അപകടത്തില്‍ പരിക്കേറ്റയാളുമായി വന്ന ആംബുലൻസ് ഇടിച്ച് കാല്‍നട യാത്രികനായ വെള്ളാവൂർ സ്വദേശിയ്ക്ക് ദാരുണാന്ത്യം ; ചങ്ങനാശ്ശേരി ഇൻഡസ് മോട്ടോഴ്സിലെ സൂപ്പർ വൈസറാണ് മരണപ്പെട്ട യുവാവ്
സ്വന്തം ലേഖകൻ
അടൂർ: അപകടത്തില്‍ പരിക്കേറ്റയാളുമായി അടൂർ ജനറല്‍ ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇടിച്ച് കാല്‍നട യാത്രികൻ മരിച്ചു.
കോട്ടയം വെള്ളാവൂർ മണിമല മടുക്കയില്‍ വേലൻ മുറിയില്‍ രതീഷ് ആർ. നായർ (40) ആണ് മരിച്ചത്. ചങ്ങനാശ്ശേരി ഇൻഡസ് മോട്ടോഴ്സിലെ സൂപ്പർ വൈസറായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദിക്കാട്ടുകുളങ്ങര ഭാഗത്ത് നടന്ന അപകടത്തില്‍ പരിക്കേറ്റയാളുമായി വന്നതായിരുന്നു ആംബുലൻസ്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിങ്കളാഴ്ച രാത്രി 8.40ന് അടൂർ ഹൈസ്കൂള്‍ ജങ്ഷനു സമീപം വൈറ്റ് പോർട്ടിക്കോഹോട്ടലിന് മുൻവശത്താണ് രതീഷ് ആർ. നായരെ ആംബുലൻസ് ഇടിച്ചത്. അപകടത്തിനു ശേഷം ആംബുലൻസ് നിർത്താതെ ആശുപത്രിയിലേക്ക് പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
പരിക്കേറ്റു കിടന്ന രതീഷിനെ നാട്ടുകാർ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അപകടമുണ്ടാക്കിയ ആംബുലൻസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സൗമ്യയാണ് രതീഷിന്റെ ഭാര്യ. മക്കള്‍: മീനാക്ഷി, മാധവ്, കണ്‍മണി