ഭീഷണികള്‍ക്ക് വഴങ്ങാത്ത കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ; ഡിപ്ലോമാറ്റിക് ബാഗേജുകള്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ള വന്‍ശൃംഖലയെ വലയിലാക്കിയ ഹീറോ ; ആരോഗ്യപരമായ കാരണങ്ങളുടെ പേരിൽ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എച്ച് രാമമൂര്‍ത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭീഷണികള്‍ക്ക് വഴങ്ങാത്ത കസ്റ്റംസ് ഉദ്യോഗസ്ഥന്‍, അതായിരുന്നു അസിസ്റ്റന്റ് കമ്മീഷണര്‍ എച്ച് രാമമൂര്‍ത്തി. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ള വന്‍ശൃംഖലയെ വലയിലാക്കാന്‍ ഇടയാക്കിയത് രാമമൂര്‍ത്തിയുടെ സംശയമാണ്. ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത രാമമൂര്‍ത്തി തീര്‍ത്തും അപ്രതീക്ഷിതമായി ഇന്നലെ സര്‍വീസ് വിട്ടു.
ഏഴ് വര്‍ഷം കൂടി സര്‍വീസ് ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ആരോഗ്യപരമായ കാരണങ്ങളുടെ പേരിലാണ് സ്വയം വിരമിക്കല്‍. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പതിനഞ്ച് കോടിയുടെ സ്വര്‍ണമാണ് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കടത്താന്‍ ശ്രമിച്ചത്. വലിയ കോളിളക്കം സൃഷ്ടിച്ച കേസാണ്. ഇടതുസര്‍ക്കാരിനെ വരെ പിടിച്ചുലച്ച കേസാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാഗേജ് തടഞ്ഞുവച്ചതിന്റെ പേരില്‍ തുടര്‍ച്ചയായി ഭീഷണികള്‍ ഉണ്ടായെങ്കിലും രാമമൂര്‍ത്തി വകവച്ചില്ല. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ആളുകള്‍ ഭീഷണി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ പിടിയിലായിരുന്നു.
നയതന്ത്ര ബാഗേജ് സ്വര്‍ണക്കള്ളക്കടത്തിന് സമാനമായിരുന്നു 24 വര്‍ഷം മുമ്ബ് ഡല്‍ഹിയില്‍ നടന്ന വോള്‍ഗ കേസ്. ഡല്‍ഹി വിമാനത്താവളത്തില്‍, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്ന ഒരു കള്ളക്കടത്താണ് അന്ന് രാമമൂര്‍ത്തിയുടെ നീക്കങ്ങളിലൂടെ പുറത്തു വന്നത്. ആ കേസ് തെളിയിക്കാന്‍ നേതൃത്വം നല്‍കിയതും രാമമൂര്‍ത്തിയാണ്.
2000 ആഗസ്റ്റിലായിരുന്നു ആ സംഭവം. ഉസ്‌ബെകിസ്ഥാന്‍ സ്വദേശിനിയായ വോള്‍ഗ എന്ന യുവതി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സില്‍ക്ക് കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു. അന്ന് 27 ബാഗുകളിലായാണ് വോള്‍ഗ ചൈനീസ് സില്‍ക്ക് ഇന്ത്യയിലെത്തിച്ചത്.
ബാഗുകളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നെങ്കിലും 27 ബാഗുകള്‍ ഒരു വനിത കൊണ്ടുവരുന്നതെന്തിനാണെന്ന സംശയം ഉദ്യോഗസ്ഥനുണ്ടായതാണ് ആ വലിയ നീക്കം പുറത്തു കൊണ്ടുവന്നത്. 2001ല്‍ കേസ് സിബിഐക്കു കൈമാറി. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പുറത്തുവന്നു. ഒരു ഓഫിസര്‍ മാത്രമാണു ശിക്ഷിക്കപ്പെട്ടത്.
ആ സംഭവത്തിന് സമാനമായ കേസ് തന്നെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളക്കടത്തും. ഭീഷണിക്കു വഴങ്ങാതെ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത് അസിസ്റ്റന്റ് കസ്റ്റംസ് കമ്മിഷണറായിരുന്ന രാമമൂര്‍ത്തി തന്നെയായിരുന്നു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടു രണ്ടുപേര്‍ ഭീഷണിപ്പെടുത്തിയിട്ടും അദ്ദേഹം പിന്മാറിയില്ല. എന്തായാലും ഇപ്പോള്‍, ആരോഗ്യകാരണങ്ങള്‍ ചൂണ്ടി കാട്ടി അദ്ദേഹം വിരമിച്ചിരിക്കുകയാണ്.