
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓഖി എന്ന അതിഭീകര ചുഴലിക്കാറ്റ് വിതച്ച ഭീതിയുടെ ഞെട്ടലിൽ നിന്നും കേരളം എന്ന കൊച്ചു നാട് ഇനിയും മാറിയിട്ടില്ല. ഓഖി സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളായിരുന്നു കേരളത്തിന്. ഇതിനു പിന്നാലെയാണ് ബുറേവി എന്ന ഭീകര കൊടുങ്കാറ്റ് കേരള തീരം ലക്ഷ്യമിട്ടു വരുന്നെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. ഓഖിയും, രണ്ടു പ്രളയങ്ങളും ഏറ്റവും ഒടുവിൽ കൊവിഡും തകർത്ത കേരളത്തിലാണ് ഇക്കുറി വീണ്ടും ബുറേവി എത്തുന്നത്.
ബുറേവി ചുഴലിക്കാറ്റ് തൂത്തുക്കുടിയിൽ നിന്ന് തിരുനൽവേലി കടന്ന് കേരളത്തിൽ പ്രവേശിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തിയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ആലപ്പുഴ, ജില്ലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകാനിടയുണ്ട്. നാലിന് രാവിലെ തമിഴ്നാട് തീരത്തെത്തി ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി മാറി തെക്കൻ കേരളം വഴി ബുറേവി അറബിക്കടലിലേക്ക് പോകുമെന്നാണ് കണക്കുകൂട്ടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാത്രിയിലോ, വെള്ളിയാഴ്ച പുലർച്ചെയോ കേരളത്തിലൂടെ കടന്നുപോകും. ഇപ്പോഴത്തെ മുന്നറിയിപ്പ് അനുസരിച്ച് മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കും. ഇതിനോട് അനുബന്ധിച്ച് ശക്തമായ മഴയുമുണ്ടാകും. തിരുവനന്തപുരത്തെ 43 വാർഡുകൾ അതീവ ജാഗ്രതയിലാണ്. ഇവിടെ പ്രത്യേക നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ കേരളത്തിനൊപ്പം മധ്യകേരളത്തിലും കാലാവസ്ഥാ വിദഗ്ധർ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. തെക്കൻ ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.