
കോട്ടയം:ലോകത്ത് എല്ലായിടത്തുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ബിസ്ക്കറ്റ് .
കുട്ടികൾ മാത്രമല്ല , മുതിർന്നവരും ചായക്ക് സ്നാക്സ് ആയും യാത്രാവേളകളിലും പ്രധാനമായി ആശ്രയിക്കുന്ന ഭക്ഷണമാണല്ലോ ബിസ്ക്കറ്റ് .
ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടുള്ള കടൽ യാത്രക്കാരായ നാവികർക്ക് വേണ്ടിയാണത്രേ ലോകത്തിൽ ആദ്യമായി ബിസ്ക്കറ്റ് നിർമ്മാണം തുടങ്ങിവച്ചത്. ബ്രിട്ടാനിയ , പാർലെ തുടങ്ങിയ വമ്പൻ കമ്പനികളുടെ സ്വാദൂറുന്ന വിവിധതരം ബിസ്ക്കറ്റുകൾ ബേക്കറികളുടെ ചില്ലലമാരയിൽ
ഇരിക്കുന്നത് കണ്ട് വായിൽ വെള്ളമൂറിയിരുന്ന ഒരു തലമുറയിൽ നിന്നും ആഗ്രഹിക്കുന്നതെന്തും ഞൊടിയിടയിൽ ആവശ്യത്തിലധികം വാങ്ങിക്കഴിച്ച് ആരോഗ്യം നശിപ്പിക്കുന്ന ഒരു ജീവിതശൈലിയിലേക്ക് നമ്മൾ എത്തിച്ചേർന്നിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രിട്ടാനിയ , പാർലെ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികളുടെ ബിസ്ക്കറ്റുകളെ കൂടാതെ മറ്റു ചില ബിസ്ക്കറ്റുകളെക്കുറിച്ചും നമുക്കറിയാം .
എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് വൻ
വാർത്താ പ്രാധാന്യം നേടിയെടുത്ത സാക്ഷാൽ “ഡെയിഞ്ചർ ബിസ്ക്കറ്റ്” എന്ന
സ്വർണ്ണ ബിസ്കറ്റ് തന്നെയാണ് ഉദ്ദേശിക്കുന്നത്.
അറുപതുകളിലും എഴുപതുകളിലും കോഴിക്കോട് ,ചാവക്കാട്, കൊച്ചി ,വർക്കല തുടങ്ങിയ തീരപ്രദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് കേരളത്തിൽ സ്വർണക്കള്ളക്കടത്ത് സജീവമാകുന്നത്.
ഇത് മണത്തറിഞ്ഞ കേന്ദ്രത്തിലെ
ഇൻറലിജൻസ് ബ്യൂറോ അന്വേഷണത്തിനായി ഒരു സംഘം ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് പറഞ്ഞയക്കുന്നു.
സമകാലിക പ്രാധാന്യമുള്ള ഈ വിഷയം തന്നെയാണ്
55 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ
“ഡേയ്ഞ്ചർ ബിസ്കറ്റ് ”
എന്ന മലയാള ചലച്ചിത്രത്തിനും പറയാനുണ്ടായിരുന്നത് .
ജയമാരുതി പ്രൊഡക്ഷൻസിനുവേണ്ടി
ടി . ഇ. വാസുദേവൻ നിർമ്മിച്ച് എ. ബി .രാജ് സംവിധാനം ചെയ്ത ഈ ചിത്രം കച്ചവടസിനിമക്ക് വേണ്ട എല്ലാ മസാലകളും ചേരുംപടി ചേർത്ത ഒരു പ്രേംനസീർ സ്റ്റൈൽ സിനിമ തന്നെയായിരുന്നു.
വി വത്സലയുടെ കഥയ്ക്ക് എസ് എൽ പുരം സദാനന്ദൻ തിരക്കഥ എഴുതി .
ജയമാരുതിയുടെ ചിത്രങ്ങൾക്കെല്ലാം കഥ എഴുതിയിരുന്നത് പല തൂലികാനാമങ്ങളിൽ നിർമ്മാതാവായ
ടി ഇ വാസുദേവൻ തന്നെയായിരുന്നു.
വി വത്സലയും അത്തരത്തിലൊരു തൂലികാനാമമാകാനാണ് സാധ്യത.
പ്രേംനസീർ , ഷീല,
കെ പി ഉമ്മർ , സാധന, അടൂർഭാസി തുടങ്ങിയ താരങ്ങൾ അഭിനയിച്ച “ഡേഞ്ചർ ബിസ്കറ്റ് ” വൻ വിജയം നേടിയെടുത്ത ചിത്രമായിരുന്നു. ശ്രീകുമാരൻ തമ്പി , ദക്ഷിണാമൂർത്തി ടീമിന്റെ അതി മനോഹര ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം .
ഇന്നും ഈ ചലച്ചിത്രം ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത് കാലത്തിന് മായ്ക്കാൻ കഴിയാത്ത മനോഹര ഗാനങ്ങളിലൂടെയാണ്.
ആദ്യം ഓർമ്മയിൽ എത്തുന്നത് യേശുദാസ് പാടി അനശ്വരമാക്കിയ സമാനതകളില്ലാത്ത ഒരു ചലച്ചിത്ര ഗാനമാണ് .
“ഉത്തരാസ്വയംവരം കഥകളി കാണുവാൻ
ഉത്രാടരാത്രിയിൽ പോയിരുന്നു
കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ
നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു…”
കേരളത്തിൻ്റെ തനതു കലാരൂപമായ കഥകളിയുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മനോഹരമായ ഈ ഗാനത്തിൽ രസരാജനായ ശൃംഗാരത്തിൻ്റെ സമൂർത്തഭാവങ്ങളെ ആട്ടക്കഥാപദാവലികളിലൂടെ ഇരയിമ്മൻ തമ്പി ആവിഷ്ക്കരിച്ചിട്ടുള്ളതിൻ്റെ ഒരു നേർക്കാഴ്ച തന്നെ കവി ആസ്വാദകരിലേക്ക് പകർന്നു നൽകുന്നു.
മാത്രമല്ല, അന്ന് ദക്ഷിണ കേരളത്തിലെ പ്രഗൽഭരായ എല്ലാ കഥകളി നടന്മാരെയും ശ്രീകുമാരൻ തമ്പി ഈ പാട്ടിൽ അടയാളപ്പെടുത്തുന്നുണ്ട്.
“അശ്വതി നക്ഷത്രമേ എൻ അഭിരാമ സങ്കൽപ്പമേ …” എന്ന
ജയചന്ദ്രൻ പാടിയ ഗാനവും അക്കാലത്ത് ഒട്ടേറെ ജനപ്രീതി നേടിയെടുത്തു.
“തമസാനദിയുടെ തീരത്തൊരു നാൾ തപസ്സിരുന്നൊരു രാജൻ …. ”
(പി.ലീല )
“കണ്ണിൽ കണ്ണിൽ
നോക്കിയിരുന്നാൽ
കരളിൻ ദാഹം തീരുമോ …”
(എസ്. ജാനകി )
“പറയാനെനിക്കു നാണം ..”
(ജാനകി)
“മാനവ മനമൊരു … ”
( പി ലീല )
“കാമുകൻ വന്നാൽ ..”.(ജാനകി)
എന്നിവയെല്ലാം
“ഡേയ്ഞ്ചർ ബിസ്കറ്റി ” ലെ അതിമനോഹരഗാനങ്ങൾ ആയിരുന്നു.
1969 നവംബർ അവസാന വാരം തിയേറ്ററുകളിലെത്തിയ
“ഡെയ്ഞ്ചർ ബിസ്കറ്റ് ” എന്ന ചിത്രത്തിന് ഇപ്പോൾ അൻപത്തിയഞ്ച് വയസ്സ് പൂർത്തിയാകുമ്പോഴും “ഡെയ്ഞ്ചർ ബിസ്കറ്റു” കളുടെ അമ്പരപ്പിക്കുന്ന കഥകൾ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പാർട്സുകളായും പൊടികളായും വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു.
” സ്വപ്ന”ലോലകളായ മദാലസളുടെ മലദ്വാരം വരെ ഡെയ്ഞ്ചർ ബിസ്കറ്റുകളുടെ ഒളിസങ്കേതമായി മാറുന്ന വാർത്തകൾ നമ്മളെ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത് .
മഞ്ഞലോഹത്തിൻ്റെ അവസാനിക്കാത്ത തുടർക്കഥകൾക്കായി നമുക്ക് വീണ്ടും കാത്തിരിക്കാം…