play-sharp-fill
ഗോകുലം എഫ്.സിയോട് മാപ്പ് പറഞ്ഞ് എഐഎഫ്എഫ്

ഗോകുലം എഫ്.സിയോട് മാപ്പ് പറഞ്ഞ് എഐഎഫ്എഫ്

ന്യൂഡൽഹി: ഫിഫ വിലക്കിനെ തുടർന്ന് എഎഫ്സി വനിതാ ക്ലബ് ഫുട്ബോൾ ടൂർണമെന്‍റിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോകുലം കേരള എഫ്സി ടീമിനോട് ക്ഷമ ചോദിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്.). എന്നാൽ എ.ഐ.എഫ്.എഫിന്‍റെ കഴിവുകേട് കാരണം ക്ലബ്ബിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി ടീം ഉടമ വി.സി പ്രവീൺ പറഞ്ഞു. “ഇന്ത്യൻ ഫുട്ബോളിനു നഷ്ടങ്ങളുടെ 11 ദിവസമാണു കടന്നുപോയത്. ഗോകുലം കേരള എഫ്സി വനിതാ ടീമിനോടു മാപ്പു ചോദിക്കുന്നു. ആ പെൺകുട്ടികൾക്കു ലഭിക്കേണ്ടിയിരുന്ന മികച്ച അവസരമാണു നഷ്ടമായത്” എഐഎഫ്എഫ് ട്വീറ്റ് ചെയ്തു.

സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയിൽ നിന്ന് എ.ഐ.എഫ്.എഫ് നേതൃത്വം അധികാരം തിരിച്ചുപിടിച്ചുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് വിലക്ക് നീക്കിയത്. എന്നാൽ ഫിഫയുടെ വിലക്ക് മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം നികത്താൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഗോകുലം ടീം ഉടമ വി.സി പ്രവീൺ പറഞ്ഞു. താഷ്കെന്‍റിലെത്തിയ ഗോകുലത്തിന്‍റെ 23 അംഗ ടീമിന് ഒരു മത്സരം പോലും കളിക്കാനാവാതെ മടങ്ങേണ്ടി വന്നു. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് എഎഫ്സിക്ക് കത്തെഴുതിയിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് പ്രവീൺ പറഞ്ഞു. ദേശീയ ഫുട്ബോൾ ചാമ്പ്യൻമാരായ ഗോകുലം വനിതാ ടീം കഴിഞ്ഞ വർഷത്തെ എഎഫ്സി ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.