play-sharp-fill
ആലപ്പുഴയിലുണ്ട്​, ഒരേ വിലാപമുയരുന്ന രണ്ട്​ വീടുകള്‍; ആൾക്കുട്ടങ്ങൾ ഒഴിഞ്ഞു പോകുമ്പോൾ തനിച്ചാകുന്ന രണ്ട് കുടുംബങ്ങൾ; ആ കണ്ണീരിന് ഇനി ആര് സമാധാനം പറയും?

ആലപ്പുഴയിലുണ്ട്​, ഒരേ വിലാപമുയരുന്ന രണ്ട്​ വീടുകള്‍; ആൾക്കുട്ടങ്ങൾ ഒഴിഞ്ഞു പോകുമ്പോൾ തനിച്ചാകുന്ന രണ്ട് കുടുംബങ്ങൾ; ആ കണ്ണീരിന് ഇനി ആര് സമാധാനം പറയും?

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട കെ എസ്​ ഷാനിന്‍റെയും രഞ്ജിത്ത്​ ശ്രീനിവാസന്‍റെയും അന്ത്യകര്‍മ്മ സമയത്ത്​ ഉയര്‍ന്നുകേട്ട വിലാപങ്ങളില്‍ വെറുപ്പിന്‍റെയും പ്രതിരോധത്തിന്‍റെയും രാഷ്ട്രീയത്തോടുള്ള ചോദ്യങ്ങളുമുണ്ട്​.

ശനിയാഴ്ച രാത്രി എട്ട്​ മണിയോടെ നഗരത്തില്‍നിന്നും മണ്ണഞ്ചേരിയിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു 38കാരനായ ഷാന്‍. ഷാന്​ രണ്ട്​ പെണ്‍മക്കളാണ്, ഹിബയും ഫിദയും. ഉപ്പ വരാന്‍ വൈകിയാല്‍ അവര്‍ ​​മൊബൈല്‍ ഫോണില്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരിക്കും. ആര്‍.എസ്​.എസ്​ പ്രവര്‍ത്തകര്‍ കാര്‍ ഇടിപ്പിച്ചിട്ട്​ വെട്ടിവീഴ്ത്തുന്നതിന്​ തൊട്ടുമുമ്പും ആ പെണ്‍കുഞ്ഞുങ്ങള്‍ അവരുടെ ഉപ്പയെ വിളിച്ചു. ‘ദാ എത്തിക്കഴിഞ്ഞു’ എന്നാണ്​ അയാള്‍ അവസാനം മക്കള്‍ക്ക്​ കൊടുത്ത വാക്ക്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്​ ഏതാനും വിളിപ്പാടകലെയാണ്​ ആ യുവാവ്​ അക്രമികളുടെ വെട്ടേറ്റു പിടഞ്ഞുവീണത്​. ആലപ്പുഴ മെഡിക്കല്‍ ട്രസ്റ്റ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ഷാന്‍ മരണപ്പെട്ടു.

എന്നാൽ അതിലും വേദന സമ്മാനിച്ചായിരുന്നു ആ രാത്രി ഇരുട്ടിവെളുത്തത്.
ആര്‍.എസ്​.എസ്-ബി.ജെ.പി സജീവ പ്രവര്‍ത്തകനും ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രഞ്ജിത്​​ ശ്രീനിവാസനെ വീട്ടിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നു. നാട്​ വിറങ്ങലിച്ചുപോയി.

12 മണിക്കൂര്‍ ഇടവേളയില്‍ കേവലം 13 കിലോമീറ്റര്‍ അകലത്തില്‍ രണ്ട്​ യുവാക്കള്‍ക്ക്​ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. രഞ്ജിത്തിനും രണ്ട്​ പെണ്‍കുഞ്ഞുങ്ങളാണ്​. നാല്​ പെണ്‍കുഞ്ഞുങ്ങള്‍ അനാഥരാക്കപ്പെട്ടിരിക്കുന്നു. രണ്ട്​ യുവതികള്‍ അകാല വൈധവ്യത്തിന്​ ഇരകളായിരിക്കുന്നു. ആലപ്പുഴ പട്ടണത്തില്‍​ ​ചോരയുടെ മണം പടര്‍ന്നിരിക്കുന്നു…

ഷാനിന്‍റെ മൃതദേഹമാണ്​ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യം വിട്ടുകിട്ടിയത്​. എല്‍എല്‍.ബി പൂര്‍ത്തിയാക്കിയെങ്കിലും പ്രാക്​ടീസിന്​ പോകാതെ കര്‍ട്ടന്‍ ബിസിനസ്​ നടത്തുകയായിരുന്നു ഷാന്‍. ആലപ്പുഴ നഗരത്തിന്​ അടുത്ത് പൊന്നാടാണ്​ താമസം.

ഒരു കുഞ്ഞു വീട്​. ഷാന്‍റെ ശരീരം വീട്ടിലെത്തിച്ചപ്പോള്‍ ഭാര്യ ഫന്‍സില നിലവിളിക്കാന്‍ പോലുമാകാതെ നിന്നു. ‘എന്‍റിക്ക പാവമായിരുന്നില്ലേ, എന്നിട്ടും വെട്ടിക്കൊന്നുകളഞ്ഞില്ലേ. ഇക്ക ഇല്ലാത്ത വീട്ടില്‍ ഞാനിനി എന്തിനാ. എന്‍റെ മക്കള്‍ ഇനി എന്തു ചെയ്യും’-വിതുമ്പലടക്കാനാവാതെ ഫന്‍സില പറഞ്ഞു.

ഹിബയും ഫിദയും ‘ദാ എത്തിക്കഴിഞ്ഞു’ എന്ന അവസാന വാക്കിന്‍റെ മണംമായും മുമ്പ് എന്നന്നേക്കുമായി ഉറങ്ങിപ്പോയ ഉപ്പയെ കണ്ട്​ അലറി വിളിച്ചു.

വാര്‍ധ്യകത്തില്‍ തുണയാകേണ്ടിയിരുന്ന മകന്​ അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ടിവന്നതിന്‍റെ ദുഃഖം താങ്ങാനാകാതെ പിതാവ്​ സലിം വിതുമ്പി. മറ്റാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചവനല്ല മകനെന്ന് മയ്യിത്തിനരികെ നിന്ന്​ ആ പിതാവ്​ പറഞ്ഞു.

ആറാട്ടുപുഴ വലിയഴീക്കല്‍ സ്വദേശിയായിരുന്നു അഡ്വ. രഞ്ജിത്​ ശ്രീനിവാസന്‍. ആലപ്പുഴ ​ജില്ലാ കോടതിയില്‍ വക്കീല്‍ ആയിരുന്നു. ഭാര്യ ലിഷയും വക്കീലാണ്​. സജീവ ആര്‍.എസ്​.എസ്​-ബി.ജെ.പി പ്രവര്‍ത്തകന്‍.

ആലപ്പുഴ നഗരത്തിലെ വെള്ളക്കിണര്‍ പ്രദേശത്താണ്​ താമസിക്കുന്നത്​. മൂത്ത മകള്‍ ഭാഗ്യ ഒമ്പതാം ക്ലാസിലും ഇളയ മകള്‍ ഹൃദ്യ ആറാം ക്ലാസിലും പഠിക്കുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ആറരക്ക്​ അമ്മ വിലാസിനിക്കും ഭാര്യക്കും ഇളയ മകള്‍ ഹൃദ്യക്കും മുന്നില്‍വെച്ചാണ്​ ആക്രമി സംഘം രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയത്​. തിങ്കളാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം വെള്ളക്കിണറിലെ വീട്ടില്‍ എത്തിച്ചപ്പോള്‍ ഷാനിന്‍റെ വീട്ടിലേതിന്​ സമാനമായ നിലവിളികള്‍ തന്നെയാണ്​ അവിടെയും ഉയര്‍ന്നത്​. ഹിബയെയും ഫിദയെയും പോലെ തന്നെ ഭാഗ്യയും ഹൃദ്യയും അച്ഛന്‍റെ ചേതനയറ്റ ദേഹത്തിനുമുന്നില്‍ വാവിട്ട്​ നിലവിളിച്ചു.
ഹൃദ്യയുടെ അലറിക്കരച്ചില്‍ കേട്ടവരുടെ ഹൃദയം നുറുക്കി.

ഒറ്റപ്പെടലിന്‍റെ എല്ലാ നൊമ്പരങ്ങളും പേറി ലിഷ അലറിക്കരഞ്ഞു. ‘ഏട്ടാ, ഞാനിനി കോടതിയില്‍ പോകില്ല. എനിക്കിനി ഒന്നും പറയാന്‍ കഴിയില്ല. ജോലി നോക്കാന്‍ കഴിയില്ല. നമ്മുടെ കുഞ്ഞുങ്ങളെ ഞാനിനി എന്ത്​ ചെയ്യണം. അവസാനമായി ഞാന്‍ എന്തുചെയ്യണം എന്നുപോലും പറഞ്ഞില്ല. എനിക്കിനി ഒന്നും ചെയ്യാനാകില്ല. കുഞ്ഞിന്‍റെ അരങ്ങേറ്റത്തിന്​ ഡ്രസ്​ എടുക്കാന്‍ പോകാന്‍ ഇരുന്നതല്ലേ, അവളുടെ അരങ്ങേറ്റം കാണണ്ടേ. അയ്യോ എന്തിനാ ഇങ്ങനെ ചെയ്തത്​. ഞാന്‍ ഒറ്റക്കായില്ലേ, എത്രയോ പേരെ സഹായിച്ചിട്ടുണ്ട്​. സമയത്ത്​ ആരും ഉണ്ടായില്ലല്ലോ. ഇതൊന്നും ഇഷ്ടമില്ലെന്ന്​ ഞാന്‍ പറഞ്ഞിരുന്നതല്ലേ ഏട്ടാ, ഇതൊന്നും വേണ്ടാന്ന്​. എന്നിട്ടും എന്തിനായിരുന്നു. അയ്യോ ഞാനിനി എന്ത്​ ചെയ്യും? ഞാന്‍ എന്ത്​ ചെയ്യണം എന്ന്​ പറഞ്ഞിട്ട്​ പോ ഏട്ടാ’-മൃതദേഹം വലിയഴീക്കലിലുള്ള തറവാട്​ വീട്ടിലേക്ക്​ എടുക്കുംവരെ ലിഷ നിര്‍ത്താതെ നിലവിളിച്ചു.

ഇരുവീടുകളിലെയും പെണ്ണുങ്ങളില്‍നിന്നും ഉറ്റവരില്‍നിന്നും ഒരേ ആര്‍ത്തനാദങ്ങളാണ്​ ഉയര്‍ന്നത്​. ആ കുഞ്ഞുങ്ങളുടെ നെഞ്ചുലച്ച കരച്ചിലുകള്‍ക്കും ഒരേ സ്വരമായിരുന്നു. ആ ഭാര്യമാർക്ക് അവരുടെ ഭർത്താവിനെ നഷ്ടമായിരിക്കുന്നു. ആ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛനെയും.

കേരളത്തില്‍ ഇന്നോളം നടന്നിട്ടുള്ള രാഷ്ട്രീയ കൊലകളില്‍ ഒക്കെയും ഇത്​ തന്നെയായിരുന്നു കാഴ്ച. എന്നിട്ടും മാറ്റം ഒന്നും ഉണ്ടായിട്ടില്ല. അടുത്തത് ഇനി ആരെന്ന ഭയത്തിലാണ് സമൂഹം.