വസ്തു പോക്ക് വരവ് ചെയ്ത് കൊടുക്കാൻ കൈക്കൂലി; ഓമല്ലൂർ വില്ലേജ് ഓഫീസർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: വസ്തു പോക്ക് വരവ് ചെയ്ത് കൊടുക്കാൻ വേണ്ടി വസ്തു ഉടമയിൽ നിന്നും കൈക്കൂലി വാങ്ങിയ ഓമല്ലൂർ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു.
വില്ലേജ് ഓഫീസർ കിടങ്ങന്നൂർ കോട്ട സൗപർണ്ണികയിൽ കെ. ജി. സന്തോഷ് കുമാർ (52)നെയാണ് അറസ്റ്റ് ചെയ്തത്. വസ്തു പോക്ക് വരവ് ചെയ്യുന്നതിന് വാഴമുട്ടം സ്വദേശി ശിവകുമാറിന്റെ കയ്യിൽ നിന്നും 3000 രൂപ വാങ്ങവെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
5000 രൂപയാണ് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച അപേക്ഷ നൽകിയപ്പോൾ പ്രമാണത്തിൽ ചില തടസ്സങ്ങൾ ഉണ്ടെന്നും പണവുമായി എത്താനും ആവശ്യപ്പെട്ടു.
ഇത്രയും പണം എടുക്കാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ 3000 കൊണ്ടുവരാൻ പറയുകയായിരുന്നു.തുടർന്ന് പരാതിക്കാരൻ പത്തനംതിട്ട വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരന് പരാതി നൽകുകയായിരുന്നു.
തുടർന്ന് വിജിലൻസ് നൽകിയ പണവുമായാണ് പരാതിക്കാരൻ വ്യാഴാഴ്ച വൈകിട് 4ന് ഓഫീസിൽ എത്തിയത്. ഈ സമയം മറ്റൊരു വിജിലൻസ് ഉദ്യോഗസ്ഥൻ വിവരാവകാശ അപേക്ഷ നൽകാനെന്ന പേരിൽ വേഷം മാറി വില്ലേജ് ഓഫീസിൽ എത്തിയിരുന്നു.
ഈ സമയം പുറത്ത് മറ്റ് വിജിലൻസ് ഉദ്യോഗസ്ഥരും മാറി നിന്നു. പുറത്താരും ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് പരാതിക്കാരന്റെ കയ്യിൽ നിന്നും വില്ലേജ് ഓഫീസർ പണം വാങ്ങിയത്.
മുറിയുടെ ജനാലുകൾ കർട്ടൻ ഇട്ട് മറച്ചിരുന്നു’ ഉടനെ വിജിലൻസ് കയ്യോടെ പിടികൂടുകയും ചെയ്തു. ഈ സമയം ഇദ്ദേഹത്തിന്റെ കിടങ്ങന്നൂരിലെ വീട്ടിലും റെയ്ഡ് നടന്നു.
വില്ലേജ് ഓഫീസർക്കെതിരെ എറെ നാളായി വ്യാപക പരാതികളുണ്ടായിരുന്നു. എന്നാൽ ആരും രേഖാമൂലം പരാതി നൽകാൻ തയ്യാറായില്ല. നിരവധി പേരിൽ നിന്നും ഇദ്ദേഹം കൈക്കൂലി വാങ്ങിയിട്ടുണ്ട്.
ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയിട്ടുള്ളതായും ഇപ്പോൾ ആരോപണമുയർന്നിട്ടുണ്ട്.ഓമല്ലൂരിൽ വ്യാപകമായി നിലം നികത്തിയത് ഇയാൾ വില്ലേജ് ഓഫീസറായ ശേഷമാണെന്നും നാട്ടുകാർ പറഞ്ഞു.
നിസാര കാര്യത്തിന് ചെന്നാലും ആളുകളെ ദിവസങ്ങൾ നടത്തിയിരുന്നു. ഒടുവിൽ കൈക്കുലി നൽകിയാൽ മാത്രമേ കാര്യം സാധിക്കുകയുള്ളൂ. 6 മാസമായി വിജിലൻസ് നിരീക്ഷണത്തിലുമായിരുന്നു ഇയാൾ.