‘അഞ്ചുനേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേൾക്കില്ല’; തലശ്ശേരിയിലെ ബിജെപി റാലി; കേസെടുത്ത് പോലീസ്
സ്വന്തം ലേഖകൻ
കണ്ണൂർ: യുവമോർച്ച നേതാവ് കെടി ജയകൃഷ്ണൻ കൊല്ലപ്പെട്ടതിന്റെ 22ആം വാർഷികത്തിന്റെ ഭാഗമായി തലശ്ശേരിയിൽ ബിജെപി നടത്തിയ റാലിക്കിടെ പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന 25ൽ അധികം ബിജെപി പ്രവർത്തകർക്ക് എതിരെയാണ് കേസ്. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവമോർച്ച കണ്ണൂർ ജില്ലാ കമ്മിറ്റി ബുധനാഴ്ച തലശ്ശേരിയിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കിയത്. ‘അഞ്ചുനേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേൾക്കില്ല’ തുടങ്ങിയ വർഗീയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തിൽ ഉടനീളം പ്രവർത്തകർ വിളിച്ചത്.
ഇത്തരം മുദ്രാവാക്യങ്ങൾ കേരളത്തിന്റെ ഐക്യം തകർക്കുന്നതാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേത് പോലെ മതത്തിന്റെ പേരിൽ വിദ്വേഷം വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല.
മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റകെട്ടായി നിൽക്കേണ്ടതുണ്ട്. തുടങ്ങിയവയാണ് ഡിവൈഎഫ്ഐ പ്രസ്താവനയിലൂടെ പറയുന്നത്.
തലശ്ശേരി സംഗമം കവലയിൽ നിന്ന് തുടങ്ങിയ പ്രകടനം പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ രഞ്ജിത്ത്, കെപി സദാനന്ദൻ, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, ബിജെപി ജില്ല പ്രസിഡണ്ട് എൻ ഹരിദാസ്, ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, തുടങ്ങിയ നേതാക്കൾ റാലിയുടെ മുൻനിരയിൽ ഉണ്ടായിരുന്നു.
ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയാണ് ജയകൃഷ്ണൻ അനുസ്മരണം ഉൽഘാടനം ചെയ്തത്.