്കോളജി പ്രോഗ്രാം മുൻ ഡയറക്ടറായ ലിൻഡാ എസ് ബിൺബൗം പറഞ്ഞു. ഇവയുടെ സാന്നിധ്യം ഇത്തരം ബാൻഡ്എയ്ഡുകളിൽ നിന്നും ബാൻഡേജുകളിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
അന്തരീക്ഷത്തിൽ അലിഞ്ഞുചേരില്ലെന്നതും മനുഷ്യശരീരത്തിൽ വർഷങ്ങളോളം നിലനിൽക്കുമെന്നതുമാണ് PFAS ഉയർത്തുന്ന പ്രധാനവെല്ലുവിളി. ബാൻഡ് എയ്ഡുകൾ വാങ്ങുംമുമ്പ് അവ PFAS-മുക്തമാണെന്ന് പരിശോധിക്കുന്നതാണ് നല്ലതെന്നും ഗവേഷകർ പറയുന്നുണ്ട്. ഇവയ്ക്ക് പകരം സാധാരണ കോട്ടൺ ബാൻഡേജുകളോ, പ്രകൃതിയിൽ അലിഞ്ഞുചേരുന്ന വിധത്തിലുള്ള ഉത്പന്നങ്ങളോ ഉപയോഗിക്കുകയാണ് അഭികാമ്യമെന്നും ഗവേഷകർ പറയുന്നുണ്ട്.