മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചു ; ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് പള്ളിക്കത്തോട് പോലീസ്
പള്ളിക്കത്തോട് : യുവാവിനെ മരക്കമ്പുകൊണ്ട് ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി പോലീസിന്‍റെ പിടിയിലായി. ആനിക്കാട് മുണ്ടൻ കവല വള്ളാംതോട്ടം വീട്ടിൽ സുധിമോൻ. വി.എസ് (22) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തുക്കളും ചേർന്ന് ജൂണ്‍ ഒമ്പതാം തീയതി ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ആനിക്കാട് സ്വദേശിയായ യുവാവിനെ മുണ്ടൻ കവല ഭാഗത്ത് വച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
മുണ്ടൻ കവല ഭാഗത്ത് വച്ച് യുവാവ് തന്റെ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരുന്ന സമയം ഇവർ യുവാവിനെ ചീത്ത വിളിക്കുകയും, മര്‍ദ്ദിക്കുകയും , മരക്കമ്പുകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ സുഹൃത്തിനെയും ഇവർ ആക്രമിച്ചു. ആക്രമണത്തിൽ യുവാവിന്റെ വാരിയെല്ലിന് പൊട്ടൽ സംഭവിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികൾക്ക് യുവാവിനോട് മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഈ കേസിലെ മറ്റുപ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുഖ്യ പ്രതിയായ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരവെയാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലാകുന്നത്.
പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്.ഓ ടോംസണ്‍ കെ.പി, എ.എസ്.ഐ റെജി, സി.പി.ഓ മാരായ വിനോദ്, അൻസീം, മധു, സക്കീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.