ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചതിന്‍റെ പേരില്‍ പൊലീസിന്റെ പകവീട്ടല്‍; കച്ചവടം ഉപേക്ഷിച്ച് നാടുവിടേണ്ട സ്ഥിതിയെന്ന് കോട്ടയം അതിരമ്പുഴയിലെ കള്ളുഷാപ്പുടമ
സ്വന്തം ലേഖിക
കോട്ടയം: കഞ്ചാവ് കച്ചവടം നടത്തുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പരാതി ഉന്നയിച്ചതിന്‍റെ പേരില്‍ പൊലീസ് പകവീട്ടുന്നെന്ന ആരോപണവുമായി കോട്ടയം അതിരമ്പുഴയിലെ കളള് ഷാപ്പ് ഉടമ.
നിസാര കാര്യങ്ങളുടെ പേരില്‍ ഏറ്റുമാനൂര്‍ പൊലീസില്‍ നിന്ന് നിരന്തരമായുണ്ടാകുന്ന പ്രതികാര നടപടികള്‍ കാരണം കച്ചവടം ഉപേക്ഷിച്ച് നാടുവിടുകയാണെന്നും അതിരമ്പുഴ സ്വദേശി ജോര്‍ജ് വര്‍ഗീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുണ്ടാ സംഘങ്ങളുമായുളള ബന്ധത്തിന്‍റെ പേരില്‍ ഏറ്റുമാനൂര്‍ എസ്‌എച്ച്‌ഒയെ കഴിഞ്ഞ ദിവസം വടകരയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെയാണ് പൊലീസിനെതിരെ വ്യാപാരി രംഗത്തെത്തിയത്.
കഞ്ചാവ് വില്‍ക്കുന്ന ഗുണ്ടാ സംഘം തന്‍റെ കളളു ഷാപ്പില്‍ നിരന്തരമായി ആക്രമണം നടത്തിയിട്ടും പൊലീസ് സ്വീകരിക്കുന്ന തണുപ്പന്‍ നിലപാടിനെ പറ്റി ഒരു മാസം മുൻപാണ് അതിരമ്പുഴ സ്വദേശി ജോര്‍ജ് വര്‍ഗീസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പരാതി ഉന്നയിച്ചത്. വാര്‍ത്ത വന്നതിനു പിന്നാലെ പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതരായി.
ഇതിനു ശേഷം വീണ്ടും ഗുണ്ടാ സംഘങ്ങള്‍ പലകുറി പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. എന്നിട്ടും പൊലീസ് തന്നെ കുറ്റക്കാരനാക്കും വിധമാണ് പെരുമാറുന്നതെന്ന് ജോര്‍ജ് വര്‍ഗീസ് പറയുന്നു.