മുപ്പത്തൊന്നു വര്‍ഷമായി എന്റെ മനസിന്റെ ഏറ്റവും അടുത്ത് നിന്നിരുന്ന ആള്‍; അതായിരുന്നു അവൾ ; അങ്ങനെ ഒരാള്‍ പോകുമ്പോളുള്ള ശൂന്യത ഏത് വിധത്തില്‍ നേരിടുമെന്നെനിക്കറിയില്ലായിരുന്നു ;അത്ര വേദന സഹിച്ച് ഒരുപക്ഷെ ഓര്‍മ പോലും മാഞ്ഞുപോയിട്ട് അവൾ കിടക്കുന്നത് സങ്കല്‍പിക്കാനും വയ്യായിരുന്നു;വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍ പോകട്ടേയെന്ന് ഞാനും പ്രാര്‍ഥിച്ചു; പ്രിയപത്നിയുടെ ഓർമകളിൽ ബിജു നാരയണന്‍
സ്വന്തം ലേഖിക
കൊച്ചി :പത്തുവെളുപ്പിന്, കളഭം തരാം ഭഗവാനെന്‍ മനസും തരാം, വെള്ളക്കല്ലില്‍, മുന്തിരിച്ചേലുള്ള, മാരിവില്ലിന്‍ ഗോപുരങ്ങള്‍ തുടങ്ങി ഓട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ഗായകനാണ് ബിജു നാരായണന്‍.
ഇന്നും മലയാളിയുടെ ഹിറ്റി ലിസ്റ്റില്‍ ഒരു ബിജു നാരായണ്‍ ഗാനമെങ്കിലും ഇല്ലാതിരിക്കില്ല. സംഗീത കുടുംബത്തിലാണ് ബിജു നാരായണന്‍ ജനിച്ചത്. അമ്മയും സഹോദരിയും ശാസ്ത്രീയ സംഗീതജ്ഞരായിരുന്നു. അതിനാല്‍ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ബിജു നാരായണന്‍ പഠിച്ചത് അദ്ദേഹത്തിന്റെ അമ്മയില്‍ നിന്നാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്തിഗാനങ്ങളിലൂടെയാണ് ബിജു നാരായണന്‍ ശ്രദ്ധേയനായി തുടങ്ങിയത്. എട്ട് വര്‍ഷക്കാലം ആര്യനാട് സദാശിവന്റെ കീഴില്‍ കര്‍ണാടക സംഗീതം പഠിച്ച ബിജു നാരായണന്‍ പി.ജയചന്ദ്രനും ഉണ്ണി മേനോനും മാര്‍ക്കോസിനുമെല്ലാം ട്രാക്ക് പാടിയാണ് സംഗീത ജീവിതമാരംഭിച്ചത്.
1992ല്‍ പ്രീഡിഗ്രീ വിദ്യാര്‍ഥിയായിരിക്കെ ആദ്യമായി ഒരു ഭക്തിഗാന ആല്‍ബത്തില്‍ പാടാന്‍ ബിജുവിന് അവസരം ലഭിച്ചു. ശേഷം എം.ജി സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം കിട്ടിയത് ബിജു നാരായണന്റെ ജീവിതത്തില്‍ വഴിത്തിരിവായി.
1993ല്‍ രവീന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ച വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്ന് തുടങ്ങുന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗായകനായി രംഗപ്രവേശനം ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെ എണ്ണിയാല്‍ ഒടുങ്ങാത്ത ഗാനങ്ങളും അംഗീകാരങ്ങളും ബിജു നാരായണന് ലഭിച്ചു.
പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കുമ്ബോഴും ബിജുവിന്റെ സങ്കടം നല്ലപാതിയായിരുന്ന പ്രിയപത്നി ശ്രീലത നാരായണന്റെ വേര്‍പാടാണ്. മൂന്ന് വര്‍ഷം മുമ്ബാണ് നാല്‍പ്പത്തിനാലാം വയസില്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് ശ്രീലത അന്തരിച്ചത്.
കഴിഞ്ഞ ദിവസം ഭാര്യയുടെ ഓര്‍മ ദിനത്തില്‍ മനോഹരമായ കുറിപ്പും ബിജു നാരായണന്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാര്യയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ബിജു നാരായണന്‍.
‘പതിനേഴാം വയസിലാണ് ശ്രീയെ ഞാന്‍ കണ്ടുമുട്ടുന്നത്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്. പിന്നീട് പത്ത് വര്‍ഷക്കാലം നീണ്ട പ്രണയം. അത് കഴിഞ്ഞ് വിവാഹം. വിവാഹം കഴിഞ്ഞിട്ട് 21 വര്‍ഷമായി.’
’31 വര്‍ഷമായി എന്റെ മനസിന്റെ ഏറ്റവും അടുത്ത് നിന്നിരുന്ന ആള്‍… അതായിരുന്നു ശ്രീ. അങ്ങനെ ഒരാള്‍ പോയപ്പോഴുള്ള ശൂന്യതയെ ഏത് വിധത്തില്‍ നേരിടുമെന്നെനിക്കറിയില്ല. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നും അറിയില്ലായിരുന്നു.’
‘ഒരിക്കലും ഒന്നും ആവശ്യപ്പെടാറില്ലാത്ത ആള്‍ എന്നോട് ആവശ്യപ്പെട്ട ഒരേയൊരു കാര്യം സാധിച്ച് കൊടുത്തില്ലല്ലോ എന്നതാണ് ഇന്നെന്നെ വിഷമിപ്പിക്കുന്നത്.’ ‘കളമശ്ശേരിയില്‍ ഞങ്ങള്‍ക്ക് പുഴയോരത്തായി ഒരു വീടും സ്ഥലവുമുണ്ട്. ഗായകരുടെ കൂട്ടായ്മയായ സമം ഓര്‍ഗനൈസേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി കൂടുന്നത് അവിടെയായിരുന്നു.’
‘മൂന്നാം എക്സിക്യൂട്ടീവ് കമ്മിറ്റി കൂടുന്ന സമയം അന്ന് ശ്രീ പറഞ്ഞു എല്ലാ ഗായകരും വരുമല്ലോ. എനിക്ക് അവരുടെ ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കണം.. അതിനെന്താ എടുക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു.’
‘പുറത്ത് നിന്നാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതെങ്കിലും വെജിറ്റേറിയന്‍സിനായി ശ്രീ ചില വിഭവങ്ങളൊക്കെ സ്പെഷലായി ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു. അന്ന് അല്‍പം ഗൗരവമുള്ള വിഷയങ്ങളൊക്കെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ ഈ ഫോട്ടോയുടെ കാര്യം ഞാന്‍ വിട്ടുപോയി.’
‘എല്ലാവരും മടങ്ങിപ്പോയിക്കഴിഞ്ഞാണ് ഓര്‍ക്കുന്നത്. അയ്യോ കഷ്ടമായിപ്പോയല്ലോ. അടുത്ത തവണ നമുക്ക് ഉറപ്പായും ആ ഫോട്ടോ എടുക്കണം… ഞാന്‍ ശ്രീയോട് പറഞ്ഞു. പക്ഷെ അതിന് ശ്രീ കാത്തുനിന്നില്ല. അതിന് ശേഷം മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പെട്ടെന്നൊരു ദിവസം ശ്രീയുടെ രോഗം തിരിച്ചറിയുന്നത്.’
‘പിന്നീടുള്ള ഹ്രസ്വമായ ദിനങ്ങളിലെ പരീക്ഷണങ്ങള്‍ക്കിടയില്‍ അത്തരം കൊച്ചുമോഹങ്ങളുടെ സന്തോഷം തേടുന്ന മനസും കൈവിട്ടു പോയി. കാന്‍സര്‍ എന്നാല്‍ വേദനയാണ്. അവസാന ഘട്ടങ്ങളില്‍ ആ വേദന കണ്ട് നില്‍ക്കാന്‍ പോലും വയ്യ. വളരെ കൂടിയ സ്റ്റേജില്‍ ശ്രീയ്ക്ക് മോര്‍ഫിന്‍ ഇന്‍ഫ്യൂഷന്‍ കൊടുക്കുകയായിരുന്നു.’
‘അത്ര വേദന സഹിച്ച് ഒരുപക്ഷെ ഓര്‍മ പോലും മാഞ്ഞുപോയിട്ട് ശ്രീ കിടക്കുന്നത് സങ്കല്‍പിക്കാനും വയ്യായിരുന്നു. അതുെകാണ്ട് വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടെയെന്നാണ് അവസാന ദിവസങ്ങളില്‍ ഞാന്‍ പ്രാര്‍ഥിച്ചത്’ ബിജു നാരായണന്‍ പറയുന്നു.