
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ഡബ്ബിംഗ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.
യുവാവിന്റെ മരണത്തില്‍ വീഡിയോ പ്രചരിപ്പിച്ച സ്ത്രീയും അവരുടെ വീഡിയോയ്ക്ക് താഴെ അയാളെ തെറി വിളിച്ചവരും ഉത്തരവാദികളാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
വൈറല്‍ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹ മാധ്യമങ്ങളും ഉണ്ടെന്ന് അവർ പറയുന്നു.
‘‘ബസില്‍ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലർ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാള്‍ മോശമായി പെരുമാറിയെന്ന് ഈ പെണ്‍കുട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ ഈ വിഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു.
ഒരാള്‍ നമുക്കിഷ്ടമല്ലാത്ത രീതിയില്‍ പെരുമാറുമ്ബോള്‍, ശരീരത്തില്‍ സ്പർശിക്കുമ്ബോള്‍ നമ്മുടെ ഭാവത്തില്‍ പെരുമാറ്റത്തില്‍ അത് പ്രകടമാകും. പക്ഷേ ഈ വീഡിയോയില്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർഥത്തില്‍ ഉദ്ദേശിച്ചത്?

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ആരോപണം വൈറലാകുമ്ബോള്‍ ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതില്‍ ഒന്നുപോലും നഷ്ടമായാല്‍, അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണ്. ഒരാളുടെ നിരപരാധിത്വം തെളിയിക്കാൻ /വിശ്വസിപ്പിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നല്‍കേണ്ടിവരുന്നു.
അയാള്‍ മരിച്ചില്ലായിരുന്നു എങ്കില്‍ സോഷ്യല്‍ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാള്‍ക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാള്‍ ജീവനൊടുക്കിയത്. അപ്പോള്‍ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.
കാള പെറ്റു എന്ന് കേള്‍ക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തില്‍ സ്ഥിരം കാണുന്ന കാഴ്ചയാണ്… വൈറല്‍ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തില്‍ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ അയാള്‍ക്ക് പറയാനുള്ളത് കേള്‍ക്കാൻ അവസരം നല്‍കാതെ നിശബ്ദമായി ഒരു ജീവൻ പോയി.’’ ഭാഗ്യലക്ഷ്മി പറയുന്നു.



