വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ; ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് കൈമാറി; വ്യാഴാഴ്ച അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം; നേരത്തെ ബുക്ക് ചെയ്തവർക്ക് ഈ ആനുകൂല്യം ലഭ്യമല്ല
ന്യൂഡൽഹി: വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇ-ഇന്ത്യ സെക്ടറിൽ ഇന്ന് അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം.
സൗജന്യ ബാഗേജ് 20 കിലോയാക്കി കുറച്ചതിനെത്തുടർന്ന് പ്രവാസലോകത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഓഗസ്റ്റ് 19ന് ശേഷം എയർ ഇന്ത്യ എക്സ്പ്രസിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് കുറഞ്ഞ ഭാരത്തിലുള്ള ലഗേജ് കൊണ്ടുപോകേണ്ടി വന്നിരുന്നത്. ബാഗേജ് പരിധി 30ൽനിന്ന് 20 കിലോയാക്കി കുറക്കുകയായിരുന്നു.
എന്നാൽ, മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്ന് യാത്രചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമായിരുന്നുമില്ല. വെട്ടിക്കുറച്ച സൗജന്യ ബാഗേജ് പരിധി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എയർലൈനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും വ്യോമയാന മന്ത്രാലയത്തിനും പ്രവാസികൾ പരാതി നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വെട്ടിക്കുറച്ച സൗജന്യ ബാഗേജ് എയർ ഇന്ത്യ എക്സ്പ്രസ് പുനഃസ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഔദ്യോഗിക അറിയിപ്പ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു. വ്യാഴാഴ്ച അർധരാത്രി 12നു ശേഷം ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉടമകൾക്ക് 30 കിലോ ബാഗേജ് കൊണ്ടുപോകാം
എന്നാൽ, നേരത്തെ ബുക്ക് ചെയ്തവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പുതിയ തീരുമാനം നിലവിൽ വന്ന ശേഷം ബുക്കിങ് പുതുക്കുകയോ മോഡിഫൈ ചെയ്യുകയോ ചെയ്യുന്നവർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. സൗജന്യ ബാഗേജ് പരിധി പുനഃസ്ഥാപിച്ചതിനെ പ്രവാസികൾ സ്വാഗതം ചെയ്തു.