അഖില്‍ വധക്കേസിൽ മുഖ്യ പ്രതി സുമേഷ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍ ; പട്ടാപ്പകൽ യുവാവിനെ തല്ലിക്കൊന്ന കൊടും ക്രിമിനലുകളെ സംരക്ഷിക്കുന്നത് ഡിവൈ.എസ്.പി. ; കേസിലെ ഒരു പ്രതി ഒഴികെ ബാക്കിയുള്ളവരെല്ലാം അനന്തു വധക്കേസിലെ പ്രതികൾ ; അനന്തു കേസിൻ്റെ വിചാരണ നീളുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതികൾ സ്വൈര്യ വിഹാരം നടത്തുന്നത് ഡിവൈഎസ്പി ഒപ്പമുണ്ടെന്ന ധൈര്യത്തില്‍; കൊലക്കേസ് പ്രതികൾക്ക് ജാമ്യം ലഭിച്ചതിൻ്റെ പിന്നിൽ ഡിവൈഎസ്പിയോ…?
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കരമന അഖില്‍ വധക്കേസില്‍ മുഖ്യ പ്രതികളിലൊരായ സുമേഷും പിടിയിലായതോടെ കേസില്‍ നേരിട്ട് പങ്കുളള മുഴുവന്‍ പ്രതികളും പിടിയിലായി.
കേസിലെ പ്രധാന പ്രതികളായ അഖില്‍ എന്ന അപ്പുവും വിനീത് രാജും നേരത്തെ പിടിയിലായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവർ പിടിയിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതക കേസിലെ കൊടുംക്രിമിനലുകള്‍ ഒരു ഡിവൈ.എസ്.പിയുടെ അടുപ്പക്കാരാണെന്നാണ് ലഭിക്കുന്ന സൂചന. ഇവര്‍ ജാമ്യത്തിലിറങ്ങി സ്വൈര്യ വിഹാരം നടത്തുന്നത് ഈ ഉദ്യോഗസ്‌ഥന്‍ ഒപ്പമുണ്ടെന്ന ധൈര്യത്തിലാണ്. കേസിലെ ഒരു പ്രതി ഒഴികെയുള്ളവരെല്ലാം 2019 ല്‍ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച അനന്തു വധക്കേസിലെ പ്രതികളാണ്.
അനന്തു വധക്കേസിന്റെ വിചാരണ നീളുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊന്നത്. പുനര്‍വിചാരണാ റിപ്പോര്‍ട്ടടക്കം നല്‍കാന്‍ പ്രോസിക്യൂഷനുണ്ടായ വീഴ്‌ചയാണ് പ്രതികള്‍ക്കു ജാമ്യം കിട്ടുന്നതിന് കാരണമായത്. ഇങ്ങനെ ജാമ്യത്തിലിറങ്ങുന്ന പ്രതികളെ നിരീക്ഷിക്കാന്‍ പോലീസ് സംവിധാനത്തിനു കഴിയുന്നുമില്ല. ഇതാണ് അഖിലിന്റെ ജീവനെടുത്ത പിഴവായി വിലയിരുത്തപ്പെടുന്നത്.
കെജിഎഫ് പാർട്ട് 1 സിനിമയിലെ നായകൻ റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികള്‍ അന്തുവിനെ കൊന്നത്.
കൊലയ്ക്കിടയില്‍ കെ ജി എഫിലെ ‘ കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാല്‍ മോണ്‍സ്റ്റർ ‘ എന്ന ഡയലോഗ് പറയുന്നതും പ്രതികള്‍ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ഈ കൊലപാതക ദ്യശ്യങ്ങള്‍ കാമുകിക്കും പിതാവിനും അയച്ചുകൊടുത്തു.
അപ്പുവെന്ന അഖിലിനെ ഇന്നലെ പുലര്‍ച്ചെയോടെ തമിഴ്‌നാട്ടില്‍നിന്നാണു പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെത്തിച്ചു. വിനീത് രാജിനെ രാജാജി നഗറില്‍നിന്ന് ഷാഡോ പോലീസ് പിടികൂടുകയായിരുന്നു. സെക്രട്ടേറിയറ്റിനു തൊട്ടുതാഴെയാണ് രാജാജി നഗര്‍. നഗരത്തെ നടുക്കിയ കൊലപാതകം നടത്തിയ വ്യക്‌തി ഇവിടെ ഒളിവില്‍ താമസിക്കാനെത്തിയത് പോലീസിനു ഞെട്ടലായി.
വോട്ടെടുപ്പ് ദിവസം പാപ്പനംകോടിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്കു നയിച്ചത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്‌ക്കടിച്ചത്.
കൊല്ലപ്പെട്ട അഖിലും വിനീതും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന്റെ പകവീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകല്‍ വീടിനു സമീപത്തുവച്ച് അഖിലിനെ ക്രൂരമായി മര്‍ദിച്ചുകൊന്നത്. പ്രതികളെല്ലാം മയക്കുമരുന്ന് ഉപയോഗത്തിലും പങ്കാളികളാണ്.
അനന്തുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് തുടക്കത്തിലൊന്നും ജാമ്യം കിട്ടിയിരുന്നില്ല. ഇരുപതുകാരനെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതികള്‍ക്കു ജാമ്യം നല്‍കിയാല്‍ സമൂഹത്തിനു തെറ്റായ സന്ദേശമാകുമെന്ന് 2019 ല്‍ കേസിലെ 14 പ്രതികള്‍ക്കു ജാമ്യം നിരസിച്ച ഉത്തരവില്‍ മുന്‍ ജഡ്‌ജി കെ. ബാബു വിലയിരുത്തിയിരുന്നു. എന്നാല്‍ പിന്നീടിവര്‍ക്കു ജാമ്യം കിട്ടി. ഇതാണ് നാടിനെ നടുക്കിയ മറ്റൊരു കൊലപാതകത്തിനു വഴിയൊരുക്കിയത്.