അശോകന്റെ ആത്മഹത്യ; ബാങ്ക് വായ്‌പ്പ എടുത്ത് തിരിമറി നടത്തി; എസ്‌എന്‍ ഫിനാന്‍സ് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

അശോകന്റെ ആത്മഹത്യ; ബാങ്ക് വായ്‌പ്പ എടുത്ത് തിരിമറി നടത്തി; എസ്‌എന്‍ ഫിനാന്‍സ് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

Spread the love

സ്വന്തം ലേഖിക

വൈക്കം: ടിവിപുരം തൈമുറി അശോകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌എന്‍ ഫിനാന്‍സ് ഉടമ സഹദേവനെതിരെ പൊലീസ് കേസെടുത്തു.

ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ നോട്ടിസ് ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അശോകന്റെ ആത്മഹത്യ. അശോകന്റെ പുരയിടത്തിന്റെ ആധാരം ബാങ്കില്‍ പണയം വച്ചു 15 ലക്ഷം രൂപ വായ്പയെടുക്കുകയും ആ പണം സഹദേവന്‍ ഉപയോഗിച്ചെന്നും പണം മടക്കി നില്‍കിയില്ലെന്നും അശോകന്റെ ഭാര്യ വി സി. അജിത നല്‍കിയ പരാതിയിലാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അശോകനും കുടുംബവും അറിയാതെയാണ് സഹദേവന്‍ ഇത്രയും വലിയ തുക ബാങ്കില്‍ നിന്നും അശോകന്റെ പേരില്‍ വായ്പ എടുത്തത്. ഇത് മനസ്സിലാക്കിയ അശോകനോട് പണം തിരിച്ചടയ്ക്കാമെന്ന് വാക്ക് നല്‍കിയെങ്കിലും സഹദേവന്‍ പണം അടച്ചില്ല.

തുടര്‍ന്ന് ബാങ്കില്‍ നിന്നും നോട്ടീസ് വന്നതോടെയാണ് അശോകന്‍ സഹദേവന്റെ പേരില്‍ കത്തെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്. പി.സഹദേവനും ഭാര്യ ബിന്ദുവുമാണ് തന്റെ മരണത്തിന് ഉത്തരവാദി എന്നെഴുതിയ അശോകന്റെ കത്തിന്റെ പകര്‍പ്പ് മകന്‍ ആഘോഷ് പൊലീസിന് കൈമാറി.

അയല്‍വാസികളും സുഹൃത്തുക്കളുമാണ് അശോകനും സഹദേവനും. സഹദേവനും ഭാര്യ ബിന്ദുവും ഒളിവിലാണ്. ഇരുവര്‍ക്കും വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി.

എസ്‌എന്‍ ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരും സഹദേവനെതിരെ പരാതി നല്‍കിയതായി ഡിവൈഎസ്‌പി എ.ജെ.തോമസ് പറഞ്ഞു. 2018ലാണ് അശോകന്‍ ടിവിപുരം പള്ളിപ്രത്തുശേരി സഹകരണ ബാങ്കില്‍ നിന്നു വായ്പ എടുത്തത്. 2 ലക്ഷം രൂപ വായ്പയ്ക്കായി അശോകന്‍ ബാങ്കിനെ സമീപിച്ചെങ്കിലും വായ്പ ലഭിച്ചില്ലെന്ന് അജിത പറഞ്ഞു. ‘ എന്നാല്‍ സഹദേവനും ബിന്ദുവും വായ്പ വാങ്ങിത്തരാമെന്നു പറഞ്ഞു. വീടിന്റെ ആധാരവും മറ്റു രേഖകളും വാങ്ങി.

പിന്നീട് ഇരുവര്‍ക്കുമൊപ്പം അശോകന്‍ പള്ളിപ്രത്തുശേരി ബാങ്കിലെത്തി പണം വാങ്ങി. എന്നാല്‍ എത്ര രൂപയാണ് വായ്പ എന്ന് അശോകന് അറിയില്ലായിരുന്നു. പിന്നീടാണ് സഹദേവന്‍ തന്റെ പേരില്‍ 15 ലക്ഷം രൂപയുടെ വായ്പയെടുത്തതായി അറിഞ്ഞത്. തുക സഹദേവന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.

ഇക്കാര്യം അശോകന്‍ സഹദേവനോടു ചോദിച്ചു. നേരത്തേ സഹദേവന്റെ പക്കല്‍ നിന്ന് അശോകന്‍ 1.5 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് ഒഴികെ ബാക്കിയുള്ള 13.5 ലക്ഷം രൂപ ബാങ്കില്‍ തിരികെ അടയ്ക്കാമെന്ന് സഹദേവനും ബിന്ദുവും പറഞ്ഞു. പാസ് ബുക്കും വാങ്ങി.

പിന്നീട് മകളുടെ വിവാഹത്തിന് അശോകന്‍ സഹദേവനില്‍ നിന്ന് 4 ലക്ഷം രൂപ വാങ്ങി. ഇതില്‍ 1.8 ലക്ഷം അശോകന്‍ സഹദേവന് തിരിച്ചു നല്‍കി. ഇതിനിടെ ബാങ്കിലും കുറച്ചു പണം സഹദേവന്‍ അടച്ചു. എന്നാല്‍ പിന്നീട് മുടങ്ങി. അതോടെ നോട്ടിസ് വന്നു. ഇക്കാര്യം സഹദേവനോടു പറഞ്ഞു. അപ്പോള്‍ പണം തിരിച്ചടയ്ക്കാന്‍ സഹദേവന്‍ 7.5 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും അതു മടങ്ങി. വായ്പ തിരികെ അടയ്ക്കാമെന്ന് മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ കരാറുണ്ടാക്കി. അതും പാലിച്ചില്ല.

ഇതിനിടെ സഹദേവനും ബിന്ദുവും ഒളിവില്‍ പോയി. ഇരുവരെയും കുടുംബാംഗങ്ങളെപ്പോലെയാണ് അശോകന്‍ കണ്ടിരുന്നതെന്ന് അജിത പറഞ്ഞു.
അതേസമയം എന്തുകൊണ്ടാണ് ബാങ്ക് ആദ്യം വായ്പ നിഷേധിച്ചതെന്ന് അറിയില്ലെന്ന് പള്ളിപ്രത്തുശേരി സഹകരണ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി പറഞ്ഞു. അശോകന്‍ വായ്പ ചോദിച്ചു വന്നതായി അറിയില്ല. 2 ലക്ഷം വായ്പ കൊടുക്കാന്‍ തടസ്സമില്ല. 15 ലക്ഷം രൂപ വായ്പയെടുത്തത് അശോകന്റെ പേരിലാണ്. ഇനി 13 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നും സെബാസ്റ്റ്യന്‍ ആന്റണി പറഞ്ഞു.