പുതുതായി കണ്ടെത്തിയ കാശിതുമ്പകള്‍ക്ക് വി എസ് അച്യുതാനന്ദന്‍റെയും ശൈലജ ടീച്ചറുടെയും പേരുകള്‍; തുമ്പകളുടെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയത് ഇടുക്കി , തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ വനമേഖലയില്‍ നിന്ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പുതിയ മൂന്ന് ഇനം തുമ്പ (കാശിത്തുമ്പ) കളെ കണ്ടെത്തി. ഇടുക്കി , തിരുവനന്തപുരം ജില്ലകളുടെ കിഴക്കന്‍ വനമേഖലയില്‍ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയത്.
പുതുതായി കണ്ടെത്തിയ സസ്യങ്ങള്‍ക്ക് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ , ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.മാത്യു ഡാന്‍ എന്നിവരുടെ പേര് നല്‍കി. ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി, ഇന്‍പേഷ്യന്‍സ് ശൈലജേ, ഇന്‍പേഷ്യന്‍സ് ഡാനി എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തിയ കാശി തുമ്പകള്‍ക്ക് നല്‍കിയ പേരുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സസ്യശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ വി എസ് അനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള ഗവേഷണ വിദ്യാര്‍ത്ഥിനി എസ് ആര്യ ഉള്‍പ്പെടുന്ന ഗവേഷണ സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.
മൂന്നാറിലും മതികെട്ടാന്‍ ചോലയിലും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിച്ച് അതിലൂടെ പരിസ്ഥിതി സംരക്ഷിക്കാൻ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ കാണിച്ച ആര്‍ജവമാണ് അദ്ദേഹത്തിന്‍റെ പേര് നല്‍കാന്‍ കാരണം. വെള്ളയില്‍ നേരിയ മഞ്ഞ കലര്‍ന്ന ചെറിയ പുഷ്പങ്ങളും ധാരാളം ജലാംശം അടങ്ങിയ ഇലകളും തണ്ടുകളുമടങ്ങിയ തുമ്പ ചെടിക്കാണ് ഇന്‍പേഷ്യന്‍സ് അച്യുതാനന്ദനി എന്ന പേര് നല്‍കിയത്.
നിപയും കൊവിഡും വന്നപ്പോള്‍ ജനങ്ങളോടൊപ്പം നിന്ന് ആരോഗ്യമേഖലയ്ക്ക് കരുത്ത് പകര്‍ന്ന തീരുമാനങ്ങളെ തുടര്‍ന്നാണ് കെ കെ ശൈലജയുടെ പേര് നല്‍കിയത്. പിങ്ക് നിറത്തില്‍ വലിയ പൂക്കളുള്ള നീണ്ട തേന്‍വാഹിയുള്ള തുമ്പ ചെടിക്കാണ് ഇന്‍പേഷ്യന്‍സ് ശൈലജേ എന്ന് പേര് നല്‍കിയത്.
സസ്യവര്‍ഗീകരണ രംഗത്ത് ഡോ.മാത്യു ഡാന്‍ നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് മൂന്നാമത്തെ കാശി തുമ്പയ്ക്ക് ഇന്‍പേഷ്യന്‍സ് ഡാനിയെന്ന പേര് നല്‍കിയത്. തൂവെള്ളയില്‍ ചെറിയ പിങ്ക് പൊട്ടുകളുള്ള പൂക്കളും ആനക്കൊമ്പിനെ ഓര്‍മ്മിപ്പിക്കു വളഞ്ഞ തേന്‍വാഹിനിയുള്ള തുമ്പ ചെടിക്ക് ഇന്‍പേഷ്യന്‍സ് ഡാനിയെന്ന് പേര് നല്‍കി.
എസ് ആര്യയെ കൂടാതെ തിരുവനന്തപുരം ജവഹര്‍ലാല്‍ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷക വിദ്യാര്‍ത്ഥി എം ജി ഗോവിന്ദ്, പാലക്കാട് വിക്ടോറിയ കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസി.പ്രൊഫസര്‍ ഡോ.വി സുരേഷ്, റീജണല്‍ ക്യാന്‍സര്‍ സെന്‍റര്‍ ഗവേഷക വിദ്യാര്‍ത്ഥി കെ വിഷ്ണു എന്നിവരും പഠനത്തില്‍ പങ്കാളികളാണ്.
പുതുതായി കണ്ടെത്തുന്ന സസ്യങ്ങള്‍ക്ക് പേര് നല്‍കുന്നത് അന്താരാഷ്ട്രാ മാനദണ്ഡങ്ങളനുസരിച്ചാണെന്ന് യൂണിവേഴ്സിറ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ വി എസ് അനില്‍ കുമാര്‍ പറഞ്ഞു.