അമ്മയില്‍ വീണ്ടും തിരഞ്ഞെടുപ്പ്! ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവച്ചതോടെ ബാബുരാജ് ചുമതല ഏറ്റെടുക്കും ; സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഓണ്‍ലൈനില്‍ ചേരും
കൊച്ചി : താര സംഘടനയായ അമ്മയില്‍ വീണ്ടും തിരഞ്ഞെടുപ്പ് വരും. ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് രാജിവച്ചതോടെയാണ് ഇത്.
ജനറല്‍ സെക്രട്ടറിയെ കണ്ടെത്താന്‍ വോട്ടെടുപ്പ് വീണ്ടും അനിവാര്യതയാകും. ഒന്നരമാസം മുമ്ബാണ് ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് ജയിച്ചത്. തല്‍കാലം സിദ്ദിഖ് രാജിവച്ച സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി ചുമതല ബാബുരാജ് ഏറ്റെടക്കും. സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഓണ്‍ലൈനില്‍ ചേരും. ഈ യോഗമാകും ബാബുരാജിന് ചുമതല നല്‍കുക. 28ന് വീണ്ടും എക്‌സിക്യൂട്ടീവ് ചേരുന്നുണ്ട്. ഭാരവാഹി യോഗവും ചേരും. അതിന് ശേഷം തിരഞ്ഞെടുപ്പില്‍ തീരുമാനം എടുക്കും.
കുക്കു പരമേശ്വരനെ തോല്‍പ്പിച്ചാണ് സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായത്. ഉണ്ണി ശിവപാലും മത്സരിച്ചിരുന്നു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായി ബാബുരാജും ജയിച്ചു. ജനറല്‍ സെക്രട്ടറിയ്ക്ക് അസൗകര്യങ്ങളുണ്ടെങ്കില്‍ ജോയിന്റ് സെക്രട്ടറി ചുമതല ഏറ്റെടുക്കണം. ഈ സാഹചര്യത്തിലാണ് ബാബുരാജ് ആ സ്ഥാനത്തേക്ക് വരുന്നത്. ഇതിന് ശേഷം പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തും. നിലവിലെ സാഹചര്യത്തില്‍ വീറും വാശിയും ഈ തിരഞ്ഞെടുപ്പിലുണ്ടാകും. കുക്കു പരമേശ്വരനെ പോലുള്ളവര്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകം. ഔദ്യോഗിക പാനലില്‍ മത്സരിക്കാന്‍ എത്തുന്ന ആള്‍ക്ക് വിജയം അത്ര എളുപ്പമാകില്ലെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈനില്‍ ചേരുന്ന എക്‌സിക്യൂട്ടീവ് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഹേമാ കമ്മറ്റിയില്‍ ജഗദീഷ് അടക്കമുള്ളവര്‍ നടത്തിയ പ്രതികരണങ്ങള്‍ അമ്മയില്‍ കൊടുംകാറ്റാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിലൂടെ ജനറല്‍ സെക്രട്ടറിയാകുന്നത് ആരാണെന്നതും നിര്‍ണ്ണായകമാണ്. തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നിലവിലെ ഭരണ സമിതി പരമാവധി ശ്രമിക്കുകയും ചെയ്യും. അതിന് കഴിയുമോ എന്നത് ഈ ഘട്ടത്തില്‍ ആര്‍ക്കും പ്രവചിക്കാനും കഴിയില്ല. കുക്കു പരമേശ്വരന്‍ വീണ്ടും മത്സരിക്കാന്‍ സാധ്യത ഏറെയാണ്.
നടിയുടെ പീഡന ആരോപണത്തിനു പിന്നാലെയാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നടന്‍ സിദ്ദിഖ് രാജിവച്ചത്. സംഘടനാ പ്രസിഡന്റ് മോഹന്‍ലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമര്‍പ്പിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹന്‍ലാലിന് അയച്ച കത്തിലുള്ളത്. ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് അടുപ്പമുള്ളവരെ അറിയിച്ചു. നിലവില്‍ ഊട്ടിയിലാണ് സിദ്ദിഖ്. സിദ്ദിഖ് ഇനി അമ്മയുടെ യോഗത്തില്‍ പങ്കെടുക്കില്ല.
നടന്‍ സിദ്ദിഖില്‍നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി ഇന്നലെ രംഗത്തെത്തിയിരുന്നു. പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. എനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ, ഈ സാഹചര്യത്തില്‍ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഞാന്‍ സ്വമേധയാ രാജിവയ്ക്കുന്നതായി താങ്കളെ അറിയിച്ചുകൊള്ളട്ടെ-ഇതാണ് മോഹന്‍ലാലിന് സിദ്ദിഖ് അയച്ച രാജിക്കത്ത്. ലാല്‍ അംഗീകരിക്കുകയും ചെയ്തു.
‘പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു’ നടി പറഞ്ഞു.
2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു.