ഫത്വ പുറപ്പെടുവിച്ച് 33 വര്‍ഷത്തിനുശേഷം റുഷ്ദിക്കെതിരെ ആക്രമണം; അക്രമി അറസ്റ്റിൽ
ന്യൂയോർക്ക്: എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ച കേസിൽ ഹാദി മതർ എന്നയാളെ ന്യൂയോർക്ക് പോലീസ് അറസ്റ്റ് ചെയ്തു. ന്യൂജേഴ്സിയിലെ ഫെയർവ്യൂവിൽ നിന്നുള്ള 24-കാരനായ യുവാവ് “ഷിയാ തീവ്രവാദ”ത്തോടും ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ ചിട്ടകളോടും അനുഭാവം പുലർത്തിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
1988-ൽ പുറത്തിറങ്ങിയ ‘ദി സാത്താനിക് വേഴ്സസ്’ എന്ന പുസ്തകത്തിന്‍റെ പേരിൽ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരനായ റുഷ്ദിക്ക് വധഭീഷണി ലഭിച്ചിരുന്നു. ഇറാൻ പുസ്തകം നിരോധിക്കുകയും റുഷ്ദിയുടെ തലയ്ക്ക് വില പ്രഖ്യാപിക്കുകയും ചെയ്തു. റുഷ്ദിയുടെ കൊലയാളിക്ക് 2.8 മില്യൺ ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. “ഇസ്ലാമിന്‍റെ പവിത്രമായ മൂല്യങ്ങളെ വ്രണപ്പെടുത്താൻ ഇനി ആരും ധൈര്യപ്പെടരുത്” എന്ന് പറയുന്ന ഫത്വയിൽ, പുസ്തകത്തിന്‍റെ രചയിതാവിനെയും പ്രസാധകരെയും വേഗത്തിൽ വധിക്കാൻ ലോകത്തിലെ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. തുടർന്ന്, ഇന്ത്യൻ വംശജനായ എഴുത്തുകാരന് യുകെ അഭയവും പൗരത്വവും നൽകി.
സൽമാൻ റുഷ്ദിക്കെതിരെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല റുഹൊല്ല ഖൊമേനി ഫത്വ പുറപ്പെടുവിച്ച് 33 വർഷങ്ങൾക്ക് ശേഷമാണ് ആക്രമണം. വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിൽ ഒരു പ്രഭാഷണത്തിനിടെയാണ് റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group