play-sharp-fill
അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിന്‍റെ ഞെട്ടലിൽ മലയാള സിനിമ ; മോഹൻലാൽ അടക്കം അമ്മ ഭരണസമിതിയുടെ കൂട്ട രാജിക്ക് പിന്നിലെന്ത്? 5 കാരണങ്ങള്‍ ഇങ്ങനെ

അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിന്‍റെ ഞെട്ടലിൽ മലയാള സിനിമ ; മോഹൻലാൽ അടക്കം അമ്മ ഭരണസമിതിയുടെ കൂട്ട രാജിക്ക് പിന്നിലെന്ത്? 5 കാരണങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ കൂടി പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മയുടെ ഭരണസമിതി കൂട്ടത്തോടെ രാജിവച്ചതിന്‍റെ ഞെട്ടലിലാണ് മലയാള സിനിമ.

അധ്യക്ഷ സ്ഥാനത്ത് നിന്ന് മോഹൻലാലും ഭരണ സമിതി ഒന്നടങ്കവും രാജിവക്കേണ്ടിവന്നത് ഏറ്റവും പ്രധാനമായി 5 കാര്യങ്ങളാണെന്നാണ് പുറത്തുവരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മ ഭരണസമിതി എന്തുകൊണ്ട് രാജിവെച്ചു? 5 കാരണങ്ങള്‍ ഇങ്ങനെ

1. ആരോപണങ്ങള്‍ക്ക് മറുപടി പറയുക എന്ന ധാർമിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുക
2. പൃഥ്വിരാജടക്കമുളള പുതുതലമുറ, നിലവിലെ ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലം
3. ജഗദീഷ് അടക്കം ഭാരവാഹികള്‍ ചേരിതിരിഞ്ഞതും നിർണായകമായി
4. സംഘടനയുടെ അധികാരം ജനറല്‍ സെക്രട്ടറിക്കാണ്. സിദ്ദിഖ് രാജിവെച്ചതോടെ ഈ സ്ഥാനത്തേക്ക് സർ‍വസമ്മതനായ മറ്റൊരു പകരക്കാരനെ കണ്ടെത്താൻ കഴിയാതെവന്നു
5. സ്ത്രീകള്‍ക്ക് മുൻതൂക്കമുളള പുതിയ ഭരണസമിതി വരണമെന്ന് മുതിർന്ന അംഗങ്ങളടക്കം നിർദേശിച്ചതും നിർണായകമായി

ഇതിനൊപ്പം തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിന്‍റ് സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങള്‍ ഉന്നയിച്ചതോടെ കൂട്ട രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.

മോഹൻലാലിന്‍റെ രാജിക്കത്ത്

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. ‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’.