play-sharp-fill
അമ്മയിലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക പാനലിന് തിരിച്ചടി; മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാര്‍;എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പരാജയപ്പെട്ട് ആശാ ശരത്തും  നിവിന്‍ പോളിയും ഹണി റോസും

അമ്മയിലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക പാനലിന് തിരിച്ചടി; മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാര്‍;എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പരാജയപ്പെട്ട് ആശാ ശരത്തും നിവിന്‍ പോളിയും ഹണി റോസും

സ്വന്തം ലേഖിക

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി.

തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിന്റെ ഓദ്യോഗിക പാനലിന് തിരിച്ചടി. ഔദ്യോഗിക പാനല്‍ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച്‌ മണിയന്‍പിള്ള രാജു, വിജയ് ബാബു, ലാല്‍ എന്നിവര്‍ ജയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒദ്യോഗിക പാനലിന്റെ ഭാഗമായി മത്സരിച്ച നിവിന്‍ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവരാണ് പരാജയപ്പെട്ടത്. ഔദ്യോഗിക പാനലിന്റെ വൈസ് പ്രസിഡൻ്റ് സ്ഥാനാര്‍ത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്. മണിയന്‍പിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു ഫലം വന്നപ്പോള്‍ മണിയന്‍പിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു.

ഇതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയന്‍പിള്ള രാജുവും എത്തും.

പതിനൊന്ന് അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലില്‍ നിന്നും ബാബുരാജ്, ലെന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്.

ഇവര്‍ക്കെതിരെ വിജയ് ബാബു,ലാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സരിക്കാന്‍ രംഗത്ത് എത്തി. ഫലം വന്നപ്പോള്‍ ഔദ്യോഗിക പാനലിലെ ഒന്‍പത് പേര്‍ വിജയിച്ചു. നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു.

ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോള്‍ വിമതനായി മത്സരിച്ച നാസര്‍ ലത്തീഫ് പരാജയപ്പെട്ടു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കാറില്ല. മുന്‍ വര്‍ഷങ്ങളിലും പലരും മത്സരിക്കാന്‍ തയ്യാറായി രംഗത്തു വന്നിരുന്നുവെങ്കിലും അവസാനനിമിഷം സമവായമുണ്ടാക്കി മത്സരം ഒഴിവാക്കാറാണ് പതിവ്.

എന്നാല്‍ ഇക്കുറി സമ്മര്‍ദ്ദ-സമവായ നീക്കം തള്ളി മണിയന്‍ പിള്ള രാജുവും ലാലും അടക്കം നാല് പേര്‍ മത്സരിക്കാന്‍ ഇറങ്ങുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്‍ സിദ്ധീഖ് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതിനെതിരെ മണിയന്‍ പിള്ള രാജുവും ഷമ്മി തിലകനും രംഗത്ത് വന്നിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റിനെകുറിച്ച്‌ നടന്‍ സിദ്ദിഖും മണിയന്‍പിള്ള രാജുവും വിശദീകരണങ്ങള്‍ നല്‍കി. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സിദ്ദിഖും പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗം മാത്രമായിരുന്നെന്ന് മണിയന്‍പിള്ള രാജുവും വ്യക്തമാക്കി.

ഔദ്യോഗിക പാനല്‍ മത്സരിക്കുന്നുണ്ടെന്ന കാര്യം നേരത്തെ പറഞ്ഞിരുന്നില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിത്തറ ഇളക്കുമെന്ന് വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റിലുണ്ടായിരുന്നത്.

എന്നാല്‍ പോസ്റ്റിലൂടെ എതിര്‍ സ്ഥാനാര്‍ത്ഥികളെ വിമര്‍ശിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നായിരുന്നു മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം. അമ്മയില്‍ മത്സരം നടക്കുന്നത് സംഘടനയില്‍ ഉണര്‍വുണ്ടാക്കിയെന്നും താരം അഭിപ്രായപ്പെട്ടു.