ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക ശേഷി പരിശോധിച്ചത് എങ്ങിനെ: ഡോക്ടർ തന്നെ വെളിപ്പെടുത്തുന്നു
സ്വന്തം ലേഖകൻ
കോട്ടയം: പീഡനക്കേസുകളിൽ പൊലീസിന്റെ സ്വാഭാവിക നടപടിക്രമങ്ങളിൽ ഒന്ന് മാത്രമാണ് ലൈംഗിക ശേഷി പരിശോധന. എന്നാൽ, ലൈംഗിക ശേഷി പരിശോധന എന്നത് ഇത്രത്തോളം ചർച്ചയായത് ബിഷപ്പ് ഫ്രാങ്കോ പീഡനക്കേസിൽ അറസ്റ്റിലായതോടെയാണ്. ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് എത്തിച്ചതറിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തടിച്ച് കൂടിയത് രോഗികൾ അടക്കം നൂറുകണക്കിന് ആളുകളായിരുന്നു. പീഡനക്കേസിൽ രാജ്യത്ത് ആദ്യമായി ഒരു ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കുന്നു എന്നതായിരുന്നു, ആ കൂടി നിന്ന ആളുകളെയെല്ലാം കൗതുകത്തിന്റെ പ്രധാന കാരണം. അതുകൊണ്ടു തന്നെ എന്താണ് ലൈംഗിക ശേഷി പരിശോധന എന്നതായിരുന്നു ആളുകളുടെയെല്ലാം ചർച്ചാ വിഷയവും. പലരും തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ചു പലതും മെനഞ്ഞുണ്ടാക്കുകയും ചെയ്തു. എന്നാൽ, ലൈംഗിക ശേഷി പരിശോധന പരാജയപ്പെടുത്താൻ ബിഷപ്പിനു സമയം ലഭിച്ചെന്നും, അതുകൊണ്ടു തന്നെ ബിഷപ്പിന് ലൈംഗിക ശേഷി ഇല്ലാതാക്കാൻ സമയം ലഭിച്ചെന്നുമായിരുന്നു നടന്ന പ്രചാരണങ്ങളിൽ ഒന്ന്. ലൈംഗിക ശേഷിയില്ലെന്നു തെളിഞ്ഞാൽ കേസിൽ നിന്നും ബിഷപ്പ് ഫ്രാങ്കോ രക്ഷപെടുമെന്നും ഒരു വിഭാഗം വാദിച്ചു. ഈ വാദത്തിന് കുടപിടിച്ച് ഓൺലൈൻ മാധ്യമങ്ങളും, നാട്ടുകാരും കൊടുമ്പിരിക്കൊണ്ട പ്രചാരണം കൂടി നടത്തിയതോടെ ബിഷപ്പ് കേസിനെ ആദ്യം മുതൽ മൂടി നിന്ന പുകയ്ക്ക് കട്ടി കൂടി. എന്നാൽ, ഈ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകുകയാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്ന ഡോ.ജിനീഷ്. ജീനീഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ –
എപ്പോഴും ഏറെ സംശയങ്ങൾ ചോദിക്കപ്പെടുന്ന ഒരു വിഷയമാണ് പൊട്ടൻസി (ലൈംഗിക ഉദ്ധാരണ ശേഷി) പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിംഗോദ്ധാരണത്തിന്റെ ഫിസിയോളജി കൂടി മനസ്സിലാക്കിയെങ്കിൽ മാത്രമേ വ്യക്തമായി മനസ്സിലാവുകയുള്ളൂ. വിസ്തരഭയം മൂലം അതിലേക്ക് കടക്കുന്നില്ല. എങ്കിലും എന്താണ് പൊട്ടൻസി പരിശോധന എന്ന് ലളിതമായി പറയാനുള്ള ശ്രമമാണ്.
ഇംപൊട്ടൻസിക്കുള്ള കാരണങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ പരിശോധനയെക്കുറിച്ച് മനസ്സിലാവുകയുള്ളൂ. നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ മാത്രം പറയുന്നു.
പ്രായം: വളരെ പ്രായം കൂടിയ ആൾക്കാർക്കും തീരെ പ്രായം കുറഞ്ഞ കുട്ടികൾക്കും ലൈംഗിക ഉദ്ധാരണശേഷി ഉണ്ടാവില്ല എങ്കിലും ഇതിന് ഒരു അപ്പർ ലിമിറ്റോ ലോവർ ലിമിറ്റോ നിശ്ചയിച്ചിട്ടില്ല.
ലൈംഗിക അവയവങ്ങളുടെ പ്രശ്നങ്ങൾ: പെനിസ് ഇല്ലാതിരിക്കുക (ജന്മനാ ഇല്ലാതിരിക്കുക അല്ലെങ്കിൽ പരിക്കുകളോ ശസ്ത്രക്രിയയോ മൂലം), പ്രായപൂർത്തിയാകുന്നതിനു മുൻപ് വൃഷ്ണങ്ങൾ നീക്കം ചെയ്യപ്പെടുക, വളരെ വലിയ ഹൈഡ്രോസീൽ, പെന്നിസിൽ കാണപ്പെടുന്ന ചില വൈകല്യങ്ങൾ എന്നിവമൂലം ഇംപൊട്ടൻസി ഉണ്ടാവാം.
രക്തക്കുഴലുകളെ ബാധിക്കുന്ന പ്രശ്നങ്ങൾ: ലിംഗത്തിലേക്ക് രക്തം എത്താത്ത രീതിയിൽ രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾ, അല്ലെങ്കിൽ പ്രശ്നങ്ങൾ. ഉദാഹരണമായി Leriche syndrome, ligation of hyper gastric arteries during surgery.
അന്തസ്രാവി വ്യവസ്ഥയിൽ (Endocrine system) ഉണ്ടാകുന്ന ചില അസുഖങ്ങൾ: സെക്സ് ഹോർമോണുകളുടെ കുറവ് ഇംപൊട്ടൻസി ഉണ്ടാക്കാം. അതുപോലെതന്നെ ഹൈപ്പോതൈറോയിഡിസം, കുഷിങ് സിൻഡ്രോം തുടങ്ങിയ അസുഖങ്ങളും കാരണമാവാം. അതുപോലെ ഡയബറ്റിക് ന്യൂറോപ്പതി, addison’s disease, hypopituitarism etc.
ചില പ്രത്യേകതരം ക്രോമസോമൽ പ്രശ്നങ്ങൾ: Klinfelter’s syndrome, eunuchoidism etc.
നാഡീവ്യൂഹ വ്യവസ്ഥയെ ബാധിക്കുന്ന ചില അസുഖങ്ങൾ: For example tabes dorsalis, disseminated sclerosis, spina bifida, meningomyelocele, tumors of cauda equina etc.
നട്ടെല്ലിനും നട്ടെല്ലിൽ നിന്നും പുറപ്പെടുന്ന നാഡികൾക്കും ഉണ്ടാകുന്ന പരിക്കുകൾ: Fracture of lumbar vertebrae at L1 and L2 may affect sacral segments S2, S3, S4 and cause importance… fracture pelvis which affects the parasympathetic plexus… Injury to cauda equina…
ചില ലഹരിപദാർത്ഥങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നതുമൂലം. ഉദാഹരണമായി കഞ്ചാവ്, ഓപ്പിയം, കൊക്കെയിൻ, മദ്യം തുടങ്ങിയവ. പ്രോസ്റ്റേറ്റ് ക്യാൻസറിലെ ഈസ്ട്രജൻ തെറാപ്പി ചിലപ്പോൾ ഇംപൊട്ടൻസ് ഉണ്ടാക്കാം.
ചില സൈക്കോളജിക്കൽ പ്രശ്നങ്ങൾ. 12% കേസുകളിലും കാരണം ഇതാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. Guilt sense, honeymoon impotence, aversion, quoad hanc etc.
ഇതുകൂടാതെ ലെഡ്, ആഴ്സനിക്, മെർക്കുറി, ചില പെസ്റ്റിസൈഡുകൾ തുടങ്ങിയ വിഷബാധ കൊണ്ടും ഇംപൊട്ടൻസി ഉണ്ടാവാം.
മേൽവിവരിച്ച പലകാരണങ്ങൾകൊണ്ടും ഇംപൊട്ടൻസി ഉണ്ടാവാം.
ഇനി പരിശോധനയെക്കുറിച്ച്: സ്കലനം നടത്തി ശുക്ലം വരുന്നുണ്ടോ എന്ന് പരിശോധിച്ചല്ല പൊട്ടൻസി സർട്ടിഫിക്കറ്റ് നൽകുക.
സാധാരണഗതിയിൽ സമ്മതം വാങ്ങിയ ശേഷമാവും പരിശോധന നടക്കുക. Consent അപേക്ഷാ ഫോറത്തിൽ എഴുതി വാങ്ങുന്നു. വിരലടയാളവും പതിക്കാറുണ്ട്. ക്രിമിനൽ നടപടിക്രമം 53 പ്രകാരം സമ്മതമല്ലെങ്കിലും പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ട് എങ്കിലും സാധാരണ അങ്ങനെ ചെയ്യാറില്ല.
“എന്റെ ശരീര പരിശോധന നടത്തി ലൈംഗിക ഉദ്ധാരണ ശേഷി ഉണ്ടോ എന്ന് പരിശോധിക്കുവാനും പരിശോധനയുടെ ഫലം കോടതിയെയും അന്വേഷണ ഉദ്യോഗസ്ഥനും അറിയിക്കുവാനും എനിക്ക് സമ്മതമാണ്. ഇത് എനിക്ക് അനുകൂലമോ പ്രതികൂലമോ ആയ തെളിവ് ആകാം എന്ന് അറിഞ്ഞുകൊണ്ട് തന്നെ സമ്മതിക്കുന്നു.” ഏതാണ്ട് ഈ രീതിയിലുള്ള ഒരു സമ്മതപത്രം. വാചകങ്ങൾ വ്യത്യസ്തമാവാം. ചിലപ്പോൾ ഒറ്റ വാചകം മാത്രമേ കാണൂ. പരിശോധന ഫോറത്തിൽ സ്ഥലപരിമിതിയുണ്ട്.
പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ രണ്ട് ഐഡന്റിഫിക്കേഷൻ മാർക്ക് രേഖപ്പെടുത്തും.
പരിശോധന വിധേയന്റെ കൂടെ വരുന്ന പോലീസ് അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്നും പരിശോധന വിധേയനാകുന്ന വ്യക്തിയിൽ നിന്നും സംഭവത്തിന്റെ ഹിസ്റ്ററി സാധാരണ അന്വേഷിക്കാറുണ്ട്.
അതുപോലെതന്നെ പ്രമേഹം, ലഹരി ഉപയോഗം, ശരീരത്തിൽ ഏറ്റ പരിക്കുകൾ, വെനീറൽ ഡിസീസസ്… ഇങ്ങനെ എന്തെങ്കിലും മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന വിവരങ്ങൾ അന്വേഷിക്കും.
വിശദമായ ശരീരപരിശോധനയിലൂടെ ഇംപൊട്ടൻസിക്കുള്ള കാരണങ്ങൾ റൂളൗട്ട് ചെയ്യുകയാണ് സാധാരണ രീതി.
മുകളിൽ വിശദമാക്കിയ കാരണങ്ങളിൽ ബഹുഭൂരിപക്ഷവും രക്ത പരിശോധനകളിലൂടെയും സ്കാനിങ് കളിലൂടെയും കണ്ടുപിടിക്കാൻ നമുക്കാവും. പക്ഷേ സൈക്കോളജിക്കൽ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കില്ല. അതൊരു പോരായ്മയായി നിലനിൽക്കുന്നതിനാൽ റൂളൗട്ട് ചെയ്യുക എന്നുള്ളതാണ് അഭികാമ്യം.
പരിശോധനയിൽ ശരീരത്തിന്റെ പൊതുവായ പരിശോധനയും ലൈംഗിക അവയവങ്ങളുടെ പരിശോധനയും നടക്കുന്നു. പൾസ്, ബ്ലഡ് പ്രഷർ തുടങ്ങി വിശദമായ ജനറൽ എക്സാമിനേഷൻ. ഇതിൽ ശരീരഭാരം, പൊക്കം എന്നിവ അടക്കമുള്ള പലതും ഉൾപ്പെടും. ശേഷം ശരീരത്തിലെ ഓരോ സിസ്റ്റവും പരിശോധിക്കുന്നുമുണ്ട്.
പുരുഷ ലൈംഗിക അവയവങ്ങൾ വിശദമായി പരിശോധിക്കുന്നു. പെനിസ്, വൃഷ്ണങ്ങൾ എന്നിവ പരിശോധിക്കുകയും പെനിസിന്റെ വണ്ണവും നീളവും അടക്കമുള്ള അളവുകൾ ഫ്ലാസിഡ് അവസ്ഥയിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല അവിടങ്ങളിൽ ഉണ്ടാവേണ്ട സെൻസേഷൻ പരിശോധിക്കുകയും ചെയ്യുന്നു. ഗ്ലാൻസ് പെന്നിസ് ത്വക്കുമായി ചേരുന്ന ഭാഗത്ത് സ്മെഗ്മ ഉണ്ടോ എന്നും പരിശോധിക്കുന്നു. സ്മെഗ്മ ഉണ്ടെങ്കിൽ അടുത്ത സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന് മാത്രമേ അർത്ഥമുള്ളൂ.
ലൈംഗിക കുറ്റാരോപണം നടന്ന അധിക സമയത്തിനുശേഷം അല്ല പരിശോധന എങ്കിൽ മറ്റു പല തെളിവുകൾ കൂടി ശേഖരിക്കേണ്ടതുണ്ട്. അതായത് ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾ, അവയിൽ രക്തം, ശുക്ലം എന്നിവ ഏതെങ്കിലും ഉണ്ടോ എന്ന് തിരിച്ചറിയാനുള്ള പരിശോധനകൾ നടത്തും. അങ്ങനെ ഉള്ളതായി സംശയമുള്ള എന്തെങ്കിലും സാഹചര്യമുണ്ടെങ്കിൽ അവ ശേഖരിച്ച് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കും. അതുപോലെതന്നെ ജനനേന്ദ്രിയത്തിലെ ശരീരത്തിലെവിടെയെങ്കിലും പരിക്കുകൾ ഉണ്ടോ എന്ന് വിശദമായി പരിശോധിക്കും.
ഡിഎൻഎ പരിശോധനയ്ക്കും ഗ്രൂപ്പിങ്ങിനും രക്തമാണ് ശേഖരിക്കുക. സ്ത്രീയുടെ അല്ലെങ്കിൽ ലൈംഗിക ഇടപെടലിന് വിധേയമായ ആളുടെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സാമ്പിളുകളുമായി മാച്ച് ചെയ്യുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് വിശദമായ ഈ പരിശോധനകൾ നടക്കുക. അതുകൊണ്ട് അങ്ങോട്ടാണ് സാമ്പിളുകൾ ശേഖരിച്ച് അയയ്ക്കുന്നത്.
ആ വ്യക്തിയുടെതല്ലാത്ത രോമങ്ങൾ അഥവാ മുടി ശരീരത്തിൽ പറ്റിപിടിച്ചിരിപ്പുണ്ടോ എന്ന് പരിശോധിക്കും. ആരോപിതനായ വ്യക്തിയുടെ ശരീരത്തിൽ നിന്നുള്ള മുടി, നഖങ്ങൾ എന്നിവ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് ശേഖരിച്ചയക്കും. ഇവയിൽനിന്നും തെളിവുകൾ ലഭിക്കുമോ എന്ന് അറിയാനാണ്.
അതുപോലെ പെനൈയിൽ വാഷ് ശേഖരിച്ച് പരിശോധിക്കും. പെനിസ് കഴുകിയ വെള്ളത്തിൽ വജൈനൽ എപ്പിത്തീലിയൽ കോശങ്ങൾ ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ വേണ്ടിയാണ്.
ഇവകൂടാതെ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സാമ്പിളുകൾ ശേഖരിച്ച് അയയ്ക്കുകയും ചെയ്യും. സാമ്പിളുകൾ ശേഖരിച്ച് സീൽ ചെയ്ത കവറിൽ അയയ്ക്കുകയാണ് ചെയ്യുക. ഇടയ്ക്ക് പൊട്ടിക്കുന്ന അനുവദിക്കില്ല.
ഇനി ഒപ്പീനിയൻ നൽകുന്നതിനെക്കുറിച്ച്,
There is nothing to suggest that the above person is incapable of performing sexual act – അതായത് ഇൻപോട്ടൻറ്റ് ആവാനുള്ള കാരണങ്ങളൊന്നും കാണുന്നില്ല എന്ന്. ഡബിൾ നെഗറ്റീവ് ആയാണ് ഈ ഒപ്പീനിയൻ.
The above person is incapable of performing sexual act because of the following impediments …. ഇംപൊട്ടൻസി തെളിയിക്കപ്പെട്ടാൽ ഇങ്ങനെ ഒരു അഭിപ്രായവും നൽകും.
References:
Forensic Medicine, Dr. B. Umadethan
Forensic medicine and toxicology, Dr. P. C. Ignatius.
ഏകദേശധാരണകളാണ് എഴുതിയിരിക്കുന്നത്. വളരെയധികം കാര്യങ്ങൾ ഇനിയും ഉൾപ്പെടുത്തേണ്ടതുണ്ട് എന്നറിയാം. പക്ഷേ എല്ലാം കൂടി ഉൾപ്പെടുത്താൻ പ്രായോഗികമായി എളുപ്പമല്ല. അതുകൊണ്ട് പൂർണതയുള്ള ഒരു ലേഖനം എന്ന് കരുതരുത്. ഒരു ചർച്ച ആരംഭിക്കാനുള്ള ത്രെഡ് എന്നുമാത്രമേ കരുതാവൂ.
ഇനി മുൻ പോസ്റ്റിൽ വന്ന സംശയങ്ങളെ പറ്റി.
പുരുഷൻറെ ലൈംഗികശേഷിയും ബലാത്സംഗം ചെയ്യാനുള്ള മാനസികാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ ? ബലാൽസംഗം ചെയ്യുന്നത് ഒരു ക്രൈം ആണ്. അതൊരു ആക്രമണ മനോഭാവം ആണ്. അതും ലൈംഗിക ശേഷിയുമായി ബന്ധമില്ല.
എന്തെങ്കിലും മരുന്നുകൾ ഉപയോഗിച്ചാൽ റിസൾട്ട് നെഗറ്റീവ് ആക്കാമോ ? പല കാരണങ്ങൾകൊണ്ട് ഇംപൊട്ടൻസി ഉണ്ടാവാം. കാരണങ്ങൾ മുകളിൽ വിശദമാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പരിശോധന രീതിയും എന്തെങ്കിലും മരുന്നിന്റെ ഉപയോഗവും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് മാത്രം.
ടെസ്റ്റിന് വിധേയനാകുന്ന ആളുടെ മനോനില റിസൾട്ടിനെ ബാധിക്കാനുള്ള സാധ്യത എത്രത്തോളമാണ് ? ഒരു സാധ്യതയുമില്ല.
ഗുളികയോ ഇൻജക്ഷനോ ഉപയോഗിച്ച് പൊട്ടൻസി എബിലിറ്റി മറച്ചു വയ്ക്കാൻ സാധിക്കുമോ ? ഈ പരിശോധനയിൽ അങ്ങനെയൊരു ഭാഗം വരുന്നില്ല. അങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല താനും. റിസൾട്ടിനെ ബാധിക്കുന്ന ഒന്നും ഇല്ല.
ഒരു വ്യക്തി പിടിക്കപ്പെടും മുമ്പ് രണ്ടുമാസം സമയം കിട്ടി എന്തെങ്കിലും രീതിയിൽ ടെസ്റ്റിൽ വ്യത്യാസമുള്ള കാര്യങ്ങൾ ചെയ്യാനാവുമോ ? ഇല്ല, കാരണങ്ങൾ മുകളിൽ വിശദീകരിച്ചിട്ടുണ്ട്.
ടെസ്റ്റ് നടത്തുന്ന സമയത്തിന് മാത്രമായി മെഡിക്കൽ അതോറിറ്റിയെ വഴിതെറ്റിക്കാൻ പറ്റുമോ ? ഇല്ല എന്നാണ് ഉത്തരം.
High-level ആധ്യാത്മിക പരിശീലനം കിട്ടിയ ഒരാൾക്ക് ടെസ്റ്റ് സമയത്ത് സ്വയം നിയന്ത്രിച്ച് നിർത്താൻ സാധിക്കുമോ ? സ്കലനം നടത്തി ശുക്ലം വരുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല പരിശോധന നടത്തുക. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു ചോദ്യത്തിന് പ്രസക്തിയില്ല.
ഇന്ന് ലൈംഗിക ശേഷി ഉണ്ട് എന്നത് വർഷങ്ങൾക്കുമുമ്പ് അത് ഉണ്ടായിരുന്നു എന്നതിന് തെളിവാകുമോ ? പരിശോധനയുടെ രീതി ഇംപൊട്ടൻസി ഉണ്ടാവാനുള്ള കാരണങ്ങൾ റൂളൗട്ട് ചെയ്യുക എന്നുള്ളതാണ്. ഒപ്പീനിയൻ കൊടുക്കുന്ന ഭാഗം ഒന്ന് ശ്രദ്ധിച്ചാൽ കൃത്യമായി മനസ്സിലാവും.
എന്തെങ്കിലും മരുന്ന് കഴിച്ച് താൽക്കാലികമായി ഇംപൊട്ടൻസി നേടാനാവുമോ ? വിഷയത്തിൽ ആഴത്തിൽ അറിവില്ല. പക്ഷേ അങ്ങനെ ചെയ്യുന്നതുകൊണ്ട് റിസൾട്ടിൽ വ്യത്യാസമൊന്നും ഉണ്ടാവില്ല.
ടെസ്റ്റ് ചെയ്യുമ്പോൾ കോഴി പപ്പ് ഭാഗങ്ങളിൽ ഉരക്കുന്നുണ്ടോ ? ഇല്ല.
വാസക്ടമി ചെയ്തയാളെ ഈ ടെസ്റ്റിന് വിധേയമാക്കിയാൽ റിസൾട്ട് നെഗറ്റീവ് ആയിരിക്കുമോ ? ഇല്ല.
പൊട്ടൻസി ടെസ്റ്റ് നടത്തുന്നത് വഴി ഒരാൾ ലൈംഗിക പീഡന സ്വഭാവമുള്ളവനാണോ എന്ന് അറിയാൻ പറ്റുമോ ? പരിശോധന നടത്തുന്നത് എങ്ങനെ എന്ന് മുകളിൽ വിശദീകരിച്ചിട്ടുണ്ട്.
കല്യാണം കഴിക്കുന്നതിനു മുൻപ് പൊട്ടൻസി ടെസ്റ്റ് നിർബന്ധമാക്കേണ്ടതല്ലേ ? അങ്ങനെ നിയമമുള്ള രാജ്യങ്ങളുണ്ടോ ? വേണ്ട, അറിയില്ല.
ആധികാരിക ലേഖനമായി കരുതേണ്ട. ചർച്ചയ്ക്കുള്ള ത്രെഡ് എന്നുമാത്രം കരുതുക.
പൊട്ടൻസി പരിശോധനയെ കുറിച്ച് മാത്രമാണ് എഴുതിയിരിക്കുന്നത്. നിയമ വശവും അനാട്ടമിയും ഫിസിയോളജിയും കൂടി ചേർത്തെങ്കിൽ മാത്രമേ പൂർണമായ അർത്ഥത്തിൽ മനസ്സിലാവുകയുള്ളൂ. ഇതിൽതന്നെ മെഡിക്കൽ വിഷയങ്ങൾ ഇനിയും ഉൾപ്പെടുത്താനുമുണ്ട്.