അതിരമ്പുഴ തിരുനാള്‍: 100 പൊൻകുരിശുകള്‍; 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍; പ്രദക്ഷിണങ്ങള്‍ ഭക്തിസാന്ദ്രമാകും; വെടിക്കെട്ട് 25 ന്
അതിരമ്പുഴ: അതിരമ്പുഴ തിരുനാളിന്‍റെ പ്രധാന ആകര്‍ഷണങ്ങളായ 24 ലെ നഗരപ്രദക്ഷിണവും 25ലെ തിരുനാള്‍ പ്രദക്ഷിണവും ഇത്തവണ കൂടുതല്‍ ഭക്തിസാന്ദ്രമാകും.
ഇരു പ്രദക്ഷിണങ്ങളുടെയും മുൻനിരയില്‍ 100 പൊൻകുരിശുകള്‍ സംവഹിക്കപ്പെടുമെന്ന് വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25ലെ തിരുനാള്‍ പ്രദക്ഷിണത്തിന് 22 വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സംവഹിക്കപ്പെടും.
തിരുസ്വരൂപങ്ങള്‍ വലിയ പള്ളിക്കും ചെറിയപള്ളിക്കും മധ്യേ ജോണ്‍ പോള്‍ രണ്ടാമൻ നഗറില്‍ ഒന്നിച്ചു വരുമ്പോള്‍ ആകാശത്തുനിന്നു പുഷ്പവൃഷ്ടി നടത്തും. നാളെ രാവിലെ കൊടിയേറ്റു നടക്കുമ്ബോഴും പുഷ്പവൃഷ്ടി ഉണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
20 മുതല്‍ 23 വരെ നടത്തുന്ന ദേശക്കഴുന്ന് ഇത്തവണ വൈകുന്നേരം ആറിന് ആയിരിക്കും ആരംഭിക്കുന്നത്. രാത്രി ഒമ്ബതിന് ചെറിയപള്ളിയില്‍ സമാപിക്കും. ദേശക്കഴുന്നിന് ശേഷം പതിവുള്ള കലാപരിപാടികള്‍ ഇത്തവണ 28 മുതല്‍ 31 വരെ രാത്രി 7.30ന് ആയിരിക്കും. നാലു ദിവസവും ഗാനമേളയാണ് ഇത്തവണ.
പതിവായി ജനുവരി 24ന് രാത്രിയില്‍ നടത്തിയിരുന്ന പ്രശസ്തമായ അതിരമ്ബുഴ വെടിക്കെട്ട് കഴിഞ്ഞ വര്‍ഷം 25ന് രാത്രിയിലാണ് നടത്തിയത്. ഈ വര്‍ഷവും വെടിക്കെട്ട് 25നു തന്നെയായിരിക്കും.
കഴുന്ന് എഴുന്നള്ളിപ്പാണ് അതിരമ്ബുഴ പള്ളിയിലെ പ്രധാന നേര്‍ച്ച. ജനുവരി 19ന് സന്ധ്യ മുതല്‍ 20നു പുലര്‍ച്ചെ വരെ ചെറിയപള്ളിയുടെ മുന്നിലെ നടയില്‍ നടക്കുന്ന ചാണകംമെഴുക്ക് നേര്‍ച്ച പ്രശസ്തമാണ്. വിദൂരസ്ഥലങ്ങളില്‍നിന്നു പോലും എത്തുന്ന നൂറുകണക്കിന് നാനാജാതി മതസ്ഥരായ ഭക്തജനങ്ങളാണ് ഈ നേര്‍ച്ചയ്ക്ക് എത്തുന്നത്.
കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്ബതികള്‍ സന്താനലബ്ധിക്കായും രോഗികളായിട്ടുള്ളവര്‍ ആയുരാരോഗ്യത്തിനായുമാണ് നേര്‍ച്ച നിറവേറ്റുന്നത്.
തിരുനാളിന്‍റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ പറഞ്ഞു. അസിസ്റ്റന്‍റ് വികാരിമാരായ ഫാ. നൈജില്‍ തൊണ്ടിക്കാക്കുഴിയില്‍, ഫാ. ബിനില്‍ പഞ്ഞിപ്പുഴ, കൈക്കാരന്മാരായ ടി.ജെ. ജേക്കബ് തലയിണക്കുഴി, ജോണി കുഴുപ്പില്‍, എം.സി. മാത്യു വലിയപറമ്ബില്‍, തോമസ് ജോസഫ് പുതുശേരില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.