play-sharp-fill
ഒരു ക്ഷേത്ര സംസ്കൃതിയുടെ ദേവഭാവങ്ങൾ ഉണർത്തിയ  ” മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി “എന്ന ഗാനത്തിന് സംഗീതം നിർവഹിച്ചത് ഒരു മലയാളിയല്ല

ഒരു ക്ഷേത്ര സംസ്കൃതിയുടെ ദേവഭാവങ്ങൾ ഉണർത്തിയ ” മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി “എന്ന ഗാനത്തിന് സംഗീതം നിർവഹിച്ചത് ഒരു മലയാളിയല്ല

കോട്ടയം: എം ടി വാസുദേവൻ നായർ , ഹരിഹരൻ , ഓ എൻ വി തുടങ്ങിയ പ്രതിഭാധനന്മാരുടെ
അപൂർവ്വ സംഗമമായിരുന്നു
” നഖക്ഷതങ്ങൾ ” എന്ന ചേതോഹരമായ ചലച്ചിത്രം .
ചിത്ര എന്ന മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടിക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത “മഞ്ഞൾപ്രസാദവും
നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി … ”
എന്ന അപൂർവ്വ സുന്ദരഗാനം ഈ സിനിമയിലായിരുന്നുവല്ലോ….?
ഈ പാട്ടിന്റെ പശ്ചാത്തലസംഗീതം പ്രിയ വായനക്കാർ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല.
ഇടയ്ക്ക ,മദ്ദളം ,ഇലത്താളം, തിമില, ചെണ്ട, നാദസ്വരം, തകിൽ തുടങ്ങിയ കേരളീയ
ക്ഷേത്രവാദ്യങ്ങളുടെ നാദബ്രഹ്മങ്ങളായിരുന്നു ഈ ഗാനത്തിന്റെ പല്ലവിയേയും അനുപല്ലവികളേയുമെല്ലാം കൂട്ടിയിണക്കിയത്.
ഒരു ക്ഷേത്ര സംസ്കൃതിയുടെ ദേവഭാവങ്ങൾ ഉണർത്തിയ ഈ ഗാനത്തിന് സംഗീതം നിർവഹിച്ചത് ഒരു മലയാളിയല്ല എന്നറിയുമ്പോൾ നമ്മളെങ്ങിനെയാണ് വിസ്മയിക്കാതിരിക്കുക …?
അതെ, ഉത്തരേന്ത്യക്കാരനായ ബോംബെ രവി എന്ന സംഗീത സംവിധായകനാണ് ‘നഖക്ഷതങ്ങ” ളിലെ വശ്യസുന്ദരമായ ഗാനങ്ങളിലൂടെ കേരളീയരെയാകെ അത്ഭുതപരതന്ത്രരാക്കിയത്.
ഈ സംഗീതസംവിധായകന്റെ സംഗീതത്തോടുള്ള സമർപ്പണ ബോധം അറിയണമെങ്കിൽ
ഒരു ഗാനം കൂടി എടുത്തുപറയേണ്ടിയിരിക്കുന്നു.
എം ടി, ഹരിഹരൻ ടീമിന്റെ തന്നെ “പരിണയം ” എന്ന ചിത്രത്തിലെ “പാർവ്വണേന്ദുമുഖി പാർവ്വതി …..”എന്ന താളാത്മകമായ ഗാനം ഒന്ന് ഓർത്തു നോക്കൂ.
കേരളത്തനിമയാർന്ന ഐതിഹ്യങ്ങളിൽ തുടിച്ചുനിൽക്കുന്ന
“തിരുവാതിര ” എന്ന മലയാളി മങ്കമാരുടെ തനതു കലാരൂപത്തിന്റെ ഭാവാത്മകത ഒട്ടും ചോർന്നുപോകാതെ കേരളീയ സംസ്കൃതിയുടെ താള ബോധത്തോടെ എത്ര സുന്ദരമായാണ് ഈ ഉത്തരേന്ത്യക്കാരൻ നമ്മുടെ പൈതൃകസംഗീതത്തിന്റെ മാന്ത്രിക സ്പർശത്തിലൂടെ ആ ഗാനത്തെ ആസ്വാദ്യകരമാക്കിയത് . തിരുവാതിരക്കളിയുടെ താളാത്മകമായ ചുവടുകൾക്ക് ദൃശ്യചാരുത പകർന്നു നൽകിയ ഇത്ര സുന്ദരമായ ഒരു ഗാനത്തിന് സാക്ഷാത്ക്കാരം നൽകാൻ മലയാളികളായ സംഗീത സംവിധായകർക്കു പോലും കഴിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല….
1926 മാർച്ച് 3-ന് ഡെൽഹിയിൽ ജനിച്ച രവിയുടെ യഥാർത്ഥ പേര് രവിശങ്കർശർമ്മ എന്നാണ്.
ഉത്തരേന്ത്യൻ ചലച്ചിത്ര സംഗീത രംഗത്ത് മെലഡികളുടെ വിസ്മയം തീർത്തു കൊണ്ടാണ് രവിയുടെ സംഗീത ജീവിതം ആരംഭിക്കുന്നത്.
1960-ൽ പുറത്തുവന്ന
” ചൗദ് വി കാ ചാന്ത് ഹോ ….”എന്ന മുഹമ്മദ് റാഫിയുടെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ഗാനമാണ് രവി
എന്ന സംഗീത സംവിധായകനെ പ്രശസ്തിയിലേക്കുയർത്തിയത്. 1986 -ൽ ഹരിഹരനാണ്
” പഞ്ചാഗ്നി ” എന്ന ചിത്രത്തിലൂടെ രവിയെ “ബോംബെ രവി ” എന്ന പേരിൽ മലയാളത്തിൽ ആദ്യമായി പരിചയപ്പെടുത്തുന്നത്.
സാഗരങ്ങളെ പാടിയുണർത്തിയ ആ സാമഗീതങ്ങളുടെ നൂപുരധ്വനികൾ കേട്ട് കേരളം ശരിക്കും കോരിത്തരിച്ചുപോയി. പിന്നീടുവന്ന “നഖക്ഷതങ്ങളി”ലെ
“ആരെയും ഭാവഗായകനാക്കും …”
“കേവല മർത്ത്യഭാഷ
കേൾക്കാത്ത
ദേവദൂതികയാണ് നീ … ”
“നീരാടുവാൻ നിളയിൽ നീരാടുവാൻ … ”
തുടങ്ങിയ ഗാനങ്ങളിലൂടെ ബോംബെ രവി
മലയാളത്തിന്റെ ഇഷ്ട സംഗീതസംവിധായകനായി മാറി. ചിത്രയ്ക്ക് വീണ്ടും ഒരു ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത വൈശാലിയിലെ
“ഇന്ദുപുഷ്പം ചൂടി
നിൽക്കും രാത്രി … ”
” ഇന്ദ്രനീലിമയോലും
ഈ മിഴിപ്പൊയ്കകളിൽ…..”
എന്നീ ഗാനങ്ങളും കേരളം ഏറ്റുപാടിയതോടെ എല്ലാ സംവിധായകരും തങ്ങളുടെ ചിത്രത്തിൽ ബോംബെ രവിയെ സഹകരിപ്പിക്കാനായി മുന്നോട്ടുവന്നു .
“ഉത്രാളിക്കാവിലെ
പച്ചോലപ്പന്തലിൽ … ”
( വിദ്യാരംഭം -രചന കൈതപ്രം – ആലാപനം യേശുദാസ്.)
“കടലിന്നഗാധമാം നീലിമയിൽ … ”
( സുകൃതം – രചന ഒഎൻവി – ആലാപനം യേശുദാസ് , ചിത്ര)
” ഇശൽ തേൻകണം
കൊണ്ടു വാ … ” ( ഗസൽ -രചന യൂസഫലി കേച്ചേരി – ആലാപനം യേശുദാസ് , ചിത്രം)
“ഭഗവതിക്കാവിൽ വെച്ചോ …”
( മയൂഖം -മങ്കൊമ്പ് ഗോപാലകൃഷ്ണൻ – ആലാപനം എം ജി ശ്രീകുമാർ)
“ഏഴു സ്വരങ്ങളും പോരാതെ മന്മഥൻ … ” (പരിണയം രചന യൂസഫലി കേച്ചേരി – ആലാപനം യേശുദാസ്)
“സ്വരരാഗ ഗംഗാപ്രവാഹമേ …”
( സർഗ്ഗം രചന യൂസഫലി കേച്ചേരി – ആലാപനം യേശുദാസ് )
“ചന്ദനലേപ സുഗന്ധം …”
(ഒരു വടക്കൻ വീരഗാഥ രചന കെ ജയകുമാർ – ആലാപനം യേശുദാസ് )
“പൗർണ്ണമി പൂത്തിങ്കളേ…..”
(മനസ്സിൽ ഒരു മഞ്ഞുതുള്ളി
(രചന എം.ഡി രാജേന്ദ്രൻ – ആലാപനം ജയചന്ദ്രൻ)
“ചന്ദ്രകാന്തം കൊണ്ട്
നാലുകെട്ട് …… ” (പാഥേയം
രചന കൈതപ്രം -ആലാപനം ചിത്ര )
“ഇത്ര മധുരിക്കുമോ പ്രേമം…”
(ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ രചന യൂസഫലി കേച്ചേരി – ആലാപനം യേശുദാസ്)
“പ്രണയിക്കുകയായിരുന്നു നാം ..”
(മനസ്സിൽ ഒരു മഞ്ഞുതുള്ളി – രചന സുരേഷ് രാമന്തളി ആലാപനം സുജാത,
എടപ്പാൾ വിശ്വം)
“ആ രാത്രി മാഞ്ഞുപോയി…..”
( രചന ഒ എൻ വി –
ആലാപനം ചിത്ര )
തുടങ്ങിയ എത്രയോ ഗാനങ്ങളിലൂടെ മലയാളികളുടെ സംഗീത അഭിനിവേശങ്ങളെ ഈ മറുനാടൻ സംഗീത സംവിധായകൻ പുളകം കൊള്ളിച്ചിരിക്കുന്നു .
2012 മാർച്ച് 7-ന് തന്റെ സംഗീത ജീവിതത്തിന് വിരാമമിട്ടു കൊണ്ട് യാത്രയായ ബോംബെ രവിയുടെ ചരമവാർഷികദിനമാണിന്ന്.
ആരേയും ഭാവഗായകനാക്കുന്ന സ്വരരാഗ ഗംഗാപ്രവാഹത്തിന്റെ രാജശില്പിക്ക് പ്രണാമം.