ജയിക്കാനല്ല കൂടെ നിൽക്കുന്നവരെ ഒതുക്കാൻ സ്ഥാനാർത്ഥി പട്ടിക ; കോട്ടയം നഗരസഭയിലെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോൾ ബി.ജെ.പിയിൽ പൊട്ടിത്തെറി : പണിയെടുക്കുന്നവർക്കും പ്രമുഖകർക്കും സ്ഥാനമില്ല ; വഴിയെ പോയവർ പട്ടികയിൽ ഇടംപിടിച്ചതിന് പഴി ആർ.എസ്.എസിന്

ജയിക്കാനല്ല കൂടെ നിൽക്കുന്നവരെ ഒതുക്കാൻ സ്ഥാനാർത്ഥി പട്ടിക ; കോട്ടയം നഗരസഭയിലെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോൾ ബി.ജെ.പിയിൽ പൊട്ടിത്തെറി : പണിയെടുക്കുന്നവർക്കും പ്രമുഖകർക്കും സ്ഥാനമില്ല ; വഴിയെ പോയവർ പട്ടികയിൽ ഇടംപിടിച്ചതിന് പഴി ആർ.എസ്.എസിന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നഗരസഭയിലെ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ പാർട്ടിയ്ക്കുള്ളിൽ പൊട്ടിത്തെറി. പ്രമുഖകരെയും പണിയെടുക്കുന്നവരെയും പാർട്ടിയ്ക്ക് വേണ്ടി തല്ലുംകൊണ്ട് കേസിൽപെട്ടവരെയും തഴഞ്ഞുള്ള പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്ത് വന്നത്.

ആർ.എസ്.എസിന്റെ പേര് പറഞ്ഞ് തങ്ങൾക്ക് അനഭിമതരായവരെ വെട്ടാനുള്ള ഗ്രൂപ്പുകളിയാണ് കോട്ടയത്തെ ബി.ജെ.പിയിൽ നടക്കുന്നതെന്ന ആരോപണവും ഉയർന്ന് കഴിഞ്ഞു. സംസ്ഥാന കമ്മിറ്റിയും ആർ.എസ്.എസും പുറപ്പെടുവിച്ച മാനദണ്ഡപ്രകാരമാണ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചതെന്ന വാദമാണ് ബി.ജെ.പി.യിലെ പ്രബല വിഭാഗം ഉയർത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വെട്ടുവന്നത് ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് എന്നത് പട്ടിക പരിശോധിച്ചാൽ വ്യക്തമാണ്. ബി.ജെ.പിയുടെ ജില്ലയിലെ തലമുതിർന്ന നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.എൻ ഹരികുമാറിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

കഴിഞ്ഞ തവണ നഗരസഭയുടെ കളക്‌ട്രേറ്റ് വാർഡിൽ മികച്ച പ്രകടനം നടത്തിയ ഹരിയെ വിജയിക്കാൻ സാധ്യതയുള്ള ഒരു വാർഡ് പോലും നൽകാതെ തഴയുകയായിരുന്നു. ഹരിയടക്കമുള്ള ജനകീയരും പൊതുസമ്മതരുമായ നേതാക്കളെ മത്സര രംഗത്ത് ഇറക്കാതിരിക്കാൻ പാർട്ടി പറഞ്ഞ കാരണം വിചിത്രമായിരുന്നു.

പാർട്ടി ഭാരവാഹിത്വത്തിലുള്ളവർ മത്സരിക്കേണ്ടെന്ന് ആർ.എസ്.എസ് നിർദ്ദേശമുണ്ടെന്നാണ് ഇവർ ഉയർത്തിയ വാദം. കോട്ടയം മണ്ഡലം പ്രസിഡന്റ് അനിൽകുമാർ കുമാരനെല്ലൂരിൽ എട്ടാം വാർഡിൽ നിന്നും മത്സരിക്കാൻ രംഗത്ത് എത്തിയിട്ടുണ്ട്. മറ്റ് വാർഡുകളിൽ ഭാരവാഹിത്വത്തിന്റെ പേര് പറഞ്ഞ് പല പ്രമുഖരെയും ജനകീയരെയും വെട്ടിയൊതുക്കിയപ്പോഴാണ് പ്രസിഡന്റ് തന്നെ മത്സര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.

ഇത് പ്രവർത്തകർക്കും അണികൾക്കുമിടയിൽ വൻ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. പാർട്ടിയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന സ്ഥിരം പരിചിതമുഖങ്ങളെ വ്യക്തിവൈരാഗ്യത്തിന്റെയും ഗ്രൂപ്പിസത്തിന്റെയും പേരിൽ വെട്ടിയൊതുക്കുന്നത് അനുവദിയ്ക്കാനാവില്ലെന്നാണ് ഇവരുടെ നിലപാട്.

 

പാർട്ടിയിലെ ഒരു വിഭാഗത്തെ ഇല്ലാതെയാക്കി മുന്നോട്ട് പോകാൻ നടത്തുന്ന ശ്രമങ്ങൾ ഒരു തരത്തിലും പാർട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നും ഇവർ പറയുന്നു. ഇതിനിടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ സിറ്റിങ്ങ് കൗൺസിലർമാരിൽ ഒരാളെ മാത്രം ഉൾപ്പെടുത്തിയതും വിമർശനം ഉയർത്തിയിട്ടുണ്ട്.

25അംഗ പട്ടികയിൽ ഉൾപ്പെട്ട ഭൂരിഭാഗവും പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമല്ലാതിരുന്നവരാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്. വിജയസാധ്യതയല്ല മറ്റെന്തെക്കെയോ മാനദണ്ഡങ്ങളാണ് കോട്ടയം നഗരസഭയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിനായി ബി.ജെ.പി പരിഗണിക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.